വനിതാ മുഖ്യമന്ത്രി തന്നെ വനിതകളെ വേട്ടയാടുന്നു

1 min read

 47 ദിവസമായി ഒളിപ്പിച്ച പ്രതിയെവിടെ? ബംഗാളില്‍ മമതയ്‌ക്കെതിരെ ജനരോഷം ഉയരുന്നു.

 ഗ്രാമീണ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും അവരുടെ ഭൂമി കയ്യേറുകയും ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍  ഷെയ്ക്കിനെ എന്താണ് പൊലീസ് പിടികൂടാത്തത്. ഒരു പ്രതിയെ പിടിക്കാന്‍ ബംഗാളിലെ പോലീസിന് കഴിയാഞ്ഞിട്ടാണോ. അതോ ആരെങ്കിലും അവരെ തടയുന്നുണ്ടോ. മുഖ്യമന്ത്രി തന്നെ ഷാജഹാനെ ഒളിപ്പിച്ചിരിക്കുകയാണോ. ഏതായാലും ബംഗാളിലെ ഗ്രാമങ്ങളില്‍ മമതാ സര്‍ക്കാരിനെതിരെ കടുത്ത രോഷം ഉയര്‍ന്നുവരികയാണ്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ നടക്കാത്തതാണ് പശ്ചിമ ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ സന്ദേശ് ഖാലി ഗ്രാമത്തില്‍ നടന്നത്.

 അവരുടെ കൃഷിയിടം ഷാജഹാന്‍ ഷെയ്ക്ക് എന്ന ക്രിമിനലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൈയേറുന്നു. അവിടെത്തെ സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തു. ആ ഗ്രാമത്തിലെ പുരുഷന്‍മാരും പ്രാണരക്ഷാര്‍ത്ഥം ഒളിവില്‍ പോകുന്നു. ഒരു ഗ്രാമത്തിലെ എല്ലാ പുരുഷന്മാര്‍ക്കും മര്‍ദ്ദനമേല്‍ക്കുന്നു. അവരുടെ കൃഷി ഭൂമിയിലേക്ക് ഉപ്പുവെളളം ഒഴിക്കുന്നു. പോലീസ് വേഷത്തില്‍ അക്രമികള്‍ വീടുകളില്‍ കയറി നരനായാട്ട് നടത്തുന്നു. പോലീസ് അവരുടെ രക്ഷയ്‌ക്കെത്തുന്നില്ല. പകരം നിഷ്‌ക്രിയരായി ഇരിക്കുന്നു. അവരുടെ പരാതി കേള്‍ക്കുന്നില്ല. മാനഭംഗപരാതികളില്‍ പോലും കേസെടുക്കുന്നില്ല. ഞങ്ങളോട് അല്പം മര്യാദ കാണിച്ചുകൂടെ എന്ന് കര്‍ഷകര്‍ ചോദിക്കുന്നു. ഇതാണ് സന്ദേശ് ഖാലിയില്‍ നടക്കുന്നത്.

 ഇതൊക്കെ പുറംലോകം അറിയാന്‍ കാരണം ജനുവരി അഞ്ചിന് തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ക്കിന്റെ വീട്ടില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ്.  കോടിക്കണക്കിന് രൂപയുടെ റേഷന്‍ തട്ടിപ്പിലെ പ്രതിയാണ് ഈ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. തന്റെ ഗുണ്ടകളെ ഉപയോഗിച്ച് ഇ.ഡി ഉദ്യോഗസഥരെ ആക്രമിക്കുകയും വീട്ടിലെത്തുന്നതില്‍ നിന്ന് തടയുകയും ചെയ്‌തെങ്കിലും കാര്യങ്ങള്‍ ഷെയ്ക്കിന്റെ കൈയില്‍ നിന്ന് പിടിവിട്ടുപോയി.

 ഇ.ഡിയെ ആക്രമിച്ച ഷെയ്ക്ക് ഒളിവില്‍ പോയി. പിന്നെ അയാള്‍ പുറത്തിറങ്ങിയില്ല. ഇന്നയാളുടെ അനുയായികളും ഗുണ്ടകളും ഗ്രാമത്തില്‍ തന്നെയുണ്ട്.

 ഷെയ്ക്ക് ഒളിവില്‍ പോയതോടെയ്ാണ് ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം വന്നത്. അവര്‍ ധൈര്യം സംഭരിച്ച് പുറത്തേക്കിറങ്ങി. ചൂലും വടികളുമായിട്ടായിരുന്നു അവരുടെ മാര്‍ച്ച്. ഇതുവരെ ഷാജഹാന്‍ ഷെയക്കിന്റെ പാദസേവകരായിരുന്ന പോലീസ് സ്റ്റേഷനിലേക്ക്
അവര്‍ മാര്‍ച്ച് ചെയ്തു. അപ്പോഴാണ് സന്ദേശ് ഖാലിയിലെ മനുഷ്യത്വ രഹിതമായ ക്രൂരതകള്‍ പുറംലോകം അറിഞ്ഞത്. വീടുകളില്‍ വന്ന് സര്‍വേ നടത്തി സുന്ദരികളായ സ്ത്രീകളെ പിടിച്ചുകൊണ്ടുപോയതും തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി പീഡിപ്പിച്ചതും അവരുടെ കൃഷി ഭൂമി കൈയേറിയതും അവിടെ ഉപ്പുവെളളമൊഴിച്ചതുമൊക്കെ. അവിടെത്തെ പുരുഷന്‍മാരില്‍ മര്‍ദ്ദനമേല്‍ക്കാത്തവര്‍ ഉണ്ടായിരുന്നില്ല.

 ഇപ്പോഴിതാ കല്‍ക്കട്ട ഹൈക്കോടതി വരെ ഇടപെട്ടിരിക്കുന്നു. 47 ദിവസമായി ഒളിവില്‍ പോയ ഷാജഹാന്‍ ഷെയ്ക്കിനെ നിങ്ങളെന്താണ് പിടികൂടാത്തതെന്ന് കോടതി ചോദിക്കുന്നു.

 നേരത്തെ സി.പി.എമ്മായിരുന്നു ബംഗാളില്‍ അഴിമതിയും അക്രമവും നടത്തിയിരുന്നത്. അന്ന് അതിനെതിരെ മുന്നിട്ടു നിന്ന ആളാണ് മമത. ഇന്നവര്‍ ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നു. അക്രമികള്‍ക്ക് കുട പിടിക്കുന്നു. നേരത്തെ ഷാജഹാന്‍ ഷെയക്കിനെ ന്യായീകരിച്ചവരാണ് മമതയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും. ഒരു വനിതാ മുഖ്യമന്ത്രിക്ക് എങ്ങനെ വനിതകളോട് ഇങ്ങനെ ക്രൂരത കാണിക്കാന്‍ കഴിയുന്നു എന്നാണ് ബി.ജെ.പി ചോദിക്കുന്നത്. സി.പി.എമ്മും കോണ്‍ഗ്രസും ഇതുവരെ മമതയെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധി മിണ്ടുന്നേയില്ല.  ഇപ്പോള്‍ നിങ്ങള്‍ കാണിക്കുന്നത് ഹിപ്പോക്രസിയാണെന്ന് ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദ് ചോദിക്കുന്നു.  എന്തിനാണ് മമത ഒളിച്ചു കളിക്കുന്നത്. നിങ്ങളുടെ പാര്‍ട്ടി നേതാവായ കുറ്റവാളി നിങ്ങളുടെ ഭരണത്തില്‍ ഒളിവില്‍ കഴിയുന്നു. എന്തുകൊണ്ടാണ് നിങ്ങളുടെ പോലീസ് ഷെയ്ക്കിനെ പിടിക്കാത്തത്. സന്ദേശ് ഖാലിയിലെ പീഡിപ്പിക്കപ്പെട്ടവര്‍ക്ക് വേണ്ടി പശ്ചിമ ബംഗാള്‍ പോലീസ് ഒന്നും ചെയ്തില്ലെന്ന് പറയുന്നത് കോടതിയാണ്, കല്‍ക്കട്ട ഹൈക്കോടതി തന്നെ അത് പറഞ്ഞു. പക്ഷേ മമത ഇപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ തയ്യാറാകുന്നില്ല. മമതയും അവരുടെ പോലീസും അക്രമികള്‍ക്കു കുഴലൂതുകയാണ്.

 സന്ദേശ് ഖാലിയിലേക്ക് ചെന്ന ഗവര്‍ണര്‍ സി.വി.ആനന്ദബോസിനും ദേശീയ വനിതാ കമ്മിഷനും ഇത് ബോദ്ധ്യപ്പെട്ടതാണ്.  കോടതിക്കും  ബോദ്ധ്യപ്പെട്ടതാണ് അതുകൊണ്ടാണ് നിരോധനാജ്ഞ പിന്‍വലിക്കാന്‍ കോടതി പറഞ്ഞത്. പകരം നിങ്ങള്‍ പോലീസ് സംരക്ഷണം നല്‍കുകയാണ് വേണ്ടതെന്ന് കോടതി നിര്‍ദ്ദേശിച്ചു. അവിടേക്ക് പ്രതിപക്ഷ നേതാക്കളെ കടത്തിവിട്ടില്ല. ഒടുവില്‍ ഹൈക്കോടതി നിര്‍ദ്ദശ പ്രകാരമാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും ബി.ജെ.പിയുടെ എം.പിമാര്‍ക്കും എം.എല്‍.എ മാര്‍ക്കും അവിടം സന്ദര്‍ശിക്കാനായത്.

 അതിനിടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഖുകാരനായ ഐ.പി.എസ്. ഓഫീസറെ സുവേന്ദു അധികാരി ഖലിസ്ഥാനി എന്നു വിളിച്ചു എന്നും മമത ആരോപിക്കുന്നുണ്ട്. സംസ്ഥാന പോലീസ് തന്നെ ഇക്കാര്യം പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍  സുവേന്ദു അധികാരി അങ്ങനെ പറയുന്നത് കേള്‍ക്കുന്നില്ല. ഈ ഓഫീസര്‍ ബിജെ.പിയുടെ വനിതാ നേതാക്കളുമായാണ് സംസാരിക്കുന്നത്.  ഒരു രാ്ഷ്ട്രയീ നേതാവിനെ പോലെ ഈ ഐ.പി.എസ് ഓഫീസര്‍ ദീര്‍ഘ നേരം സംസാരിക്കുന്നതുമാത്രമാണ് നമുക്ക് കാണാന്‍ കഴിയുക. 24 മണിക്കൂറിനകം തനിക്കെതിരെയുള്ള ആരോപണം തെളിയിച്ചില്ലെങ്കില്‍ പോലീസിനെതിരെ മാനനഷ്ടക്കേസു കൊടുക്കുമെന്ന് സുവേന്ദു അധികാരി മുന്നറിയിപ്പ് നല്‍കി. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ കഴിയാത്ത മമതയുടെ സര്‍ക്കാര്‍ ജനരോഷത്തില്‍  നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സിഖുകാരനായ പോലീസ് ഓഫീസറെ രംഗത്തിറക്കിയിരിക്കുന്നത്.  സുവേന്ദു അധികാരിയെ തടഞ്ഞ ജസ്പ്രീത് സിംഗ് കോടതിയ ലക്ഷ്യമാണ് നടത്തിയിരിക്കുന്നത്. അതിനിടെ സിഖുകാരനായ പ്രതിഷേധക്കാരന്റെ മതപരമായ ചിഹ്നമായ തലപ്പാവ് വരെ അഴിപ്പിക്കുന്ന ബംഗാള്‍ പോലീസിന്റെ പഴയ ഒരു വീഡിയോയും ബി.ജെ.പി ഇറക്കിയിട്ടിട്ടുണ്ട്.

 ഏതായാലും ഒരു കാര്യം വ്യക്തമാണ്. തെരുവുകളില്‍ പ്രതിഷേധിച്ച് വളര്‍ന്ന മമതയ്ക്ക് ജനങ്ങള്‍ തന്നെ തിരിച്ചടി നല്‍കുകയാണ്. ജനം അത്രമാത്രം മമതയെ വെറുത്തുതുടങ്ങി. അതാണ് പശ്ചിമ ബംഗാളില്‍ നാം കാണുന്നത്. സ്ത്രീ ശക്തിയുടെ ഒരു പ്രകടനം തന്നെയാണ് ബംഗാളിലെ ഗ്രാമങ്ങളില്‍ കാണുന്നത്.

Related posts:

Leave a Reply

Your email address will not be published.