ഒമര്‍ ലുലുവിനും നിര്‍മാതാവിനുമെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
1 min readകൊച്ചി: ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനും നിര്‍മാതാവിനും എതിരെ എക്‌സൈസ് വകുപ്പ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.
സിനിമയുടെ ട്രെയിലറില്‍ കഥാപാത്രം എംഡിഎംഎ ഉപയോഗിക്കുന്നത് ലഹരി ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടികാട്ടിയായിരുന്നു എക്‌സൈസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
ഒമര്‍ ലുലുവിനും നിര്‍മാതാവിനും നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. സിനിമയിലെ രംഗങ്ങളുടെ പേരില്‍ എങ്ങനെയാണ് അതില്‍ അഭിനയിക്കുന്നവര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുക്കുകയെന്ന് ഹൈക്കോടതി ചോദിച്ചു. അങ്ങനെയാണെങ്കില്‍ കൊലപാതക രംഗങ്ങളുള്ള സിനിമകളില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് അഭിനേതാവിനും സംവിധായകനുമെതിരെ കേസെടുക്കണ്ടേയെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു.
പുതുമുഖങ്ങളെ അണിനിരത്തി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഷാദ് ആണ് നായകന്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയിലുള്ളത്. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.