അപ്പോള്‍ കേരളത്തില്‍ ‘ഇന്‍ഡ്യ’ സഖ്യമില്ലെ?
1 min readകേരളത്തില്‍ 20 സീറ്റും നേടുമെന്ന് കോണ്‍ഗ്രസ്; ഇന്‍ഡ്യാ സഖ്യം പൂട്ടിയോ?
കേരളത്തിലെ 20 ലോകസഭാ സീറ്റും യു.ഡി.എഫ് നേടുമെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പറയുന്നു. വെറുത പറഞ്ഞതല്ല. ഡല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനത്ത് ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അവര്‍ ഉറപ്പ് നല്‍കിയത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍, താരിഖ് അന്‍വര്‍ തുടങ്ങിയവരാണ് കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയതത്രെ.
അപ്പോഴൊരു സംശയം. ഈയിടെ പാറ്റ്‌നയിലും ബംഗളുരുവിലുമായി ദേശീയ തലത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ സമ്മേളനങ്ങള്‍ നടത്തിയിരുന്നുവല്ലോ. കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ സി.പി.എം നേതാക്കളും അവിടെ ഉണ്ടായിരുന്നു. ബംഗ്ലൂരുവില്‍ അവര്‍ മുന്നണിക്ക് പേരുമിട്ടു. ഇന്‍ഡ്യാ മുന്നണി. അതായത് നിലവിലുള്ള യു.പി.എ വികസിപ്പിച്ച്. യുപി.എയിലുളള പാര്‍ട്ടികളെ കൂട്ടിയാണ് ഇന്‍ഡ്യാ മുന്നണി ഉണ്ടാക്കിയത്. ബംഗാളില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, പഞ്ചാബിലും ഡല്‍ഹിയിലും കോണ്‍ഗ്രസുമായി ഏറ്റുമുട്ടുന്ന അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി എന്നിവരൊക്കെ ചേര്‍ന്നാണ് മുന്നണി പ്രഖ്യാപിച്ചത്. ബി.ജെ.പിക്കെതിരെ ഒരൊറ്റ് സ്ഥാനാര്‍ത്ഥി എന്നാണ് പ്രഖ്യാപനം.
ഡല്‍ഹിയിലെ സംസ്ഥാന ഭരണകൂടത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന കേന്ദ്രബില്ലിനെ ആപ് എതിര്‍ത്തപ്പോഴും ഡല്‍ഹിയിലെ കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തിരുന്നില്ല. ആപ്പ് അഴിമതിക്കാരാണെന്നായിരുന്നു ഡല്‍ഹിയിലെ കോണ്‍ഗ്രസുകാര്‍ പറഞ്ഞിരുന്നത്. പക്ഷേ ആപ് ഒരു നിബന്ധന വച്ചു. ഡല്‍ഹി ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ത്താലെ പ്രതിപക്ഷ സഖ്യത്തിനുള്ളൂ. ആദ്യം രാഹുല്‍ സമ്മതിച്ചില്ലെങ്കിലും ഇപ്പോള്‍ വഴങ്ങി. രാഹുലും കോണ്‍ഗ്രസുകാരും അഴിമതിക്കാരാണെന്ന് പറഞ്ഞ ആപ്പും, കേജരിവാളും സിസോദിയയുമൊക്കെ കോടികളുടെ അഴിമതി നടത്തുകയാണെന്ന് പറഞ്ഞ കോണ്‍ഗ്രസും കോംപ്രമൈസ് ആയി.
ഇതേ പോലെയായിരുന്നു പഞ്ചാബിലെ സ്ഥിതി. അവിടെ ആപ്പിനെ എതിര്‍ക്കുന്നത് കോണ്‍ഗ്രസ്. അതും ഒത്തുതീര്‍പ്പാക്കി. ബംഗാളിലാകട്ടെ മമത സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും ഓടിച്ചിട്ടടിക്കുകയായിരുന്നു. മമതായിരുന്നു ബംഗാളില്‍ സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുഖ്യ ശത്രു. അതുകൊണ്ടാണല്ലോ അവരവിടെ നേരത്തെ തന്നെ കൈകോര്‍ത്തത്. രാഹുല്‍ മമതയോട് ചങ്ങാത്തം കൂടിയതോടെ അധീര്‍ രഞ്ജന്‍ ചൗധരിയും ബംഗാളിലെ കോണ്‍ഗ്രസുകാരും ഔട്ടായി. ബംഗാളിലും ഡല്‍ഹിയിലും പഞ്ചാബിലും തങ്ങളെ പിന്തുണയ്ക്കണമെന്നാണ് കേജരിവാളും മമതയും കോണ്‍ഗ്രസിനോട് പറയുന്നത്. അതവര്‍ അംഗീകരിക്കുകയും ചെയ്തു.
അപ്പോഴാണ് കേരളത്തിലെ വാര്‍ത്തകള്‍ വരുന്നത്. 20 സീറ്റിലും കോണ്‍ഗ്രസ് ജയിക്കുമത്രെ. അപ്പോള്‍ ഇന്‍ഡ്യാ സഖ്യമോ. ഇന്‍ഡ്യ സഖ്യം കേരളത്തില്‍ പിളരുമോ. അതോ തമ്മില്‍ പോരു അവസാനിപ്പിച്ച് എല്‍.ഡി.എഫും യു.ഡി.എഫും പത്ത് സീറ്റില്‍ വീതം സഖ്യമായി മത്സരിക്കുമോ. അതിനാണ് ജനം ഉദ്വേഗത്തോടെ കാത്തിരിക്കുന്നത്.