കേരളത്തിന് വിഷുക്കൈനീട്ടമായി വന്ദേഭാരത്

1 min read

25ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും, ആദ്യ സർവീസ് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക്

കേരളത്തിന്റെ വികസനക്കുതിപ്പിന് ചൂളം വിളിച്ചെത്തുന്നു വന്ദേഭാരത് എക്സ്പ്രസ്. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 100 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന െട്രയിൻ സൈറ്റുകൾ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചവയാണ്. കുറഞ്ഞ നിരക്കിൽ ആഡംബരപൂർണമായ യാത്രയാണ് വന്ദേഭാരത് ഉറപ്പു നൽകുന്നത്.

രണ്ടു തീവണ്ടികളാണ് ആദ്യഘട്ടമായി കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഇതിലെ ആദ്യ തീവണ്ടി ചെന്നൈയിൽ നിന്ന് പാലക്കാട്ടെത്തി. പൂക്കൾ വിതറി, മുദ്രാവാക്യങ്ങളോടെയാണ് ബിജെപി പ്രവർത്തകർ വന്ദേഭാരത് എക്സ്പ്രസിനെ എതിരേറ്റത്. കേരളത്തിന് വന്ദേഭാരത് അനുവദിച്ച പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രാലയത്തിനും അവർ നന്ദി അറിയിച്ചു. വഴിനീളെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ടോടെ വന്ദേഭാരത് തിരുവനന്തപുരത്ത് എത്തും. ട്രാക്ക് പരിശോധന ഇന്ന് തുടങ്ങുമെന്നാണ് സൂചന. നിയന്ത്രണം തിരുവനന്തപുരം ഡിവിഷനായിരിക്കും.

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് ആദ്യ വന്ദേഭാരത് ഓടിത്തുടങ്ങുക.  7 മണിക്കൂറാണ് ഓടിയെത്താനെടുക്കുന്ന സമയം. പതിമൂന്നാം നമ്പർ തീവണ്ടിക്ക് 16 കോച്ചുകളാണ് ഉണ്ടായിരിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായി കേരളത്തിൽ എട്ട് സ്റ്റോപ്പുകളാണ് പരിഗണനയിലുള്ളത്. പാലക്കാട് ജില്ലയ്ക്ക് പ്രാതിനിധ്യം നൽകി ഷൊർണൂരിൽ കൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന് ബിജെപി പാലക്കാട് നേതൃത്വം ആവശ്യപ്പെടുന്നുണ്ട്.
ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, എസി കോച്ചുകൾ, ഓട്ടോമാറ്റഡ് ഡോർ, എൽഇഡി ലൈറ്റിംഗ്, വിമാന മാതൃകയിൽ ബയോ വാക്വം ശുചിമുറികൾ, എക്സിക്യൂട്ടീവ് ക്ലാസ്സിൽ സെമി സ്ലീപ്പർ സീറ്റുകൾ, വേഗത, സുരക്ഷ ഇവയെല്ലാം വന്ദേഭാരതിന്റെ സവിശേഷതകളാണ്. തീവണ്ടി സർവീസ് നടത്തുന്ന സമയവും റൂട്ടും ടിക്കറ്റ് നിരക്കും പിന്നീട് തീരുമാനിക്കും.
എന്നാൽ വന്ദേഭാരത് സംബന്ധിച്ച വിവരങ്ങളൊന്നും സംസ്ഥാനത്തെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാൻ അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.