സംഗീത ലോകത്തിന്റെ പ്രിയ ഗായിക വാണി ജയറാം

1 min read

ഓലഞ്ഞാലിക്കുരുവീ…ലോകത്തോട് വിട പറഞ്ഞിട്ട് ഒരാണ്ട്

1983 എന്ന സിനിമയിലെ ഓലഞ്ഞാലിക്കുരുവി ഈ ഗാനം ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഈ ഗാനം കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍മയിലെത്തുന്ന പേരാണ് ഗായിക വാണി ജയറാമിന്റേത്.

യുവത്വത്തിന്റെ ശോഭയുള്ള ആ സ്വരം സംഗീതാസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. സംഗീതലോകത്തിന്റെ പ്രിയ ഗായിക വാണി ജയറാം വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു.  
1945 നവംബര്‍ 30ന് തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വാണി ജയറാം ജനിക്കുന്നു. സംഗീതജ്ഞയായ അമ്മയില്‍ നിന്നു സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ വാണി ജയറാം പഠിച്ചു. അഞ്ചാം വയസ്സില്‍ ഗുരുവായ അയ്യങ്കാര്‍ പറഞ്ഞു കൊടുത്ത ദീക്ഷിതര്‍ കൃതികള്‍ പെട്ടെന്നു പഠിച്ചെടുത്തു കൊണ്ട് അദ്ഭുതപ്പെടുത്തിയ ഗായിക, എട്ടാം വയസ്സില്‍ ആകാശവാണി മദ്രാസ് സ്റ്റേഷനില്‍ പാടിത്തുടങ്ങി.

വിവാഹ ശേഷം മുംബൈയില്‍ താമസമാക്കിയതോടെയാണു സിനിമാ സംഗീതത്തിന്റെ വഴിയിലേക്കു വാണി ജയറാം കടന്നുവരുന്നത്.
5 പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ‘ഗുഡി’ എന്ന ചിത്രത്തിലൂടെ പ്രശസ്ത സംഗീതസംവിധായകന്‍ വസന്ത് ദേശായിയാണ് ഗായികയെ കലാരംഗത്തിനു പരിചയപ്പെടുത്തിയത്. ആ യുവ സ്വരത്തെ പിന്നീട് നൗഷാദ്, മദന്‍ മോഹന്‍, ആര്‍.ഡി.ബര്‍മന്‍, ഒ.പി.നയ്യാര്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, കല്യാണ്‍ജി, ജയദേവ് തുടങ്ങിയ മുന്‍നിര സംഗീതസംവിധായകരൊക്കെ പാടിച്ചു.
എന്നാല്‍ ചെന്നൈയിലേക്കു താമസം മാറ്റിയതോടെ വാണി ബോളിവുഡില്‍ നിന്ന് അകന്നു. അതു മലയാളത്തിനും തമിഴിനും തെലുങ്കിനും ഭാഗ്യമായി.
അധികം വൈകാതെ സലീല്‍ ചൗധരി വാണി ജയറാമിനെ മലയാളികള്‍ക്കു മുന്നില്‍ എത്തിച്ചു. ഭൂമിയെക്കുറിച്ചു മനോഹരമായ സ്വപ്നം വരച്ചിട്ട് ഒഎന്‍വി കുറിച്ച ‘സൗരയുഥത്തില്‍ വിരിഞ്ഞോരു’ എന്നു തുടങ്ങുന്ന പാട്ടിലൂടെ വാണി ജയറാം മലയാളികളുടെ പ്രിയപ്പെട്ട ‘വാണിയമ്മ’യായി ഹൃദയത്തില്‍ ഇടം പിടിച്ചു.

പ്രവാഹത്തിലെ ‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു’, പിക്‌നിക്കിലെ ‘വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി’, തിരുവോണത്തിലെ ‘തിരുവോണപ്പുലരി തന്‍ തിരുമുല്‍കാഴ്ച കാണാന്‍’, സിന്ധുവിലെ ‘തേടി തേടി ഞാനലഞ്ഞു’… അങ്ങനെ എത്രയെത്ര പാട്ടുകള്‍ വാണിയമ്മ നമുക്കായി പാടിത്തന്നു.
ആശീര്‍വാദത്തില്‍ അര്‍ജുനന്‍ മാഷിനു വേണ്ടി ഭരണിക്കാവ് ശിവകുമാര്‍ എഴുതിയ ‘സീമന്ത രേഖയില്‍…’ എന്ന ഗാനം എക്കാലത്തെയും മികച്ച മലയാള ഗാനങ്ങളില്‍ ഒന്നാണ്. ഇനിയുമുണ്ട് വാണീ നാദം പതിഞ്ഞ പാട്ടുകള്‍: എം.എസ്. വിശ്വനാഥന്റെ ‘പത്മതീര്‍ഥക്കരയില്‍’, ‘പുലരിയോടോ സന്ധ്യയോടോ’, ആര്‍. കെ.ശേഖറിന്റെ ‘ആഷാഢ മാസം ആത്മാവില്‍ മോഹം’, എം.ജി. രാധാകൃഷ്ണന്റെ ‘ഓര്‍മകള്‍ ഓര്‍മകള്‍’…. തച്ചോളി അമ്പു എന്ന സിനിമയില്‍ രാഘവന്‍ മാഷിന്റെ ‘നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിലെ…’ ഇന്നും പാടി കേള്‍ക്കുന്ന ഗാനമാണ്.
ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ‘1983’ എന്ന സിനിയിലൂടെ ആ പെണ്‍സ്വരം മലയാളത്തില്‍ തിരിച്ചെത്തിയത്. അതോ, ഒരു വയസിനു മാത്രം മൂപ്പുള്ള, വാണിയെപ്പോലെ സ്വരത്തില്‍ ഇപ്പോഴും ചെറുപ്പം സൂക്ഷിക്കുന്ന ജയചന്ദ്രനൊപ്പം. പണ്ടു പാടിയ അതേ ശ്രുതിയില്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും പാടാന്‍ കഴിയുന്ന അപൂര്‍വ ഗായികയാണു താനെന്ന് ‘1983’ ലെ ‘ഓലഞ്ഞാലിക്കുരുവി’യിലൂടെ വാണിയമ്മ തെളിയിച്ചു.

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ ലഭിച്ചു. ഏഴുസ്വരങ്ങള്‍, ശങ്കരാഭരണം, സ്വാതികിരണം എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ഇത്തവണ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

മക്കളില്ലാത്ത ദുഃഖം മറക്കാനുള്ള ഔഷധം കൂടിയായിരുന്നു വാണി ജയറാമിന് സംഗീതം എന്നു പറയുന്നത്. അവസരം കിട്ടുമ്പോഴെല്ലാം സ്‌കൂള്‍ കുട്ടികളോടു സംവദിക്കുവാന്‍ സമയം കണ്ടെത്തിയിരുന്നു. സ്വയം മുന്‍കയ്യെടുത്തു സ്ഥാപിച്ച ‘ജയ് വാണി ട്രസ്റ്റി’ലൂടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും വാണി സജീവമായി രംഗത്തുണ്ടായിരുന്നു.
ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഗായികയായ വാണി ജയറാമായിത്തന്നെ ജീവിക്കണമെന്നതായിരുന്നു അവരുടെ ആഗ്രഹം. സംഗീതം വിട്ടൊരു ജീവിതത്തെപ്പറ്റി അവര്‍ ആലോചിച്ചിട്ടേയില്ല. ഒന്നല്ല, ഒരായിരം വര്‍ഷം പിന്നിട്ടാലും വാണി ജയറാം എന്ന ഗായികയും ആ സ്വരവും സംഗീതപ്രേമികള്‍ എന്നും ഓര്‍ക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

Related posts:

Leave a Reply

Your email address will not be published.