ട്രാവന്‍കൂര്‍ ടൈറ്റാനിയം തട്ടിപ്പ് കുറ്റപത്രം ഉടനെ സമര്‍പ്പിക്കും

1 min read

തിരുവനന്തപുരം: രണ്ട് കോടി രൂപയുടെ തട്ടിപ്പ് നടന്ന ട്രാവന്‍കൂര്‍ ടൈറ്റാനിയം കേസില്‍ കമ്പനി അധികൃതര്‍ക്ക് ബന്ധമില്ലെന്ന് അന്വേഷണസംഘം. തട്ടിപ്പുമായി ബന്ധമുള്ള എല്ലാവരെയും അറസ്റ്റ് ചെയ്തതായി അന്വേഷണസംഘം അവകാശപ്പെടുന്നു. കുറ്റപത്രം ഉടനെ സമര്‍പ്പിക്കും. തിരുവനന്തപുരം സിറ്റി ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ ദിനിലിന്റെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ്, പൂജപ്പുര, മ്യൂസിയം, വലിയതുറ, വെഞ്ഞാറമ്മൂട് സിഐമാരുടെ സംഘമാണ് അന്വേഷണം നടത്തിയത്.

ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ അസിസ്റ്റന്റ് കെമിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു. 14 ലക്ഷം രൂപ തട്ടിച്ചെന്നാരോപിച്ച് പിരപ്പിന്‍കോട് സ്വദേശി വെഞ്ഞാറമ്മൂട് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ഇതില്‍ ദിവ്യജ്യോതി പിടിയിലായി. തുടര്‍ന്ന് മറ്റ് സ്റ്റേഷനുകളിലും തട്ടിപ്പിനിരയായവര്‍ പരാതികളുമായെത്തി. ദിവ്യജ്യോതിയുടെ ഭര്‍ത്താവ് രാജേഷ്‌കുമാര്‍, പ്രേംകുമാര്‍,ശ്യാംലാല്‍, കമ്പനിയുടെ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പി, അഭിലാഷ്, ഷംനാദ്, സിപിഎം നേതാവ് മണക്കാട് അനില്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. വിവിധ സ്റ്റേഷനുകളിലായി 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ദിവ്യജ്യോതി, ഫെയ്‌സ്ബുക്കിലൂടെ പരസ്യം നല്‍കിയാണ് തട്ടിപ്പിനു തുടക്കമിട്ടത്. ശ്യാംലാലും മറ്റും ഇന്റര്‍വ്യൂവിനായി ഉദ്യോഗാര്‍ത്ഥികളെ കാറില്‍ ടൈറ്റാനിയത്തില്‍ എത്തിക്കും. ശശികുമാരന്‍ തമ്പിയുടെ കാബിനില്‍ ആയിരുന്നു ഇന്റര്‍വ്യൂ. കേസുകളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ദിനിലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സംശയമുണ്ടായിരുന്നുവെങ്കിലും അവരെ ബന്ധിപ്പിക്കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

പരാതിക്കാരുടെ മൊഴികള്‍, പണമിടപാടു രേഖകള്‍, സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകള്‍, വാട്ട്‌സ്ആപ്പ് ചാറ്റുകള്‍, കാമറ ദൃശ്യങ്ങള്‍, സാക്ഷിമൊഴികള്‍, വ്യാജനിയമന ഉത്തരവുകള്‍ എന്നിവ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവയുടെ ഫോറന്‍സിക് ഫലങ്ങള്‍ ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ഐപിസി 406, 420, 34, 120ബി എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.