ടൈറ്റാനിയം ജോലി തട്ടിപ്പ്; ഇടനിലക്കാരനായ അധ്യാപകന്‍ അറസ്റ്റില്‍

1 min read

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ഇടനിലക്കാരനായ അധ്യാപകന്‍ അറസ്റ്റില്‍. വെള്ളനാട് സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. അമരവിള എല്‍എംഎസ് സ്‌കൂളിലെ അറബി അധ്യാപകനാണ് ഷംനാദ്. തട്ടിപ്പ് പുറത്ത് വന്നത് മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

തട്ടിപ്പ് കേസിലെ മുഖ്യപ്രതി നേരത്തെ അറസ്റ്റിലായിരുന്നു. ഉദ്യോഗാര്‍ത്ഥികളെ ടൈറ്റാനിയത്തില്‍ ഇന്റര്‍വ്യൂ നടത്തിയ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയാണ് കഴിഞ്ഞ മാസം പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ലീഗല്‍ ഡിജിഎം തന്നെ നേരിട്ട് ഇടപെട്ട ജോലി തട്ടിപ്പ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൂടി നീങ്ങുന്ന ഘട്ടത്തില്‍ പൊലീസന്വേഷണം ഇഴഞ്ഞ് നീങ്ങി. ഒടുവില്‍ മുഖ്യപ്രതിക്ക് കീഴടങ്ങാനുള്ള അവസരവും നല്‍കി.

15 കേസുകളാണ് ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. എല്ലാ കേസുകളിലും പ്രതിയാണ് ശശികുമാരന്‍ തമ്പി. ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്തതായി ശശികുമാരന്‍ തമ്പി പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നാണ് ശശികുമാരന്‍ തമ്പി പറയുന്നത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. കേസിലെ മറ്റ് പ്രതികളായ ശ്യാംലാല്‍, ദിവ്യ നായര്‍ തുടങ്ങിയവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരായ നിരവധി പേര്‍ ഇനിയും പിടിയിലാവാനുണ്ട്. അഞ്ച് ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെയാണ് ഓരോ ഉദ്യോഗാര്‍ത്ഥികള്‍ക്കും നഷ്ടപ്പെട്ടത്.

Related posts:

Leave a Reply

Your email address will not be published.