കാമുകനെ കാണാൻ ഗ്രാമത്തെ മുഴുവൻ ഇരുട്ടിലാക്കി യുവതി
1 min readനാട്ടുകാർ പിടികൂടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്
പ്രണയം തലയ്ക്കു പിടിച്ചാൽ പിന്നെന്തു ചെയ്യും. സാമാന്യബോധം തന്നെ നഷ്ടമായേക്കാം. കാമുകനു വേണ്ടി ഒരു ഗ്രാമത്തെ മുഴുവൻ ഇരുട്ടിലാക്കിയ യുവതിയുടെ കഥയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബിഹാറിലെ പാറ്റ്നയിലാണ് സംഭവം. ബേട്ടിയ ഗ്രാമത്തിലെ ഒരു യുവതി ഗ്രാമത്തിലെ മുഴുവൻ വെെദ്യുതിയും വിച്ഛേദിച്ചാണ് കാമുകനെ കാണാൻ ഇറങ്ങിത്തിരിച്ചത്.
ഇരുവരെയും ഗ്രാമവാസികൾ കൈയോടെ പിടികൂടി. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഗ്രാമത്തെ മുഴുവൻ ഇരുട്ടിലാക്കിയതിന്റെ ദേഷ്യത്തിൽ നാട്ടുകാർ യുവാവിനെ ബെൽറ്റ് കൊണ്ട് മർദ്ദിച്ചു. നാട്ടുകാരുടെ ആക്രമണത്തിൽ നിന്ന് യുവാവിനെ രക്ഷിക്കാൻ കാമുകി ശ്രമിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
ഇതോടെ കഥ മാറി. സംഭവത്തിനു പിന്നാലെ കാമുകീ കാമുകൻമാരുടെ കുടുംബങ്ങൾ തമ്മിൽ ഒത്തുതീർപ്പിലെത്തുകയും രണ്ടു പേരുടെയും വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഇരുവരും ഉടൻ വിവാഹിതരാകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇതോടെ ആശ്വാസമായത് നാട്ടുകാർക്കാണ്. ഇനിയും ഇരുട്ടിലാകേണ്ടി വരില്ലല്ലോ എന്നാണ് അവർ പറയുന്നത്.