തോട്ടം ശിവകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

1 min read

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി തോട്ടം ശിവകരൻ നമ്പൂതിരിയെ (58) തെരഞ്ഞെടുത്തു. ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിയമനം. കോട്ടയം ഉഴവൂർ കുറിച്ചിത്താനം സ്വദേശിയാണ് ശിവകരൻ നമ്പൂതിരി. സാമവേദം ഹൃദിസ്ഥമാക്കിയവരിൽ അവശേഷിക്കുന്ന രണ്ടുപേരിലൊരാളാണ് അദ്ദേഹം.
ശനിയാഴ്ച ഉച്ചപൂജയ്ക്കുശേഷം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് ശിവകരൻ നമ്പൂതിരിയെ മേൽശാന്തിയായി തെരഞ്ഞെടുത്തത്. ഉച്ചപൂജ നടത്തിയ പി.എം.ഭവദാസൻ നമ്പൂതിരിയാണ് നമസ്‌കാര മണ്ഡപത്തിൽവെച്ച് നറുക്കെടുത്തത്.
39 പേരെയാണ്‌ മേൽശാന്തി തെരഞ്ഞെടുപ്പിൽ ക്ഷേത്രം തന്ത്രി കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചത്. ഹാജരായ 33പേരിൽ നിന്നും യോഗ്യത നേടിയ 28 ആളുകളുടെ പേരെഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ചു. ഇതിൽ നിന്നും നറുക്കെടുത്താണ്‌ മേൽശാന്തിയെ തെരഞ്ഞെടുത്തത്.
തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിനുശേഷം മാർച്ച് 31ന് അടയാളചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും. വാലായ്മയായതിനാൽ നിലവിലെ ക്ഷേത്രം മേൽശാന്തി ഡോ.കിരൺ ആനന്ദ് നമ്പൂതിരിക്ക് ചടങ്ങിൽ പങ്കെടുക്കാനായില്ല. സാധാരണയായി നിലവിലെ മേൽശാന്തിയാണ് പുതിയ മേൽശാന്തിയെ നറുക്കെടുക്കുന്നത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.ആർഗോപിനാഥ്, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts:

Leave a Reply

Your email address will not be published.