തോല്വി: പ്രതിപക്ഷ നിരയില് വിള്ളല്; മമത ഇനി ഒറ്റയ്ക്ക്
1 min readഅടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ സഖ്യം ഉണ്ടാക്കാനുള്ള പ്രതിപക്ഷ നീക്കങ്ങൾക്ക് തുടക്കത്തിലേ തിരിച്ചടി.
ഇതുവരെ നിരവധി പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കാൻ ശ്രമിച്ചിരുന്ന തൃണമൂൽ നേതാവും പശ്്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഇനി താൻ ലോകസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മറ്റു രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും ജനങ്ങളുടെ പിന്തുണ മാത്രം മതിയെന്നുമാണ് മമത പറയുന്നത്. 2024ൽ ലോക്സഭയിലേക്ക് ജനങ്ങളുമായാണ് തൃണമൂൽ കോൺഗ്രസ് സഖ്യത്തിലേർപ്പെടുന്നത്. ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രം പോരാടും. മമത പറഞ്ഞു.
ബിജെപിയെ തോൽപ്പിക്കണമെന്ന് ചിന്തിക്കുന്നവർ ഉറപ്പായും തൃണമൂലിന് വോട്ടു ചെയ്യുമെന്നാണ് മമതയുടെ വാദം. സിപിഎമ്മിനും കോൺഗ്രസിനും വോട്ടു ചെയ്യുന്നവർ യഥാർത്ഥത്തിൽ ബിജെപിക്കാണ് വോട്ടുചെയ്യുന്നത്. ഇരു പാർട്ടികളും ബിജെപിയുടെ താത്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മമത ആരോപിക്കുന്നു. പശ്ചിമ ബംഗാളിലെ സാഗർദിഗി ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് തോൽക്കാൻ കാരണം ബിജെപിയും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ ഇക്കാര്യത്തിൽ തെറ്റു പറയാൻ താൻ തയ്യാറല്ലെന്നും അവർ നന്നായി പ്രവർത്തിച്ചെന്നും മമതാ ബാനർജി വ്യക്തമാക്കി.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു ശേഷമാണ് മമതയുടെ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
ത്രിപുരയിലെ സിപിഎം.കോൺഗ്രസ് സഖ്യത്തിനേറ്റ കനത്ത പരാജയമാണ് ഇങ്ങനെ ചിന്തിക്കാൻ മമതയെ പ്രേരിപ്പിച്ചതെന്നു വേണം കരുതാൻ. സിപിഎം.കോൺഗ്രസ് സഖ്യം ത്രിപുര പിരിച്ചെടുക്കുമെന്ന വലിയ അവകാശവാദങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലുടനീളം അവർ മുഴക്കിയിരുന്നത്. സിപിഎം ഭരിച്ച കാലഘട്ടങ്ങളിൽ തേനും പാലും ഒഴുകിയിരുന്ന ത്രിപുരയിൽ, ബിജെപി ഭരണത്തോടെ ജനാധിപത്യം തടങ്കലിലായെന്ന രീതിയിലുള്ള പ്രചാരണങ്ങളായിരുന്നു സിപിഎം നടത്തിയിരുന്നത്. ഭരണ വിരുദ്ധവികാരം ത്രിപുരയിലുണ്ടെന്നും അത് തങ്ങൾക്ക് നേട്ടം കെയ്യുമെന്നും അവർ ദിവാസ്വപ്നം കണ്ടു. ആ അമിത വിശ്വാസമാണ് ബദ്ധവൈരികളായ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ഭരണം കിട്ടിയാൽ തങ്ങളുടെ നേട്ടം കൊണ്ടാണെന്ന് മേനി നടിച്ച്, കോൺഗ്രസിനെ ചൊൽപ്പടിയിൽ നിർത്താമെന്നും സിപിഎം കരുതിയിരുന്നു. എന്നാൽ പ്രതീക്ഷിച്ച വിജയം നേടായില്ലെന്നു മാത്രമല്ല, സീറ്റുകളും വോട്ടും കുറയുന്ന ദുരവസ്ഥയിലേക്കാണ് ത്രിപുര തെരഞ്ഞെടുപ്പ് സിപിഎമ്മിനെ കൊണ്ടെത്തിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 16 സീറ്റുകളും 41 ശതമാനം വോട്ടുകളും ഉണ്ടായിരുന്നു സിപിഎമ്മിന്. അത് 11 സീറ്റായും 24 ശതമാനം വോട്ടായും കുറഞ്ഞു. ലാഭമുണ്ടാക്കിയത് കോൺഗ്രസാണ്. സീറ്റുകളുടെ എണ്ണം കഴിഞ്ഞ പൂജ്യത്തിൽ നിന്ന് 3 ആക്കാനും വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാനും കഴിഞ്ഞു. അതേ സമയം 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലും നിന്ന് തോറ്റെങ്കിലും 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ മെച്ചപ്പെട്ട പ്രകടനമായിരുന്നു കോൺഗ്രസ് അന്ന് കാഴ്ചവച്ചിരുന്നത്.
സിപിഎം-കോൺഗ്രസ് സഖ്യത്തോടൊപ്പം ചേർന്നാൽ തനിക്ക് നഷ്ടക്കച്ചവടമാകും എന്ന് മമത തിരിച്ചറിയുന്നു എന്ന് ചുരുക്കം. ഒറ്റയ്ക്ക് മത്സരിച്ച് മേഘാലയയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതും മമതയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
കോൺഗ്രസിൽ നിന്ന രാജിവച്ച് തൃണമൂലിൽ ചേർന്ന മുകുന്ദ് സാംഗ്മയുടെ നേതൃത്വത്തിൽ വലിയ ചലനമുണ്ടാക്കാൻ തൃണമൂൽ ശ്രമിച്ചെങ്കിലും 5 സീറ്റേ കിട്ടിയുള്ളു. എന്നാൽ ഭരണകക്ഷിയായ എൻ.പി.പിയ്ക്കും യു.ഡി.പിയ്ക്കും പിറകിൽ മൂന്നാം കക്ഷിയാകാൻ കഴിഞ്ഞു. ഇവിടെ 13.78 ശതമാനം വോട്ടാണ് തൃണമൂൽ പിടിച്ചത്. ബി.ജെ.പി നേടിയത് രണ്ട് സീറ്റും 9.33 ശതമാനം വോട്ടും. ത്രിപുരയിലും മമതയ്ക്ക് ചലനങ്ങളുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. തൃണമൂലിന് സീറ്റൊന്നും കിട്ടിയില്ലെന്ന് മാത്രമല്ല 0.88 ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.
ബി.ജെ.പിക്കെതിരെ ദേശീയ പ്രതിപക്ഷ ഐക്യ നിരയുണ്ടാക്കാനുള്ള നീക്കങ്ങൾക്കുള്ള തിരിച്ചടിയാണ് മമതയുടെ നടപടിയിലൂടെ പ്രതിഫലിക്കുന്നത്. ഇതിനകം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ തുടങ്ങിയവരുടെ പേരും പ്രതിപക്ഷത്ത് നിന്ന് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കപ്പെടുന്നുണ്ട. അതേ സമയം ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മുൻ കാശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള നടത്തിയ പ്രസ്താവനയും മമതയെ ചൊടിപ്പിച്ചു എന്നു വേണം കരുതാൻ. പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ ബിജെപിയെ പരാജയപ്പെടുത്താമെന്ന് ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കിയിരുന്നു. മാത്രമല്ല സ്റ്റാലിൻ പ്രധാനമന്ത്രിയാകാൻ യോഗ്യനാണെന്ന രീതിയിലുള്ള പ്രസ്താവനയും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി. പ്രധാനമന്ത്രി മോഹവുമായി നടക്കുന്ന മമതയെ ഇത് പ്രകോപിപ്പിച്ചിരിക്കാനും സാധ്യതയുണ്ട്. പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരെന്ന് തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കാമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലാകാർജുൻ ഗാർഖെയുടെ പ്രസ്താവനയും മമതയുടെ തീരുമാനത്തെ സ്വാധീനിച്ചു എന്നു വേണം കരുതാൻ. നേതൃസ്ഥാനം മറ്റൊരാൾക്കു പോകുന്നത് സഹിക്കുന്ന ആളല്ല മമത.
പ്രതിപക്ഷ ഐക്യം എന്ന പേരിൽ മഴവിൽ സഖ്യമുണ്ടാക്കി മോദിയെയും ബിജെപിയെയും നേരിടാമെന്ന പ്രതിപക്ഷ മോഹത്തിന്റെ കടയ്ക്കൽ തന്നെ കത്തി വെച്ചിരിക്കുകയാണ് മമതാ ബാനർജി.