വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം വരും
1 min readസമയമാറ്റം ഒരാഴ്ചത്തെ സര്‍വീസ് കൂടി പരിഗണിച്ച ശേഷം
കേരളത്തിലോടുന്ന വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം വരും. ഒരാഴ്ചകൂടി തീവണ്ടിയുടെ ഓട്ടം വിലയിരുത്തിയ ശേഷമായിരിക്കും നടപടിയെന്ന് റെയില്‍വേ അറിയിച്ചു. ചില സ്റ്റേഷനുകളില്‍ നിശ്ചിത സമയത്തിലധികം നിര്‍ത്തിയിടേണ്ടി വരുന്നതും ട്രാക്ക് നിയന്ത്രണത്തിന്റെ ഭാഗമായുള്ള വേഗനിയന്ത്രണങ്ങളും ലോക്കാ പൈലറ്റുമാരുടെ പരിചയക്കുറവും വന്ദേഭാരതിന്റെ സമയക്രമത്തെ ബാധിക്കുന്നുണ്ട്.
തിരുവനന്തപുരം വിട്ടാല്‍ ആകെ എട്ട്് സ്‌റ്റോപ്പുകളാണ് വന്ദേഭാരതിനുള്ളത്. ഇതില്‍ എറണാകുളത്ത് മൂന്ന് മിനിട്ടും മറ്റ് സ്റ്റോപ്പുകളില്‍ രണ്ടു മിനിട്ടുമാണ് സ്റ്റോപ്പ്. എന്നാല്‍ പല സ്റ്റേഷനുകളിലും 5 മുതല്‍ 12 മിനിട്ട് വരെ ട്രെയിന്‍ നിര്‍ത്തിയിടുന്ന സഹചര്യമുണ്ട്. നിശ്ചയിച്ച സമയത്തു തന്നെ തീവണ്ടി കാസര്‍കോട്ട് എത്തുന്നുണ്ട്. പക്ഷേ ഇടയ്ക്കുള്ള സ്റ്റേഷനുകളില്‍ സമയക്രമം പാലിക്കാന്‍ പാടുപെടുകയാണ് വന്ദേഭാരത്.
ഓട്ടോമാറ്റിക് ഡോറുകള്‍ ആളുകള്‍ക്ക് പരിചയമില്ലാത്തതാണ് തീവണ്ടി വൈകുന്നതിന് പ്രധാന കാരണം. ഇത്തരമൊരു സംവിധാനം കേരളത്തില്‍ ആദ്യമാണല്ലോ. ഭക്ഷണം ലോഡു ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുന്നതും തീവണ്ടി വൈകാന്‍ കാരണമാകുന്നു. തിരുവനന്തപുരം ഡിവിഷനിലാണ് കൂടുതല്‍ സമയമെടുക്കുന്നത്. ട്രാക്ക് നവീകരണത്തിന്റെ ഭാഗമായുള്ള വേഗനിയന്ത്രണങ്ങളാണ് ഇതിനു കാരണമാകുന്നത്. രണ്ടു ദിശകളിലേക്കുമായി 34 വേഗനിയന്ത്രണങ്ങളാണ് തിരുവനന്തപുരം ഡിവിഷനില്‍ ഉള്ളത്. എറണാകുളം യാര്‍ഡിനടുത്ത് രണ്ട് കിലോമീറ്ററോളം ദൂരം വേഗം നിയന്ത്രിക്കേണ്ടി വരുന്നുണ്ട്.
വന്ദേഭാരതിനെ കേരള ജനത ഇരുകയ്യും നീട്ടി സ്വികരിച്ചു എന്നാണ് ടിക്കറ്റ് വില്‍പന തെളിയിക്കുന്നത്. വേനലവധിയായതുകൊണ്ട് പലരും കുടുംബസമേതമാണ് യാത്ര ചെയ്യുന്നത്. ദീര്‍ഘദൂര യാത്രികരെ സംബന്ധിച്ച് വലിയൊരനുഗ്രഹമായിരിക്കുന്നു വന്ദേഭാരത്. സമയക്കുറവ് മാത്രമല്ല അവരെ ആകര്‍ഷിക്കുന്നത്. ചെറിയ തുകയില്‍ ലഭ്യമാകുന്ന വിമാന സദൃശമായ സൗകര്യങ്ങളും ഭക്ഷണവും ശുചിത്വവും ആളുകളെ അമ്പരപ്പിക്കുന്നു. തീവണ്ടിയില്‍ കയറുന്ന ഓരോരുത്തരും കാഴ്ചബംഗ്ലാവിലെത്തിയ കൗതുകത്തോടെയാണ് ഓരോ സൗകര്യങ്ങളും നോക്കിക്കാണുന്നതും ഫോട്ടോയെടുക്കുന്നതും. ട്രാക്കിലെ വളവുകള്‍ നികത്തുകയാണെങ്കില്‍ കുറേക്കൂടി വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താമായിരുന്നു എന്ന പ്രതീക്ഷയും പലരും പങ്കുവെയ്ക്കുന്നുണ്ട്.