തുണയുടെ ചൂഡാമണി പുരസ്‌കാരം ഡോ പി. രാജീവിനും, ജീമോന്‍ തമ്പുരാന്‍ പറമ്പിനും

1 min read

ആലപ്പുഴ: വിവിധ മേഖലകളിലെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് തുണ ചാരിറ്റബിള്‍ സൊസൈറ്റി നല്‍കിവരുന്ന ചൂഡാമണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച യുവകര്‍ഷകനുള്ള കര്‍ഷക ചൂഡാമണി പുരസ്‌കാരം ആലപ്പുഴ മുഹമ്മ സ്വദേശി ജീമോന്‍ തമ്പുരാന്‍ പറമ്പിനും മികച്ച ഡോക്ടര്‍ക്കുള്ള വൈദ്യ ചൂഡാമണി പുരസ്‌കാരം ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശി ഡോ. പി രാജീവിനുമാണ് നല്‍കുന്നത്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടന്‍ പശുക്കളെ സംരക്ഷിക്കുകയും ജൈവ കൃഷിരീതിയിലൂടെ വിഷ രഹിത ഭക്ഷണം എന്ന ആശയം പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ജീമോനെ കര്‍ഷക ചൂഡാമണിയായി തിരഞ്ഞെടുത്തത്. സാമ്പത്തിക ലാഭം നോക്കാതെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കുന്ന യഥാര്‍ത്ഥ ആതുര സേവനത്തിനാണ് ഡോ പി രാജീവിനെ വൈദ്യചൂഡാമണി പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

പ്രശസ്ത കവി വയലാര്‍ ശരത് ചന്ദ്രവര്‍മ്മ അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 11,111 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇതിനായി പൊതുജനങ്ങളില്‍ നിന്നുള്ള നാമനിര്‍ദ്ദേശങ്ങളും സ്വീകരിച്ചിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, തുണ ചാരിറ്റബിള്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്ദീപ് വാചസ്പതി, ചെയര്‍മാന്‍ ജി. വിനോദ് കുമാര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

24ന് രാവിലെ 10 മണിക്ക് ആലപ്പുഴ ഗൗരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിജയഭേരി 2023 എന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഇത്തവണത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു.എസ് നായര്‍, പ്രശസ്ത ചലച്ചിത്ര താരം ശിവദ എന്നിവരാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

Related posts:

Leave a Reply

Your email address will not be published.