കേരള സ്റ്റോറിക്കെതിരെ യു.ഡി.എഫും എല്‍.ഡി.എഫുംആവിഷ്‌കാര സ്വാതന്ത്ര്യം ഫ്രീസറില്‍
1 min read
ഐ.എസില്‍ ചേരാന്‍ കേരളത്തില്‍ നിന്നാരും പോയില്ലെന്നാണോ സതീശന്‍ പറയുന്നത്? ആവിഷ്‌കാര സ്വാതന്ത്ര്യം ഉപേക്ഷിച്ചോ? ലക്ഷ്യം വോട്ട്
കേരളത്തിലെ ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ ഇസ്ലാമിലേക്ക് മതം മാറ്റി ഐ.എസിലെത്തിച്ച സംഭവത്തെ ആസ്പദമാക്കി സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്‌റ്റോറി എന്ന സിനിമയ്‌ക്കെതിരെ കോണ്‍ഗ്രസും ഇടതും ഒരുമിച്ചിറങ്ങി. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി നിമിഷ ഫാത്തിമ എന്ന നിമിഷ ഉള്‍പ്പെടെ നിരവധി പെണ്‍കുട്ടികളാണ് പ്രണയത്തിന്റെ മറവില്‍ മതം മാറ്റപ്പെടുകയും ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്തത്. നിമിഷയെ കൂടാതെ മെറിന്‍, അഖില, ആതിര, അനഘ തുടങ്ങി നിരവധി കുട്ടികള്‍ ഇങ്ങനെ മതംമാറ്റപ്പെട്ടിരുന്നു. ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികളെ പ്രേമം നടിച്ച് വിവാഹിതരാക്കി മതം മാറ്റുന്ന ലൗജിഹാദിനെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്.
ഈ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നത്. കേരളത്തിലെ ഐ.എസ് സ്വാധീനത്തെക്കുറിച്ചും മതംമാറ്റത്തെ കുറിച്ചും സൂചിപ്പിച്ചതിനാണ് സിനിമയ്‌ക്കെതിരെ ഇടതും വലതും ഒരുമിച്ച് നീങ്ങുന്നത്.
എന്നാല്‍ കുറച്ചുനാള്‍ മുമ്പ് ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പ്രദര്‍ശിപ്പിച്ചവരാണ് ഇപ്പോള്‍ സിനിമയ്ക്ക് പ്രദര്‍ശാനാനുമതി നിഷേധിക്കണമെന്നാവശ്യപ്പെടുന്നത്.
മുസ്ലിം വോട്ട് കിട്ടാനുള്ള നീക്കത്തിന്റെ ഭാഗമായി ഇടതുപക്ഷവും യു.ഡി.എഫിന്റെ കൂടെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെടുന്നുണ്ട്.
മെയ് 5നാണ് ഫിലിം പ്രദര്‍ശനമാരംഭിക്കുന്നത്. ഏപ്രില്‍ 26നാണ് ഇതിന്റെ ട്രെയിലര്‍ ഇറങ്ങിയത്.
നേരത്തെ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദന്‍ കേരളത്തെ മുസ്ലിം രാജ്യമാക്കാനുള്ള നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. അന്ന് ഒരു സി.പി.എം നേതാവും അച്യുതാനന്ദനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നില്ല.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2010 ഒക്ടോബര്‍ 24ന് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് വി.എസ് ഇതു പറഞ്ഞത്. 20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്ലിം രാജ്യമാവും. മുസ്ലിം ഭൂരിപക്ഷമാവും. ചെറുപ്പക്കാരായ ആളുകളെയെല്ലാം സ്വാധീനിച്ച് പണം കൊടുത്തിട്ട് അവരെ മുസ്ലിമാക്കും, മുസ്ലിം യുവതികളെ കല്യാണം കഴിക്കുക, മുസ്ലിം ജനിക്കുക, ആ തരത്തിലിങ്ങനെ മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക. ഇതാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയന്നൊണ് അന്ന് വി.എസ് ആരോപിച്ചിരുന്നത്.
2018-19 കാലഘട്ടത്തിലാണ് സിനിമയക്കാധാരമായ സംഭവങ്ങള്‍ നടക്കുന്നത്. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ”ദ കേരള സ്‌റ്റോറി” ഒരു ബഹുഭാഷാചിത്രമാണ്. കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തില്‍ മുപ്പത്തിരണ്ടായിരം സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഒരു കോളേജ് കാമ്പസിലെ മൂന്ന് പെണ്‍കുട്ടികളെ സുഹൃത്ത് മതം മാറാന്‍ പ്രേരിപ്പിക്കുന്നതും ഒടുവില്‍ ഐഎസില്‍ ചേര്‍ക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ആദാ ശര്‍മ്മയാണ് നായിക. ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ സത്യങ്ങള്‍ വളച്ചൊടിക്കുന്നു. വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു. മതമൈത്രി തകര്‍ക്കുന്നു തുടങ്ങി ഒട്ടനവധി ആരോപണങ്ങളാണ് ചിത്രത്തിനെതിരെ ഉയരുന്നത്. സിപിഎമ്മും മുസ്ലിം ലീഗും കോണ്‍ഗ്രസുമെല്ലാം ഇക്കാര്യത്തില്‍ ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. സിനിമയിലെ പ്രമേയം പച്ചക്കള്ളമാണ്, ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയാണ്, സംഘപരിവാര്‍ അജണ്ടയാണിതിനു പിന്നില്‍, ഇത് ഞങ്ങളുടെ കേരളമല്ല നിങ്ങളുടെ കേരളമാണ് ഇങ്ങനെയൊക്കെ പോകുന്നു വിവാദങ്ങള്‍.
”ദ കേരള സ്‌റ്റോറി” ഞങ്ങളുടെ കേരളത്തിന്റെ സ്‌റ്റോറിയല്ല, ഈ കേരളം നിങ്ങളുടെ സംഘപരിവാര്‍ ഭാവനയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കേരളമാണ് എന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.
എന്നാല്‍ തെളിവില്ലാതെ ഒന്നും പറയാറില്ലെന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ അമൃതലാല്‍ ഷായുടെ വാദം. ടീസര്‍ വിവാദമായപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിര്‍മാതാവിന്റെ പ്രതികരണം.
ഞങ്ങള്‍ ആരോപണങ്ങളെ സമയമാവുമ്പോള്‍ അഭിസംബോധന ചെയ്യും. തെളിവില്ലാതെ ഒന്നും പറയാറില്ല. ഞങ്ങള്‍ കണക്കുകള്‍ നിരത്തുമ്പോള്‍ ആളുകള്‍ക്ക് സത്യം മനസ്സിലാകും. സംവിധായകന്‍ സുധീപ്‌തോ സെന്‍ നാല് വര്‍ഷമാണ് സിനിമയ്ക്ക് വേണ്ടി ഗവേഷണം ചെയ്തത്. ഒരു വലിയ ദുരന്തത്തെക്കുറിച്ചാണ് സിനിമ ചെയ്യുന്നത് വിപുല്‍ അമൃതലാല്‍ ഷാ പറഞ്ഞു. രേഖകളുടെ പിന്‍ബലമുള്ള ഒരു യഥാര്‍ഥ കഥയാണ് ‘കേരള സ്റ്റോറി’ എന്നാണ് സംവിധായകന്റെ ന്യായം. മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നത്. ഒരാള്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു, മറ്റൊരാള്‍ ഒളിവിലാണ് സംവിധായകന്‍ പറഞ്ഞു.
കേരളത്തിലെ സ്ത്രീകളെ മതംമാറ്റി ഇസ്ലാമിക് സ്‌റ്റേറ്റില്‍ അംഗങ്ങളാക്കിയെന്നത് പച്ചക്കള്ളമാണെന്ന് എല്‍.ഡി.എഫും യു.ഡി.എഫും പറയുന്നത്.
കേരള സ്റ്റോറി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല. സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകന്‍ സുദിപ്‌തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. രാജ്യാന്തരതലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്നും സതീശന്‍ ആരോപിക്കുന്നു.
മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യം. മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേര് വെട്ടണം. വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ടെന്നും സതീശന്‍ പറയുന്നു.
കേരളത്തില്‍ നിന്നും ഇസ്ലാമിലേക്ക് മതം മാറിയ ശേഷം ഇറാഖിലും സിറിയയിലും എത്തി ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ പെണ്‍കുട്ടികളുടെ കഥയാണ് കേരള സ്റ്റോറി പറയുന്നത് എന്ന് ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും വ്യക്തമായിരുന്നു. കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കി മാറ്റുന്നതിന് വേണ്ടി മതമൗലികവാദികള്‍ മുപ്പത്തിരണ്ടായിരം ഹിന്ദു ക്രിസ്ത്യന്‍ യുവതീ യുവാക്കളെ ഇസ്ലാമിലേക്ക് മതം മാറ്റിയതായി സംവിധായകന്‍ സുദീപ്‌തോ സെന്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണിയുടെയും വി എസ് അച്ചുതാനന്ദന്റെയും പ്രസ്താവനകളും സംവിധായകന്‍ അഭിമുഖങ്ങളില്‍ ഉദ്ധരിച്ചിരുന്നു.
നിര്‍മ്മാതാവ് വിപുല്‍ അമൃതലാല്‍ ഷായുടെ വാക്കുകളിലേക്ക്….
ഇത് മുസ്ലിമായി മതംമാറ്റപ്പെട്ട് സിറിയയിലെത്തിയ ഒരു യുവതിയുടെ യഥാര്‍ഥ കഥയാണ്. പിന്നീട് താന്‍ ശരിയായ പാതയിലല്ലെന്ന് മനസ്സിലാക്കി അവള്‍ രക്ഷപ്പെടുന്നു. ഒടുവിലവള്‍ എത്തിയത് അഫ്ഗാനിസ്ഥാനിലെ ജയിലിലാണ്. ഇപ്പോഴും അനേകം പെണ്‍കുട്ടികള്‍ അഫ്ഘാന്‍ ജയിലിലുണ്ട്. ചുരുങ്ങിയത് നാലുപേരുടെയെങ്കിലും വിവരമുണ്ട്. ഈ വിവരം അറിഞ്ഞതോടെ ഞങ്ങള്‍ കൂടുതല്‍ വിവര ശേഖരണം നടത്തി. കൂടുതല്‍ പേര്‍ ഇങ്ങനെയുണ്ടെന്ന് മനസ്സിലായി. അങ്ങനെയുള്ള മൂന്ന് പെണ്‍കുട്ടികളുടെ കഥയാണിത്. അവര്‍ ആസൂത്രിതമായ മതം മാറ്റത്തിന് ഇരയായെന്നു മാത്രമല്ല അവര്‍ നശിപ്പിക്കപ്പെട്ടു. ഇതാണ് ഈ സിനിമയെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. നൂറിലേരെ ഇത്തരത്തിലുള്ള കുട്ടികളെ ഞങ്ങള്‍ കണ്ടുമുട്ടിയിട്ടുണ്ട്. ഇത് സത്യസന്ധമായി നാട്ടുകാരോട് പറയണമെന്ന് ഞങ്ങള്‍ക്ക് തോന്നി. ഒന്നോ രണ്ടോ പേരല്ല നിരവധി പെണ്‍കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ വിശദീകരിക്കുന്ന വീഡിയോകള്‍ ഞങ്ങളുടെ പക്കലുണ്ട്. അവര്‍ മൊഴിഞ്ഞതാണ് ഞങ്ങള്‍ സ്‌ക്രിപ്റ്റിന്റെ ഭാഗമാക്കിയത്. ഇത് മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുമെന്ന വാദത്തില്‍ കഴമ്പില്ല. ഇത് നടത്തിയവരല്ലെ മതസൗഹാര്‍ദ്ദത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരുന്നത്. അതൊരു വണ്‍വേ ട്രാഫിക്കവരുതല്ലോ. അവരിതേ വഴി പോവുമ്പോള്‍ നമ്മളവരെ തുറന്നുകാണിക്കേണ്ടേ. ഹിന്ദുക്കളിലെ അനാചാരമായ സതിക്കെതിരെ ഹിന്ദുക്കള്‍ തന്നെയാണ് രംഗത്തുവന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുസ്ലിം സമൂഹത്തില്‍ നിന്നാണ് ആളുകളുയര്‍ന്നുവരേണ്ടതെന്നും നിര്‍മ്മാതാവ് പറഞ്ഞു.