മടിയില്‍ കനമുണ്ട്. വീണ കോടതിയില്‍
1 min readമടിയില്‍ കനമുള്ളവനേ ആരെയും പേടിക്കേണ്ടതുള്ളൂ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പല തവണ പറഞ്ഞത്. തന്റെ കൈകള്‍ ശുദ്ധമാണെന്നും ഇരുകയ്യുമുയര്‍ത്തി മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.എന്നാല്‍ മാസപ്പടി വിവാദത്തില്‍ ആദായ നികുതി വകുപ്പിന്റെ ഇന്റേണല്‍ സെറ്റില്‍മെന്റ് ബോര്‍ഡും രജിസ്ട്രാര്‍ ഓഫ കമ്പനീസും അന്വേഷിച്ചപ്പോള്‍ അനങ്ങാതിരുന്ന മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഇപ്പോള്‍ എസ്.എഫ്.ഐ.ഒ അന്വേഷണം തുടങ്ങിയപ്പോള്‍ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ബംഗ്ലൂര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. ഇതേ കാര്യവുമായി കേരള ഹൈക്കോടതിയെ സമീപിച്ച സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐഡി.സിയോട് കേരള ഹൈക്കോടതി ചോദിച്ചത് തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ പിന്നെ ഭയപ്പെടുന്നതെന്തിനാണെന്നാണ്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കുരുക്ക് മുറുകുമ്പോള്‍ നാട്ടുകാരുടെ മുമ്പാകെ കാപ്‌സ്യൂള്‍ അവതരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട എ.കെ.ബാലനാകട്ടെ, ചോദ്യം ചോദിച്ച മാദ്ധ്യമ പ്രവര്‍ത്തകരോട് അട്ടഹസിക്കുന്നത് കാണുമ്പോള്‍ അറിയാം മടിയില്‍ കനമില്ലാത്തവരുടെ വേവലാതി. ഏതായാലും ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും. അതിന് അഴിമതിക്കാരുടെ ഐക്യ നിര കെട്ടിപ്പടുത്തിട്ട് കാര്യമൊന്നുമില്ല. ഫറൂഖ് അബ്ദുള്ളയും തമിഴ്‌നാട്ടിലെ മന്ത്രിയും അരവിന്ദ് കേജരിവാളുമൊക്ക ഏതൊക്കെ അന്വേഷണമാണ് നേരിടുന്നതെന്ന് നോക്കിയാലറിയാം കേന്ദ്രവിരുദ്ധ സഖ്യത്തെ ഒന്നിപ്പിക്കുന്ന ചരട് ഏതാണെന്ന്.