കേരളത്തിലെ ആത്മഹത്യകള്‍ക്ക് കാരണം സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍: കെ.സുരേന്ദ്രന്‍
1 min readകോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാഗമായി കേരളത്തില്‍ കടക്കെണിയില്‍പ്പെടുന്നവരുടെ ആത്മഹത്യ പെരുകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബാങ്കുകളുടെ ജപ്തി ഭീഷണി കാരണം പാലക്കാട്ടും കോട്ടയത്തും ആത്മഹത്യ നടന്നു. പത്തനാപുരത്ത് ശമ്പളം കിട്ടാതെ സാക്ഷരത പ്രേരക് ആത്മഹത്യ ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആദിവാസി യുവാവ് ആത്മഹത്യ ചെയ്തിട്ടും ഒരു നടപടിയുമില്ലെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അട്ടപ്പാടി മധുവിന്റെ കേസില്‍ നടന്നതു തന്നെയാണ് വയനാട് സ്വദേശിയായ വിശ്വനാഥന്റെ ആത്മഹത്യയിലും നടന്നത്. അന്വേഷണം പ്രഖ്യാപിച്ചെന്ന് കോഴിക്കോട് പൊലീസ് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ആദിവാസി വിഭാഗങ്ങളോട് കേരള സര്‍ക്കാരിന്റെ സമീപനം ലോകം ചര്‍ച്ച ചെയ്യുകയാണ്. സാക്ഷരത പ്രേരകിന്റെ ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയുമില്ല. സാക്ഷരത പ്രേരകിന്റെ കുടുംബത്തിനും വിശ്വനാഥന്റെ കുടുംബത്തിനും 50 ലക്ഷം രൂപയുടെ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിക്കണം. തുര്‍ക്കിയിലേക്ക് 10 കോടി കൊടുക്കും മുമ്പ് സ്വന്തം നാട്ടുകാരുടെ കാര്യം സര്‍ക്കാര്‍ നോക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര വിഹിതം കുറവെങ്കില്‍ മുഖ്യമന്ത്രി ദില്ലിയില്‍ പോയി സമരം ചെയ്യാത്തതെന്ത്?
വലിയ തോതില്‍ നികുതി ഭാരമാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കള്ളം പറയുകയാണ്. കേരളത്തിന് അര്‍ഹമായ തുക ലഭിക്കാനുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ രേഖാമൂലം കേന്ദ്രത്തോട് ആവശ്യപ്പെടാത്തത്?
കേരളത്തിലെ എംപിമാര്‍ എന്തുകൊണ്ട് പാര്‍ലമെന്റില്‍ പ്രതികരിക്കുന്നില്ല? സംസ്ഥാനത്തിന്റെ പിടിപ്പുകേടിന് കേന്ദ്രത്തിനെ പഴിചാരിയിട്ട് കാര്യമില്ല.
കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന നികുതി വിഹിതത്തിന്റെ ഒരു ഭാഗം സംസ്ഥാനങ്ങള്‍ വിതരണം ചെയ്യുന്നത് ധനകാര്യ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പതിനാലാം ധനകാര്യ കമ്മീഷന്‍ 41% സംസ്ഥാനങ്ങള്‍ക്ക് വകയിരുത്തുന്നു.
ബിജെപി ഭരിക്കുന്നത് കൊണ്ട് മാത്രം സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും കൊടുക്കാനാവില്ല. കണക്ക് നോക്കിയാല്‍ ശരാശരിയിലും കുറവാണ് ബിജെപി സര്‍ക്കാരുകള്‍ക്കുള്ളതെന്ന് ബോധ്യമാവും. യുപിയ്ക്ക് യുപിഎ സര്‍ക്കാര്‍ കൊടുത്തതിനേക്കാള്‍ കുറവാണ് ഇപ്പോള്‍ ലഭിക്കുന്നത്.
സംസ്ഥാനം കേന്ദ്രത്തിന് കൃത്യമായ രേഖകള്‍ നല്‍കുന്നില്ലെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്.
780 കോടി ജിഎസ്ടി കൗണ്‍സില്‍ നല്‍കാനുണ്ടെന്നിരിക്കെ 20,000 കോടിയുടെ കുടിശ്ശിക നല്‍കാനുണ്ടെന്ന വ്യാജ പ്രചരണമാണ് ധനമന്ത്രി നടത്തുന്നത്. 2,000 കോടി വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ബജറ്റില്‍ മാറ്റി വെച്ച സംസ്ഥാന സര്‍ക്കാര്‍ 750 കോടി അധികം കിട്ടാന്‍ രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തി. സെസ് ഒഴിവാക്കിയാല്‍ തന്നെ വിലക്കയറ്റം നിയന്ത്രിക്കാമെന്നിരിക്കെ എന്തിനാണീ പൊറോട്ട് നാടകം.
കേരള ബജറ്റ് പ്രകാരം റവന്യൂ ഇന്‍കം 1,36,427 കോടി രൂപയും മൂലധന നിക്ഷേപം 14,606 കോടി രൂപയുമാണ്. ഇതേ തുകയുടെ അത്ര രൂപ 1.33 ലക്ഷം കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മാത്രം കേരളത്തിന് നല്‍കി. എന്നിട്ടും കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറയാന്‍ ബാലഗോപാലിന് മാത്രമേ സാധിക്കൂ.
2009 മുതല്‍ 2014 വരെ യുപിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 55,058 കോടിയാണെങ്കില്‍ 2017 മുതല്‍ 22 വരെ 2,29,844 കോടി രൂപ മോദി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുവദിച്ചതിന്റെ നാലിരട്ടി ബിജെപി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചു എന്നതാണ് വാസ്തവം.
ഏറ്റവും കൂടുതല്‍ റെവന്യൂ ഡെഫസിറ്റ് ഗ്രാന്‍ഡ് ലഭിക്കുന്നത് കേരളത്തിനാണ്. 53,000 കോടിയിലധികമാണ് സംസ്ഥാനത്തിന് അനുവദിച്ചത്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെങ്കില്‍ പിണറായി വിജയന്‍ ദില്ലിയില്‍ പോയി സമരം ചെയ്യട്ടെയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
യുഡിഎഫ് എന്തിനാണ് ഇടത് സര്‍ക്കാരിന് കുടപിടിക്കുന്നതെന്ന് മനസിലാവുന്നില്ല. രാഹുല്‍ ഗാന്ധി വയനാടിന് വേണ്ടി എന്ത് ചെയ്തു. സ്ഥലം എംപിയായ രാഹുല്‍ കേന്ദ്രം ആസ്പിരേഷന്‍ ജില്ലയായി പ്രഖ്യപിച്ച വയനാട്ടിലെ ഒരു യോഗത്തിന് പോലും പങ്കെടുത്തിട്ടില്ല. മഹാഭൂരിപക്ഷം പട്ടിക വിഭാഗക്കാര്‍ താമസിക്കുന്ന മണ്ഡലത്തിന് വേണ്ടി അദ്ദേഹം ഒന്നും ചെയ്യുന്നില്ല. രാഹുലിനെതിരെ ഡിവൈഎഫ്‌ഐയും മിണ്ടുന്നില്ല.
കേരളം സുരക്ഷിതമല്ലെന്ന് അമിത്ഷാ പറഞ്ഞത് സത്യമാണ്. പിഎഫ്‌ഐയെ പറഞ്ഞാല്‍ പിണറായിക്ക് പൊള്ളുന്നതെന്തിനാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.