തിയറ്ററുകളെ ഇളക്കിമറിച്ച് വാലിബന്‍

1 min read

വാലിബനില്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ പോകുന്ന താരങ്ങള്‍

തിയറ്ററുകളെ ഇളക്കിമറിച്ച് ‘മലൈക്കോട്ടൈ വാലിബന്‍’. രാവിലെ ആറരയ്ക്കു തുടങ്ങിയ ഫാന്‍സ് ഷോ പൂര്‍ത്തിയാകുമ്പോള്‍ ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മോഹന്‍ലാല്‍ ആരാധകരെയും ലിജോ ജോസ് പെല്ലിശ്ശേരി സിനിമള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയും പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് വാലിബന്‍ ഒരുക്കിയിരിക്കുന്നത്.

മോഹന്‍ലാലിന്റെ ഗംഭീര ഫൈറ്റ് സീന്‍സും ലുക്കുമാണ് മറ്റൊരു പ്രത്യേകത. മധു നീലകണ്ഠന്റെ ഛായാഗ്രഹണം സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്നു. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെയാണ് മലൈക്കോട്ടൈ വാലിബന്‍ ഒരുക്കിയിരിക്കുന്നത്. പ്രണയവും,വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയും എത്തുന്നുണ്ട്. ഹിന്ദിയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിനു ശബ്ദം നല്‍കിയിരിക്കുന്നത് പ്രശസ്ത സംവിധായകനായ അനുരാഗ് കശ്യപാണ്.

മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബനെ വിശേഷിപ്പിച്ചത് ഇങ്ങനെ.
”ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു കാന്‍വാസില്‍ ചെയ്ത മലൈക്കോട്ടൈ വാലിബന്‍ തിയറ്ററില്‍ മുന്‍വിധികള്‍ ഇല്ലാതെ ആസ്വദിക്കാന്‍ സാധിക്കുന്ന നല്ലൊരു സിനിമയാണ്.”

സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവരെ കൂടാതെ വിദേശ താരങ്ങളും സിനിമയുടെ ഭാഗമാണ്.

ഓണ്‍ലൈന്‍ ബുക്കിങിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമയുടെ സകല ബോക്‌സ്ഓഫിസ് റെക്കോര്‍ഡുകളും ചിത്രം തിരുത്തിയേക്കും. റിലീസിന് ആറ് ദിവസം ശേഷിക്കെ പ്രി റിലീസ് ബുക്കിങ്ങ് തുടങ്ങിയ ചിത്രമാണ് വാലിബന്‍. അതിന്റെ ഗുണം ഓപ്പണിങ്ങ് കലക്ഷനില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പ്. വിദേശ മാര്‍ക്കറ്റുകളിലും വന്‍ റിലീസ് ആണ് ഒരുക്കിയിരിക്കുന്നത്.

ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.  

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്. ‘ചുരുളി’ക്കു ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ള. ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്.

Related posts:

Leave a Reply

Your email address will not be published.