അമൃത്പാല്‍സിംഗിന് അഭയം നല്കിയ സ്ത്രീ പൊലീസ് പിടിയില്‍
1 min readചണ്ഡീഗഢ് :പഞ്ചാബില്‍ നിന്നും രക്ഷപ്പെട്ട ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്സിംഗും സഹായി പ്രപല്‍പ്രീത് സിംഗും ഹരിയാനയില്‍ ഉണ്ടെന്ന് പൊലീസ്. ഇവര്‍ക്ക് ഷഹബാദിലെ വീട്ടില്‍ അഭയം നല്കിയ സ്ത്രീ പൊലീസ് പിടിയിലായി. കുരുക്ഷേത്ര ജില്ലയിലെ ഷഹബാദ് സ്വദേശിയായ ബല്‍ജീത് കൗര്‍ ആണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പ്രപല്‍പ്രീത് സിംഗിന്റെ സുഹൃത്താണ് അറസ്റ്റിലായ ബല്‍ജീത് കൗര്‍. പ്രപല്‍പ്രീത് സിംഗുമായി രണ്ടു വര്‍ഷത്തിലേറെയായി പരിചയമുണ്ടെന്ന് സ്ത്രീ പൊലീസിനോട് വെളിപ്പെടുത്തി. ബല്‍ജീത് കൗറിന്റെ സഹോദരനാണ് ഇവര്‍ ഒളിച്ചു താമസിക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. അമൃത്പാല്സിംഗും പ്രപല്‍പ്രീത് സിംഗും രണ്ടു ദിവസമാണ് ഷഹബാദിലെ വീട്ടില്‍ താമസിച്ചത്. ലുധിയാനയില്‍ നിന്ന് ഷഹബാദിലേക്ക് ഇവര്‍ സഞ്ചരിച്ചത് ഒരു സ്കൂട്ടറിലാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. അമൃത്പാല്‍സിംഗ് വസ്ത്രം മാറി തലയില്‍ തൊപ്പി ധരിച്ചിരുന്നെന്നും മീശ വെട്ടിയൊതുക്കിയിരുന്നെന്നും ബല്‍ജിത് കൗറിന്റെ മൊഴിയില്‍ പറയുന്നു. വിശദമായ അന്വേഷണത്തിനായി ഇവരെ പഞ്ചാബ് പൊലീസിന് കൈമാറി.
മാര്‍ച്ച് 18ന് രാത്രി അമൃത്പാല്‍ ലുധിയാനയില്‍ നിന്ന് ഓട്ടോയില്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചിരുന്നു. മാര്‍ച്ച് 20ഓടെ 200 കിലോമീറ്റര്‍ അകലെ ഹരിയാനയിലെത്തി. ഇയാള്‍ പഞ്ചാബില്‍ നിന്ന് രക്ഷപ്പെട്ടതെങ്ങനെയെന്ന് വ്യക്തമാക്കാന്‍ പൊലീസിന് കഴിയുന്നില്ല. ഏഴ് ദിവസമായി തിരച്ചില്‍ തുടരുകയാണ്. അമൃതപാലിന്റെ 100ഓളം സഹായികള്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
അമൃത്പാല്‍ സിംഗ് നേപ്പാളിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്തോനേപ്പാള്‍ അതിര്‍ത്തിയില്‍ ഇയാളുടെ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട് പൊലീസ്. ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണ്‍, ഹരിദ്വാര്‍, ഉദ്ദംസിങ് നഗര്‍ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.