ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

1 min read

തൃശ്ശൂര്‍: ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഒല്ലൂര്‍ ചിയാരം സ്വദേശികളായ രാജേന്ദ്ര ബാബു (66),ഭാര്യ സന്ധ്യ (62), ദമ്പതികളുടെ മകന്റെ മകനായസമര്‍ഥ് (6) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രാജേന്ദ്രബാബുവിന്റെ മകന്‍ ശരത്തിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ആറാട്ടുപുഴയിലെ ഒരു റിസോര്‍ട്ടില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോള്‍ ആണ് അപകടം ഉണ്ടായത്. എതിരെ വന്ന മറ്റൊരു കാറിന് വഴിയൊരുക്കുന്നതിനിടെ കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. നിയന്ത്രണം വിട്ട് കാര്‍ പുഴയിലേക്ക് മറിഞ്ഞു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അടിപ്പാതയ്ക്ക് സംരക്ഷണഭിത്തിയില്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. കാറില്‍ നിന്നും പുറത്തെടുത്തപ്പോള്‍ തന്നെ മരണപ്പെട്ട മൂന്ന് പേരും അബോധാവസ്ഥയിലായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പറയുന്നു.

പുഴയിലേക്ക് മറിഞ്ഞ കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തേക്ക് എത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കാറില്‍ നിന്നും പുറത്തെടുത്തപ്പോള്‍ തന്നെ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നു. എല്ലാവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവശനിലയിലായ മൂന്ന് പേരും പിന്നീട് മരണപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന രാജേന്ദ്രബാബുവിന്റെ മകനായ ശരത്തിനെ നാട്ടുക്കാര്‍ രക്ഷപെടുത്തി . ശരത്താണ് കാറോടിച്ചിരുന്നത് എന്നാണ് വിവരം. വാഹനം പൂര്‍ണമായും പുഴയില്‍ മുങ്ങിപ്പോയതാണ് മരണസംഖ്യ കൂടാന്‍ കാരണമായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും, ഇരിങ്ങാലക്കുടയിലെ അഗ്‌നിരക്ഷാ ജീവനക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.

Related posts:

Leave a Reply

Your email address will not be published.