തെരുവുനായയുടെ ആക്രമണം തിരൂരില്‍ കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്
1 min readമലപ്പുറം: തിരൂര്‍ പുല്ലൂരില്‍ 5 പേരെ തെരുവ് നായ കടിച്ചു. രണ്ട് കുട്ടികള്‍ക്കും, മൂന്ന് മുതിര്‍ന്നവര്‍ക്കുമാണ് കടിയേറ്റത്. മുഖത്തും, കാലിലുമായാണ് എല്ലാവര്‍ക്കും പരിക്കേറ്റത്. എല്ലാവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
തെരുവ് നായകളുടെ ആക്രമണം പതിവാവുകയാണ് സംസ്ഥാനത്ത്. ഇന്നലെ മലപ്പുറത്ത് ഈ വിഷയത്തില്‍ ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തെരുവ് നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നായയുടെ ആക്രമണത്തിന് ഇരയായ കുട്ടിയുടെ പിതാവും ബന്ധുക്കളുമടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തു. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം നടന്നത്.
താനാളൂരിനടുത്ത് വട്ടത്താണി കുന്നത്തുപറമ്പില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്വാന് കുറച്ച് ദിവസം മുന്‍പ് തെരുവ് നായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരമാകെ മുറിവേറ്റ് ബോധരഹിതനായ അവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തലയുടെ ഒരു ഭാഗവും മുതുകും നായ്ക്കള്‍ കടിച്ചുകീറി. ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയയാിരുന്നു.
ഉച്ചയോടെ വീടിന് പുറത്തേക്ക് ഒറ്റയ്ക്ക് ഇറങ്ങിയ കുട്ടിയെ ആറ് നായകള്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കുട്ടിയെ കാണാതാത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറ്റത്ത് ഇറങ്ങി പരിശോധിച്ചപ്പോള്‍ ആണ് കുട്ടി ബോധരഹിതനായി കിടക്കുന്നത് കണ്ടത്. തലയുടെ പിന്‍ഭാഗത്തും മുതുകിലും കടിച്ചു പറിച്ചെടുത്ത നിലയിലായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവും പിതൃസഹോദരനും ചേര്‍ന്ന് നായകളെ തുരത്തിയോടിച്ച ശേഷം കുട്ടിയെ തിരൂരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതിമാരകമായി പരിക്കേറ്റ കുട്ടിക്ക് കരയാനോ നിലവിളിക്കാനോ പറ്റുന്നുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് തിരൂരില്‍ വീണ്ടും തെരുവുനായയുടെ കടിയേറ്റ് അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.