നാല് വിവാഹം കഴിച്ച് വിനോദ് കോവൂർ
1 min readനാല് വിവാഹം ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി വിനോദ് കോവൂർ
നാടകത്തിലൂടെയാണ് വിനോദ് കോവൂർ അഭിനയരംഗത്തെത്തുന്നത്.. മലബാർ ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന വിനോദ് പ്രേക്ഷകർക്ക് പ്രിയങ്കരനുമാണ്. എം80 മൂസയിലെ മൂസക്കായിയും മറിമായത്തിലെ മൊയ്തുവും അദ്ദേഹത്തെ ജനകീയനാക്കി മാറ്റി. 30 വർഷമായി അഭിനയരംഗത്ത് തുടരുന്ന വിനോദ് മിനിസ്‌ക്രീനിൽ മാത്രമല്ല സിനിമയിലും സജീവമാണ്. ഇതിനകം 15ലധികം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു അദ്ദേഹം.
നാല് തവണ വിവാഹം ചെയ്ത് റെക്കോർഡിട്ട ആളാണ് വിനോദ് കോവൂർ. പക്ഷേ അത് സ്വന്തം ഭാര്യയെത്തന്നെ ആയിരുന്നുവെന്നു മാത്രം. സ്വന്തം ഭാര്യയെ നാല് തവണ കെട്ടിയ കലാകാരൻ ആര് എന്നൊക്കെ പി.എസ്.സി പരീക്ഷയ്ക്ക് ചോദ്യം വന്നേക്കുമെന്ന് ജഗദീഷ് ഇതിനെ കളിയാക്കുകയും ചെയ്തിട്ടുണ്ട്. അഭിമുഖങ്ങളിൽ വിനോദ് തന്നെയാണ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയിട്ടുള്ളത്.
ആദ്യത്തെ കല്യാണം താൻ ആഗ്രഹിച്ചതുപോലെയല്ല നടന്നതെന്ന് പറയുന്നു വിനോദ്. കാർന്നോന്മാർ തീരുമാനിച്ച് നടത്തിയതാണ്. ഗുരുവായൂർ അമ്പലത്തിൽവെച്ച് നടത്തണമെന്നായിരുന്നു വിനോദിന്റെ ആഗ്രഹം. പക്ഷേ അത് സാധിച്ചില്ല. പിന്നീട് ഒരു സ്വാമിജിയാണ് പറയുന്നത് ”അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ ഗുരുവായൂർ പോയി വിവാഹം കഴിച്ചോളൂ” എന്ന്. അതിന് സാധിക്കുമോ എന്ന് വിനോദിന് സംശയം. 1000 രൂപ കെട്ടിയാൽ ആർക്കും വിവാഹം കഴിക്കാം. രണ്ടു സാക്ഷികളും വേണമെന്ന് സ്വാമിജി പറഞ്ഞു. അങ്ങനെയാണ് അടുത്ത് വെഡ്ഡിങ് ആനിവേഴ്‌സറിക്ക് ഗുരുവായൂരിൽ പോയി വിവാഹം കഴിക്കുന്നത്.
പിന്നീട് രാമേശ്വരം ക്ഷേത്രത്തിൽ പോയപ്പോൾ അവിടെ വച്ചും വിവാഹം കഴിച്ചു. നാലാമത്തെ വിവാഹം മൂകാംബികയിൽ വെച്ചായിരുന്നു. ഇത്തരത്തിൽ എന്തെങ്കിലും സാഹചര്യങ്ങൾ ഒത്തുവന്നാൽ അഞ്ചാമതും വിവാഹത്തിന് തയ്യാറാണ് വിനോദ്.