പിണറായിക്കിട്ട് പണിത് കേന്ദ്രം, യുഎഇ യാത്രയ്ക്ക് അനുമതിയില്ല
1 min readസ്വപ്‌നം തകര്‍ന്ന് പിണറായി, യാത്ര മകനു വേണ്ടിയോ?
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി കിട്ടാനുള്ള നീക്കം പരാജയപ്പെട്ടതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ല എന്ന് വ്യക്തമാക്കിയാണ് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് യുഎഇ നേരിട്ട് ക്ഷണം നല്‍കിയതും കേന്ദ്രത്തെ ചൊടിപ്പിച്ചു.
ഭാര്യയെയും മക്കളെയും കൊച്ചുമക്കളെയും കൂട്ടി ഒരു യുഎഇ യാത്ര സംഘടിപ്പിക്കാന്‍ പെട്ടിയും ഒരുക്കി കാത്തിരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചുമകന് ഇപ്പോള്‍ വെക്കേഷനുമാണല്ലോ. പക്ഷേ, ആ സ്വപ്‌നത്തിന്റെ കടയ്ക്കല്‍ തന്നെ കത്തി വെച്ചിരിക്കുകയാണ് കേന്ദ്രം. ഈ മാസം 8 മുതല്‍ 10 വരെയാണ് അബുദാബി സംഗമം നടക്കുന്നത്.
യുഎഇ വാണിജ്യ സഹമന്ത്രിയാണ് നിക്ഷേപസംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള കത്ത് നല്‍കിയത്. മുന്‍പ് തിരുവനന്തപുരത്തെ ഒരു ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഈ മന്ത്രിയും മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്തിരുന്നു. അങ്ങനെയാണ് യുഎഇ പരിപാടിയിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം വരുന്നത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി.രാജീവ്, ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട എട്ടംഗ സംഘമാണ് യാത്രയ്ക്ക് തയ്യാറെടുത്തിരുന്നത്. മുഖ്യമന്ത്രി വരുന്നത് പ്രമാണിച്ച് യുഎഇയില്‍ ഉടനീളം വിപുലമായ സ്വീകരണം നല്‍കാന്‍ അവിടുത്തെ സഖാക്കള്‍ ഒരുക്കം കൂട്ടിയിരുന്നു.
അനുമതി തേടിയുള്ള ഫയല്‍ വിദേശകാര്യമന്ത്രി നേരിട്ട് പരിശോധിച്ചു. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ല എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഉദ്യോഗസ്ഥര്‍ക്ക് വേണമെങ്കില്‍ പങ്കെടുക്കാം. മന്ത്രിമാര്‍ പങ്കെടുക്കേണ്ട ആവശ്യമില്ല. ഔദ്യോഗികമായി യുഎഇ സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രിമാരെ മറ്റൊരു രാജ്യം നേരിട്ട് ക്ഷണിക്കുന്ന രീതി നിലവിലില്ല. അതിനു വിപരീതമായി കേരളത്തെ നേരിട്ട് ക്ഷണിച്ചിരിക്കുകയാണ് യുഎഇ. ഇന്ത്യയെ ക്ഷണിക്കാതെ ഓരോ സംസ്ഥാനത്തെയും പ്രത്യേകം പ്രത്യേകം ക്ഷണിക്കുന്നതിനു പിന്നിലെ അനൗചിത്യം തന്നെയാണ് അനുമതി നിഷേധിക്കുന്നതിന് കാരണമായത്. യുഎഇയിലേക്ക് നിക്ഷേപം ക്ഷണിക്കാന്‍ വേണ്ടി നടത്തുന്ന സംഗമത്തില്‍ കേരള മുഖ്യമന്ത്രി പങ്കെടുക്കേണ്ടതിന്റെ പ്രസക്തിയെന്ത് എന്ന ചോദ്യവും അവശേഷിക്കുന്നു.
കേരള മുഖ്യമന്ത്രിയെ മാത്രം യുഎഇ ക്ഷണിക്കുന്നതിനു പിന്നിലെ ചേതോവികാരമെന്താണെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. മറ്റെന്തെങ്കിലും അജണ്ട ഈ യാത്രയ്ക്കു പിന്നിലുണ്ടോ എന്ന് സംശയിക്കുന്നവരും കുറവല്ല. മുഖ്യമന്ത്രിയുടെ മകന്‍ യുഎഇയിലുണ്ട്. മുന്‍പ് ഔദ്യോഗിക സന്ദര്‍ശനങ്ങളിലെല്ലാം അദ്ദേഹം മകനെയും കണ്ടിരുന്നു. എഐ ക്യാമറ വിവാദം മകനിലേക്കും അവന്റെ ബന്ധുക്കളിലേക്കും നിളുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയും സംശയ നിഴലിലാണ്.