ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഡോക്ടർ അറസ്റ്റിൽ

1 min read

ബെംഗളുരു :ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ദില്ലി സ്വദേശിയായ ഡോക്ടർ അറസ്റ്റിലായി. 40കാരനായ ഡോക്ടറെ, യുകെയിലേക്ക് പോകുന്നതിനിടയിൽ ബെംഗളുരു വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റു ചെയ്തത്. 2019ൽ മുത്തലാഖ് ഇന്ത്യയിൽ നിരോധിച്ചിരുന്നു. അതിനാൽ മുത്തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം ഇന്ത്യയിൽ നിയമവിരുദ്ധമാണ്. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ഭർത്താവിന് പിഴയും മൂന്നു വർഷത്തെ ജയിൽശിക്ഷയും കിട്ടുന്ന കുറ്റകൃത്യമാണ്.
ഭർത്താവ് തന്നെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി ഫെബ്രുവരി 1നാണ് യുവതി ഡൽഹിയിലെ കല്യാൺപുരി പൊലീസിൽ പരാതി നൽകിയത്. 2022 ഒക്‌ടോബർ 23നാണ് മുത്തലാഖ് ചൊല്ലിയത്. തുടർന്ന് ഡൽഹിയിലെ വീട് വിട്ട് ബംഗളുരുവിലേക്ക് പോവുകയും ചെയ്തു. അവിടെ നിന്നും വിദേശത്തേക്ക് കടക്കാനായിരുന്നു ഡോക്ടറുടെ ശ്രമം. ഇതിനിടയിലാണ് പൊലീസിന്റെ പിടിയിലകപ്പെട്ടത്.
2018ലാണ് ഡോക്ടറും യുവതിയും അടുപ്പത്തിലാകുന്നത്. തുടർന്ന് 2020ൽ ഇരുവരും വിവാഹിതരായി. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ വിദേശപഠനത്തിനായി തയ്യാറെടുക്കണമെന്ന് പറഞ്ഞ് ഡോക്ടർ ഡൽഹിയിൽ തന്നെ മറ്റൊരു വീട്ടിൽ താമസമാക്കിയിരുന്നു. എന്നാൽ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതി ഇതു ചോദ്യം ചെയ്തതോടെ ഭാര്യയെ മർദ്ദിച്ചതായാണ് പരാതി. തുടർന്ന് ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പൊലിസിനെ സമീപിച്ചത്.

Related posts:

Leave a Reply

Your email address will not be published.