ട്രെയിന്‍ തീവയ്പ്, ‘അദ്ദേഹം’ ഒ.കെയെന്ന് പൊലീസ്; ഒടുവില്‍ എല്ലാം കുളമാക്കുമോ

1 min read

ട്രെയിന്‍ തീവയ്പ് യു.എ.പി.എ ചുമത്താത്തത് ദുരൂഹം

കേന്ദ്ര ഏജന്‍സികളുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. തുടക്കം മുതല്‍ അവരുണ്ട്. എലത്തൂര്‍ തീവയ്പ് കേസിലെ അന്വേഷണ പുരോഗതി അറിയിച്ചുള്ള എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്റെ വാക്കുകളാണിത്. ഇത് കേള്‍ക്കുമ്പോള്‍ നമുക്കൊരാശ്വാസം തോന്നുമെങ്കിലും കേരള പൊലീസിന്റെ മറ്റ് ചില നടപടികള്‍ കാണുമ്പോള്‍ ഇതെല്ലാം ആദ്യത്തെ തീയും പുകയ്ക്കും ശേഷം അങ്ങുമായ്ച്ചുകളയാനുള്ള ശ്രമമാണോ എന്ന സംശയമുയരുന്നു. തീരെ മനസ്സിലാകാത്തത് എ.ഡി.ജി.പിയുടെ ‘അദ്ദേഹം’ വിളിയാണ്. ആദ്യം കരുതി ഈ ‘അദ്ദേഹം’ാേ എന്നു പറയുന്നത് ഡി.ജി ആയ അനില്‍കാന്തിനെയാണെന്ന്. പിന്നീടാണ് മനസ്സിലായത് അദ്ദേഹം എന്നു പറയുന്നത് നമ്മുടെ എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ കുറ്റം പൊലീസിനോട് സമ്മതിച്ച പ്രതി നമ്മുടെ ദില്ലി ഷെഫീന്‍ബാഗുകാരന്‍ ഷെരീഖ് സെയ്ഫിനെക്കുറിച്ചാണെന്ന്. നല്ല ഭാഷയൊക്കെ നല്ലതാണ്. നമ്മള്‍ എപ്പോഴും പോലീസിനെ കുറ്റപ്പെടുത്താറില്ലെ. നമ്മുടെ സുരേഷ് ഗോപി സ്‌റ്റൈലില്‍ ഡാഷ് എന്നൊക്കെയാണ് സാധാരണ പോലീസുകാര്‍ പറയാറ്. എന്നാല്‍ നല്ല ഭാഷ പറയുമ്പോള്‍ കുറ്റപ്പെടുത്താന്‍ പാടില്ലല്ലോ. പക്ഷേ ഇതല്‍പം കടന്ന കൈ ആയിപ്പോയില്ലെ. എസ്.പി അദ്ദേഹം, സി.ഐ അദ്ദേഹം എന്നൊക്കെ പറയുന്നതുപോലെയായില്ലെ എന്നൊരു സംശയം. അവന്‍ എന്നൊന്നും പറയേണ്ട, ഏതായാലും എഫ്.ഐ.ആറും റിമാന്‍ഡ് റിപ്പോര്‍ട്ടും ഒക്കെ ആയതല്ല, പ്രതി എന്ന് പറയാമല്ലോ. അല്ലെങ്കില്‍ പോട്ടെ അക്യൂസ്ഡ് എന്ന് പറയാമല്ലോ. അതും പോട്ടെ അയാളുടെ പേര് പറയാമല്ലോ. ആള് ഉത്തരേന്ത്യക്കാരനെങ്കിലും നമ്മുടെ നാട്ടിലൊക്കെ കേള്‍ക്കുന്ന ഷാരൂഖ് എന്ന പേരല്ലെ. ഒന്നുകിലും നമ്മുടെ ഷാരൂഖ് ഖാന്റെ പേരല്ലെ. നമ്മളെപ്പോഴും പറയുന്ന പേരല്ലെ. എന്തോ പ്രതിയോടുള്ള ബഹുമാനം കൊണ്ട് ചോദിച്ചു പോയതാ. പിന്നെ ഒരാള്‍ ശിക്ഷിക്കപ്പെടുന്നതുവരെ കുറ്റാരോപിതന്‍ മാത്രം എന്ന തത്വം പൊലീസും സ്വീകരിച്ചതാവും.

ഏതായാലും ഷാരൂഖിനെ നമ്മുടെ പൊലീസിന്റെ കസ്റ്റഡിയില്‍ കിട്ടിയിട്ടുണ്ട്. അതും കിട്ടാന്‍ കുറച്ചു വൈകും എന്നാണ് ആദ്യം പറഞ്ഞിരുന്നത്. അതോരാശ്വാസമായി. ഷാരൂഖിന്റെ പേരില്‍ ഇതുവരെ യു.എ.പി.എ ചുമത്തിയിട്ടില്ല. ഉണ്ടെങ്കില്‍ ദേശീയാന്വേഷണ ഏജന്‍സിക്ക് നേരിട്ട് കേസില്‍ ഇടപെടാമായിരുന്നു. ഇപ്പോള്‍ കൊലപാതകം. ( ഐ.പി.സി 302), കൊലപാതക ശ്രമം( 307)326 എ ഗുരുതരമായി പരിക്കേല്പിക്കല്‍, 436 ( തീപിടിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കുഴപ്പമുണ്ടാക്കുക, റെയില്‍ വസ്തുക്കള്‍ കേടുപാട് വരുത്തിയതിന് റെയില്‍വേ നിയമത്തിലെ 151 ാം വകുപ്പുമാണ് പ്രതിക്കെതിരെ ചേര്‍ത്തിട്ടുള്ളത്.

എനിക്ക് തോന്നി, ഞാനതു ചെയ്തു എന്നു മാത്രമാണ് പ്രതി ഇതുവരെ പറഞ്ഞിട്ടുള്ളതത്രെ. ഒരു പക്ഷേ ചോദ്യം ചെയ്യലിന്റെ പൂര്‍ണവിവരം കേസിന്റെ പുരോഗതിക്ക് വേണ്ടി പുറത്ത് വിടാത്തതാകം. എന്നാലും എന്താണ് യു.എ.പി.എ ചുമത്താത്തത് എന്നാണ് ഉയരുന്ന പ്രധാന സംശയം. ഇപ്പോള്‍ തന്നെ പത്രങ്ങളും മാദ്ധ്യമങ്ങളും കാര്യമായ പ്രാധാന്യം തീവണ്ടി തീവയ്പ് അന്വേഷണത്തിന് നല്‍കുന്നില്ല. വേറെ വാര്‍ത്ത കിട്ടിയാല്‍ അവര്‍ അങ്ങോട്ട് പോകും. എന്നാല്‍ ഇയാളെ ഡിജിറ്റലായി ഇന്‍ഡോക്ട്രിനേറ്റ് ചെയ്യാന്‍ ആരാണ് ശ്രമിച്ചത്. മറ്റാരൊക്കെയാണ് ഇത്തരത്തിലുള്ള ട്രെയിനിംഗിന് വിധേയനായത്. ആരാണ് ഡല്‍ഹിയില്‍ നിന്ന് ഇയാളെ ഇവിടെ എത്തിച്ചത്. ഇവിടെ ആരോക്കെ സഹായിച്ചു. അവര്‍ ഇപ്പോഴെവിടെ. സംഭവത്തിന് ശേഷം ഇയാള്‍ സംഘത്തിന്റെ ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവോ. രത്‌നഗിരിയിലെത്തിയപ്പോള്‍ ഇവരെ വിളിച്ചിരുന്നുവോ. എന്ത് ഐഡിയോളജിയാണ് ഇയാളെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചത്. പിന്നെ മാനസിക അസ്വാസ്ഥ്യമില്ലാത്ത ഒരാള്‍ക്ക് മുന്‍കൂട്ടി പെട്രോള്‍ വാങ്ങി ട്രെയിനില്‍ കയറി നാട്ടുകാരെ തീ കത്തിക്കാന്‍ കഴിയുമോ.

മഹാരാഷ്ട്ര് എ.ടി.എസിന് നല്‍കിയ മൊഴിയില്‍ പരപ്രേരണയുണ്ടെന്ന് ഇയാള്‍ പറഞ്ഞിരുന്നതായാണ് സൂചന. അപ്പോള്‍ ആ നിലയ്ക്ക് അന്വേഷണം നടത്തേണ്ടേ. പതുക്കെ മാദ്ധ്യമങ്ങള്‍ മറ്റു വാര്‍ത്തകള്‍ക്ക് പിറകില്‍ പോകുമ്പോള്‍ അദ്ദേഹത്തെ തേച്ചു വെളുപ്പിച്ചെടുക്കാന്‍ കേരള പൊലീസ് ശ്രമിക്കുമോ എന്നാണറിയേണ്ടത്. അതല്ലെന്ന് തെളിയിക്കേണ്ടത് കേരള പോലീസിന്റെ ബാദ്ധ്യതയാണ്. അതുവരെ നമുക്ക് കാത്തിരിക്കാം. ജാഗരൂകരായി.

Related posts:

Leave a Reply

Your email address will not be published.