ഞാന്‍ കൊണ്ടു വന്നില്ലെങ്കിലും വിനീത് ശ്രീനിവാസന്‍ നടനാകും
1 min readജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് ശ്രീനിവാസന്‍ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് വിനീതിന്റെ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു ജോണി ആന്റണി. വിനീതിനെ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ശ്രീനിവാസന് ഉത്കണ്ഠ ഉണ്ടായിരുന്നെന്നും അഭിനയിച്ച സീന്‍ കാണിച്ചു കൊടുത്തപ്പോഴാണ് അദ്ദേഹത്തിന് സമാധാനമായതെന്നും വെളിപ്പെടുത്തുന്നു ജോണി ആന്റണി.
”വിനീതിനെ പടത്തിലേക്ക് എടുക്കുമ്പോള്‍ ആദ്യം ഞാന്‍ ശ്രീനിയേട്ടനോട് സംസാരിച്ചു. എന്നെ നേരിട്ട് കാണണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ഉത്കണ്ഠയുണ്ടായിരുന്നു. നടനും സംവിധായകനുമായ ശ്രീനിവാസനായിട്ടല്ല, വിനിതിന്റെ അച്ഛനായിട്ടാണ് ഞാന്‍ വിളിച്ചിരിക്കുന്നത്. ജോണി ഇതിനുമുമ്പ് മമ്മൂക്കയെയൊക്കെ വെച്ചിട്ടല്ലേ ചെയ്തിരുന്നത്, പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്തിട്ടില്ലല്ലോ എന്ന് ശ്രീനിയേട്ടന്‍ എന്നോട് ചോദിച്ചു. അവരങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ അതും നടക്കുമായിരുന്നില്ലല്ലോ എന്ന് ഞാനും പറഞ്ഞു. അത് അദ്ദേഹത്തിന് മനസ്സിലായെന്നു തോന്നുന്നു. പിന്നീട് ശ്രീനിയേട്ടന്‍ കണ്ണൂര് വന്നപ്പോള്‍, ഞാന്‍ എടുത്ത സീനൊക്കെ കട്ട് ചെയ്തു കാണിച്ചു കൊടുത്തു. വിനീതിനെക്കൊണ്ട് നിങ്ങള്‍ നന്നായി ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് പുള്ളി പറഞ്ഞു. അത് പിന്നീടുള്ള വര്‍ക്കുകള്‍ക്ക് ഉപകാരമായി. സിനിമ മോശമായില്ല. എല്ലാവരും നല്ലത് പറഞ്ഞ ഒരു സിനിമയാണത്. ഞാന്‍ കൊണ്ടു വന്നില്ലെങ്കിലും വിനീത് നടനാകും. എനിക്കായിരുന്നു അത് വിധിച്ചതെന്നു മാത്രം” ജോണി ആന്റണി പറയുന്നു.