മെസിക്ക് ഭീഷണി ഉയര്‍ത്തി കത്ത്; സൂപ്പര്‍മാര്‍ക്കറ്റിന് നേരെ വെടിവെപ്പ്
1 min readസൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന് നേരെ വെടിവെപ്പ്. മെസിക്കെതിരെ കൈപ്പടയില്‍ എഴുതിയ ഭീഷണി സന്ദേശവും ഉപേക്ഷിച്ചാണ് അക്രമികള്‍ മടങ്ങിയത്. പുലര്‍ച്ചെ മൂന്നിന് രണ്ട് പേര്‍ മോട്ടോര്‍ ബൈക്കില്‍ വരുന്നത് കണ്ടതായി ദൃക്‌സാക്ഷി സ്ഥിരീകരിച്ചു. അവരില്‍ ഒരാള്‍ വെടിയുതിര്‍ത്ത ശേഷം കുറിപ്പ് താഴെയിട്ട് ഓടി രക്ഷപ്പെട്ടു.
‘മെസി, ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. ജാവ്കിന്‍ ഒരു നാര്‍ക്കോയാണ്. അവന്‍ നിങ്ങളെ പരിപാലിക്കില്ല’ കുറിപ്പില്‍ പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റിന്റെ സമീപത്തുനിന്ന് 14 ബുള്ളറ്റുകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മെസിയുടെ ജന്മനാടായ റൊസാരിയോയുടെ മേയറാണ് പാബ്ലോ ജാവ്കിന്‍. മെസ്സിയുടെ ഭാര്യ അന്റോനല്ല റോക്കൂസോയുടെ കുടുംബത്തിന്റേതാണ് സൂപ്പര്‍മാര്‍ക്കറ്റെന്ന് ജാവ്കിന്‍ സ്ഥിരീകരിച്ചു. നഗരത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയെന്നാണ് അക്രമികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മെസ്സിക്കെതിരായ ആക്രമണത്തേക്കാള്‍ വേഗത്തില്‍ ലോകത്ത് പ്രചരിക്കുന്ന വാര്‍ത്ത മറ്റേതാണ്. ആളുകളടെ ശ്രദ്ധപിടിച്ചു പറ്റാനാണ് അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പിലെ സന്ദേശം ഭീഷണിയല്ലെന്നും പകരം ശ്രദ്ധ ആകര്‍ഷിക്കാനുള്ള അക്രമികളുടെ ശ്രമമാണെന്നും പൊലീസ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചെന്നും ഉടന്‍ പ്രതികളെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. ആ സമയത്ത് പരിസരത്ത് ആരുമില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ആക്രമണത്തിന് ശേഷം മെസിയുടെ കുടുംബം ആശങ്കയിലാണെന്നും ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നതെന്നും കേസിന്റെ ചുമതലയുള്ള പ്രോസിക്യൂട്ടര്‍ ഫെഡറിക്കോ റെബോള പറഞ്ഞു.