കോടതിയിൽ ചിരിമഴ പെയ്യിച്ച് ജലധാര പമ്പുസെറ്റ്

1 min read

കയ്യടി നേടി ജലധാര പമ്പുസെറ്റ്, മികച്ച ഫാമിലി എന്റർടെയ്‌നർ

കോടതിയും കേസും മലയാളസിനിമയ്ക്ക് പുത്തരിയൊന്നുമല്ല. എത്രയെത്ര ചിത്രങ്ങൾ നമ്മുടെ കൺമുന്നിലൂടെ കടന്നുപോയി. എത്രയെത്ര വക്കീലൻമാർ. എന്തെല്ലാം വാദപ്രതിവാദങ്ങൾ. ഇതെല്ലാം കേട്ട് വക്കീലൻമാരെ ആരാധിച്ചിട്ടില്ലേ നമ്മൾ? അവർക്ക് കയ്യടിച്ചിട്ടില്ലേ നാം? കോടതിമുറികളിലെ പിരിമുറുക്കങ്ങൾ നമ്മുടെ മനസ്സിനെയും വേദനിപ്പിച്ചിട്ടില്ലേ?

എന്നാൽ കോടതി വ്യവഹാരങ്ങളും നൂലാമാലകളും ആക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയാണ് ”ജലധാര പമ്പ്‌സെറ്റ് സിൻസ് 1962” എന്ന ചിത്രത്തിൽ. മാതൃകാ അധ്യാപകരായി വിരമിച്ചവരാണ് ചന്ദ്രൻമാഷും മൃണാളിനി ടീച്ചറും. അവരുടെ പമ്പ്‌സെറ്റ് മോഷണം പോകുന്നതും അത് ടീച്ചറുടെ ജീവിതത്തിലെ ഒഴിയാബാധയാകുന്നതുമാണ് ചിത്രത്തിലെ പ്രമേയം. പമ്പ്‌സെറ്റ് മോഷണം പോയതിന് കേസു കൊടുത്ത ടീച്ചർക്ക് കോടതി കയറിയിറങ്ങേണ്ടി വന്നത് 7 വർഷമാണ്. കേസു കൊടുത്ത് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ചന്ദ്രൻമാഷ് മരിക്കുകയും കേസ് നടത്തിപ്പ് ടീച്ചറുടെ ചുമലിലാവുകയും ചെയ്തു. സ്വന്തം കാറിൽ ഡ്രൈവറെ വെച്ചാണ് അവർ കോടതിയിൽ പോകുന്നത്. വിശന്ന് പൊരിഞ്ഞ് കോടതി വരാന്തയിൽ ഇരിക്കുന്നവർക്കായി പൊതിച്ചോറും കുമ്പിളപ്പവും കൂടെ കരുതിയിരിക്കും ടീച്ചർ. അത്രമാ്രതം സ്‌നേഹസമ്പന്നയാണവർ. മകൾ ചിപ്പിക്ക് കേസ് നടത്തുന്നതിനോട് താത്പര്യമില്ല.  മാഷ് തുടങ്ങിവെച്ച കേസിൽ കള്ളൻ മോട്ടോർമണി കുറ്റം സമ്മതിക്കണമെന്ന് ടീച്ചർ ആഗ്രഹിക്കുന്നു. എന്നാൽ കള്ളൻ എന്ന വിളിപ്പേര് മാറ്റണം എന്നാണ് മണിയുടെ ആഗ്രഹം.  കാരണം അച്ഛന്റെ ചീത്തപ്പേരുമൂലം സ്വന്തം മകൾ പോലും വഴിമാറി നടക്കുന്നു.

ചിരിയും ചിന്തയും കഥപറച്ചിലുമായി നല്ലൊരു ഫാമിലി എന്റർടെയ്‌നർ ആണ് ജലധാര പമ്പുസെറ്റ്. കോടതിയിലെ നിശ്ശബ്ദതക്കും പിരിമുറുക്കത്തിനും പകരം രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. അസാമാന്യ പ്രകടനമാണ് ഉർവശി കാഴ്ചവെച്ചിരിക്കുന്നത്.  ചിത്രത്തിന്റെ ഹൈലൈറ്റും ഉർവശിതന്നെ. ഇന്ദ്രൻസിന്റെ പ്രതിഭ പൂർണമായും പ്രയോജനപ്പെടുത്താൻ സംവിധായകനു കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ വാദപ്രതിവാദങ്ങളുമായി അരങ്ങുതകർക്കുന്ന വക്കീലൻമാരായി ടി.ജി.രവിയും ജോണിആന്റണിയും. വിജയരാഘവൻ, സനുഷ, അൽത്താഫ്, ശിവാജി ഗുരുവായൂർ, നിഷാസാരംഗ് തുടങ്ങി മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്.

പാലക്കാടൻ ഗ്രാമത്തിന്റെ മനോഹാരിത ഒപ്പിയെടുക്കാൻ ഛായാഗ്രാഹകൻ സജിത്ത് പുരുഷനു കഴിഞ്ഞിട്ടുണ്ട്. നവാഗതനായ ആഷിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ സംവിധായകൻ. ബി.കെ.ഹരിനാരായണനും മനുമഞ്ജിത്തും ചേർന്നെഴുതിയ വരികൾക്ക് കൈലാസ് സംഗീതം നൽകിയിരിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.