ലാലേട്ടന്‍ പരസ്യത്തിനായ് രണ്ട് മില്യണ്‍ കാത്തിരിപ്പ്!
1 min readസിനിമയെ വെല്ലുന്ന മാജിക് പരസ്യവുമായി വീണ്ടും മോഹന്‍ലാല്‍ ശ്രീകുമാര്‍
സിനിമയെ വെല്ലുന്ന പരസ്യങ്ങള്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ വി.എ ശ്രീകുമാര്‍ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു. ആകാംക്ഷയ്ക്ക് ആരംഭം കുറിച്ചത്, കഴിഞ്ഞ ദിവസങ്ങളിലായി വി.എ ശ്രീകുമാറിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തു വിട്ട ഒരു ചിത്രത്തിലൂടെ. ആദ്യം കരുതിയത്, ഒടിയന്‍ എന്ന സിനിമയ്ക്കു ശേഷം വി.എ ശ്രീകുമാറും മോഹന്‍ലാലും ഒന്നിക്കുന്ന മറ്റൊരു സിനിമ എന്നാണ്. എന്നാല്‍ അതൊരു പരസ്യചിത്രമാണെന്നു പിന്നീട് വ്യക്തമായി. പരസ്യത്തിന്റെ ടീസര്‍ തൊട്ടുപിന്നാലെ പുറത്തുവിട്ടതോടെ ആകാംക്ഷയുടെ രണ്ട് മില്യണ്‍ കാഴ്ചയാണ് ഉയര്‍ന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റയിലുമായി രണ്ടു ദിവസം കൊണ്ട് രണ്ടു മില്യണിലേക്കാണ് ടീസറിന്റെ കാഴ്ച കുതിച്ചു കയറിയത്.
ലോകപ്രശസ്തമായ ‘നാര്‍ക്കോസ്’ സീരിസിലെ ലുക്കിനു തുല്യമായ ഭാവവേഷപ്പകര്‍ച്ചയിലാണ് മോഹന്‍ലാല്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാലിനെയും ഒപ്പമുള്ള സംഘത്തെയും ഒരു കമാന്‍ഡോ ടീം തടയുന്നതും ലേഡി ചീഫിനു മുന്നിലേയ്ക്ക് ഇരു കൈകളും ഉയര്‍ത്തി മോഹന്‍ലാല്‍ നടന്നടുക്കുന്നതുമാണ് ടീസറിലുള്ളത്. പിടിക്കപ്പെട്ടു കഴിഞ്ഞു എന്ന് ലേഡി ചീഫ് പറയുന്നു. ഈ പരസ്യചിത്രം ഏതു ബ്രാന്‍ഡിനു വേണ്ടിയുള്ളതാണെന്ന് ഇനിയും വെളിപ്പെടുത്താതെ ആകാംക്ഷ നിലനിര്‍ത്തുകയാണ് ശ്രീകുമാര്‍. തൊട്ടുപിന്നാലെ മോഹന്‍ലാല്‍ ഫാന്‍സിന്റെ ആവേശം കൂടുതല്‍ ഉയര്‍ത്താന്‍ ഷൂട്ടിംഗിനിടയിലെ ലാലേട്ടന്റെ മനോഹരമായ ഒരു ചിരിയും ശ്രീകുമാര്‍ പുറത്തുവിട്ടു. കുറേ നാളുകളായി മോഹന്‍ലാല്‍ ആരാധകര്‍ കാണാന്‍ കാത്തിരുന്ന ചിരി. സംവിധായകന്‍ വി.എ ശ്രീകുമാറും ലാലേട്ടനും ഒന്നിച്ചുള്ള എന്തോ നേരമ്പോക്കാണ് ക്യാമറയില്‍ പതിഞ്ഞത്. നിരവധി പരസ്യങ്ങള്‍ ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്. സിനിമയെ വെല്ലുന്ന പരസ്യങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചിട്ടുള്ള സംവിധായകന്‍ കൂടിയാണ് വി.എ ശ്രീകുമാര്‍.
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിച്ച, ‘നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം’ എന്ന പരസ്യവാചകവും ആഘോഷവും വി.എ ശ്രീകുമാറിന്റെ സൃഷ്ടിയായിരുന്നു. ആരാധകര്‍ക്ക് മറക്കാനാവാത്ത ആ ആഘോഷം നടന്നത് കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു.
ടെലിവിഷന്‍ പരസ്യങ്ങളില്‍ ഒരു കാലത്തെ ഹിറ്റും, എല്ലാവരും ഓര്‍ത്തിരിക്കുന്നതുമായ ‘വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ’ എന്ന മണപ്പുറം ഗോള്‍ഡ് ലോണിന്റെ പരസ്യം വി.എ ശ്രീകുമാര്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്നതാണ്. ‘മൈജി’യെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ക്യാംപയിനുകള്‍ക്കായി ഇരുവരും ഒന്നിച്ചതും പുതിയ ഗെറ്റപ്പില്‍ മോഹന്‍ലാല്‍ മൈജി ഉദ്ഘാടനത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതും മറ്റൊരു സംഭവം. കൊച്ചി മാരത്തണില്‍ ആദ്യവര്‍ഷം മില്‍ഖാ സിംഗും രണ്ടാം വര്‍ഷം ഹര്‍ഭജന്‍ സിംഗുമൊത്ത് മോഹന്‍ലാല്‍ പങ്കെടുത്ത പ്രചാരണങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ശ്രീകുമാറിന്റെ, മോഹന്‍ലാല്‍ അവതരിപ്പിച്ച ഓരോ പരസ്യ ചിത്രങ്ങളും നാഴികക്കല്ലുകളാണ്. ഇരുവരും ഒന്നിച്ച പരസ്യ ചിത്രങ്ങള്‍ മോഹന്‍ലാല്‍ സിനിമകള്‍ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയങ്കരമായിരുന്നു. അതിന്റെ തനിയാവര്‍ത്തനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പുറത്തുവന്ന ദൃശ്യങ്ങളും സൂചനകളും മറ്റൊരു സൂപ്പര്‍ഹിറ്റ് പരസ്യ ചിത്രമാണ് വരാനിരിക്കുന്നത് എന്ന പ്രതീതി ജനിപ്പിക്കുന്നു. ജനുവരി 20ന് ശനിയാഴ്ച മോഹന്‍ലാല്‍ നേരിട്ട് പരസ്യചിത്രം റിലീസ് ചെയ്യുമെന്നാണ് ലഭ്യമായ വിവരം. ചിത്രീകരിച്ച രണ്ടു പരസ്യ ചിത്രങ്ങളില്‍ ആദ്യത്തേതാണ് ഇപ്പോള്‍ റിലീസ് ചെയ്യുന്നത്. രണ്ടാമത്തേത് പിന്നാലെ റിലീസ് ചെയ്യും.