മതപഠനക്ലാസുകള്‍ വിലക്കിയ ഉത്തരവ് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് ജയില്‍ വകുപ്പ്
1 min readതിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളില്‍ മതപഠന ക്ലാസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് ജയില്‍ വകുപ്പ്. മത സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ജയില്‍ മേധാവി ഉത്തരവ് പിന്‍വലിച്ചത്.
ഇന്നലെ വൈകിട്ടോടെയാണ് വിലക്ക് ഏര്‍പ്പെടുത്തി ജയില്‍ വകുപ്പ് ഉത്തരവിറക്കിയത്. വിലക്ക് പിന്‍വലിച്ചതോടെ പെസഹവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ തടവുകാര്‍ക്ക് പങ്കെടുക്കാം.
മതസംഘടനകളാണ് ജയിലിലെത്തി തടവുകാര്‍ക്ക് ക്ലാസെടുത്തിരുന്നത്. ഇവര്‍ക്ക് പ്രവേശനം നല്‍കരുതെന്ന് ഉത്തരവിലുണ്ടായിരുന്നു. ഇതിനു പകരമായി മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കാനായിരുന്നു നിര്‍ദ്ദേശം. മതസംഘടനകള്‍ നടത്തുന്ന പ്രാര്‍ത്ഥനക്കും കൗണ്‍സിലിംഗിനും അനുമതി നിഷേധിച്ചിരുന്നു.
ഉത്തരവിറങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായെത്തിയ കെസിബിസി അധ്യക്ഷന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. വിശുദ്ധവാരത്തില്‍ വന്ന വിലക്ക് പിന്‍വലിക്കണമെന്ന് കര്‍ദ്ദിനാള്‍ ക്ലിമ്മിസും ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ഉത്തരവ് പിന്‍വലിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് മതപഠനം വിലക്കിയത് എന്ന കാര്യം വ്യക്തമല്ല.