ഉജ്ജയിൻ തീവണ്ടി സ്‌ഫോടനം: പ്രതികൾക്ക് വധശിക്ഷ വിധിച്ച് എൻഐഎ കോടതി: സ്‌ഫോടനം രാജ്യത്തിനെതിരെ നടത്തിയ യുദ്ധം

1 min read

ഭോപ്പാൽ : ഉജ്ജയിൻ തീവണ്ടി സ്‌ഫോടനക്കേസിലെ പ്രതികളായ ഐസിസ് ഭീകരർക്ക് വധശിക്ഷ വിധിച്ച് എൻഐഎ കോടതി. എട്ട് പ്രതികളിൽ ഏഴുപേർക്ക് വധശിക്ഷയും ഒരാൾക്ക് ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്. കുറ്റപത്രം സമർപ്പിച്ച് 5 വർഷത്തിനു ശേഷമാണ് വിധിപ്രസ്താവം.
മുഹമ്മദ് ഫൈസൽ, ഗൗസ് മുഹമ്മദ് ഖാൻ, അസ്ഹർ, ആത്തിഫ് മുസഫർ, ഡാനിഷ്, മീർ ഹുസൈൻ, സിഫ് ഇക്ബാൽ എന്നിവർക്കാണ് എൻഐഎ കോടതി വധശിക്ഷ വിധിച്ചത്. ആത്തിഫ് ഇറാഖിയെ ജീവപര്യന്തം കഠിന തടവിനും വിധിച്ചു.
സ്‌ഫോടനത്തിനു പിന്നിൽ ഇസ്ലാമിക്‌ സ്റ്റേറ്റ് ഭീകര സംഘടനയ്ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.
2017 മാർച്ച് 7നാണ് മധ്യപ്രദേശിലെ ഭോപ്പാൽ-ഉജ്ജയിൻ ലൈനിൽ ജബ്രി സ്റ്റേഷനടുത്ത് വച്ച് ട്രെയിനിൽ സ്‌ഫോടനമുണ്ടായത്. പൈപ്പ്‌ ബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ രണ്ടുകോച്ചുകൾ പൂർണമായും തകർന്നിരുന്നു. ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേസിൽ ആദ്യം കസ്റ്റഡിയിലെടുത്ത മുഹമ്മദ് ഫൈസലിന് നിരോധിത സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കേസ് എൻഐഎ ഏറ്റെടുക്കുന്നത്. കേസിലെ മുഖ്യപ്രതിയെന്നു കരുതുന്ന സൈഫുള്ള പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇയാൾ കൂടുതൽ സ്ഥലങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്കായി രാജ്യം വിടാൻ തീരുമാനിച്ചിരുന്നുവെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ വാദം കേട്ട കോടതി, കേസ് അപൂർവങ്ങളിൽ അപൂർമാണെന്ന് നിരീക്ഷിച്ചു. പ്രതികൾ രാജ്യത്തിനെതിരെ നടത്തിയ യുദ്ധമാണ് സ്‌ഫോടനമെന്നു പറഞ്ഞ കോടതി കേസ് തുടർ നടപടികൾക്കായി അലഹബാദ് ഹൈക്കോടതിയിലേക്കു മാറ്റി.

Related posts:

Leave a Reply

Your email address will not be published.