പുലിക്കുവെച്ച കൂട്ടില്‍ പെട്ടത് മനുഷ്യന്‍ ; കുടുങ്ങിയത് കോഴിയെ മോഷ്ടിക്കാനുള്ള ശ്രമത്തില്‍ : വീഡിയോ
1 min readഡല്‍ഹി: വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും അവയെ മയക്കുവെടിവെച്ചും കൂടുകള്‍ വെച്ച് പിടികൂടുന്നതുമെല്ലാം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പതിവാണ്. പുള്ളിപ്പുലിയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ മനുഷ്യന്‍ കുടുങ്ങിയ വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍നിന്ന് വരുന്നത്. പുലിക്കുപകരം മനുഷ്യന്‍ കൂട്ടില്‍ കുടുങ്ങിയതും രക്ഷപ്പെടുത്താന്‍ അഭ്യര്‍ഥിക്കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ബുലന്ദ്ഷഹറിന് സമീപത്തെ ബസേന്തുവ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് സ്ഥിരമായി പുലിയിറങ്ങുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഇരുമ്പ് കൂട് സ്ഥാപിച്ചത്. പുലിയെ ആകര്‍ഷിച്ച് കൂട്ടില്‍ക്കയറ്റാനായി ഒരു പൂവന്‍കോഴിയേയും കൂടിനുള്ള കെട്ടിയിട്ടിരുന്നു. ഈ കോഴിയെ മോഷ്ടിക്കാന്‍ എത്തിയ ആളാണ് കൂട്ടില്‍ കുടുങ്ങിയത്.
കോഴിയെ പുലി പിടിക്കുന്നതോടെ പെട്ടെന്ന് വാതില്‍ അടയുന്ന തരത്തിലായിരുന്നു കൂട്ടിലെ കെണി തയ്യാറാക്കിയിരുന്നത്. പിന്നീട് എളുപ്പത്തിലൊന്നും അത് തുറക്കാനുമാകില്ല. കൂടിനുള്ളില്‍ കോഴിയെ കണ്ടതോടെ നാട്ടുകാരനായ ഒരാള്‍ അതിനെ അടിച്ചുമാറ്റാന്‍ തിരുമാനിക്കുകയായിരന്നു. കൂടിനുള്ളില്‍ കയറിയ ഇയാള്‍ കോഴിയെ അഴിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൂടിന്റെ വാതില്‍ അടയുകയും ഉള്ളില്‍ കുടുങ്ങുകയും ചെയ്തു.
ഇരുമ്പുകൂട്ടില്‍ കുടുങ്ങിയ ഇയാള്‍ നിലവിളിക്കുന്നതും രക്ഷപ്പെടുത്താന്‍ പുറത്തുനില്‍ക്കുന്നവരോട് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. ഇതു കേട്ട് കൂടിനില്‍ക്കുന്നവര്‍ ചിരിക്കുന്നുമുണ്ട്. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കൂട് തുറന്ന് ഇയാളെ മോചിപ്പിച്ചു.