മലയാളം സർവകലാശാല വിസി നിയമനം: സർക്കാർ നീക്കത്തെ എതിർത്ത് ഗവർണർ

1 min read

തിരുവനന്തപുരം : മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി സർക്കാർ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനെ എതിർത്ത് ഗവർണർ. സർക്കാർ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നന്വേഷിച്ച് ഗവർണർ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തു നൽകിയിട്ടുണ്ട്.
മലയാളം സർവകലാശാല വിസി നിയമിക്കുന്നതിനായി രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് രണ്ടു തവണ കത്ത് നൽകിയിരുന്നു. അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനായിരുന്നു സർക്കാർ തീരുമാനം. അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതു സംബന്ധിച്ച ബില്ല് നിയമസഭ പാസാക്കിയെങ്കിലും ഗവർണർ അംഗീകാരം നൽകിയിട്ടില്ല. നിലവിലുള്ള നിയമപ്രകാരം മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് രൂപീകരിക്കേണ്ടത്.
നേരത്തെ മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ നീക്കം നടത്തിയിരുന്നെങ്കിലും സർക്കാർ നോമിനിയെ നൽകിയിരുന്നില്ല. പിന്നീടാണ് അഞ്ചംഗ സെർച്ച് കമ്മിറ്റിയുമായി സർക്കാർ നീങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത് എന്ന് ഗവർണർ ആരാഞ്ഞത്.
സർക്കാർ പ്രതിനിധിയും ഗവർണറുടെ പ്രതിനിധിയും യുജിസി പ്രതിനിധിയും അടങ്ങുന്ന മൂന്നംഗ സെർച്ച് കമ്മിറ്റിയിൽ സിപിഎമ്മിന്‌ മേൽക്കൈ ലഭിക്കില്ലെന്നും തങ്ങളുടെ ഇഷ്ടക്കാരെ വിസിയായി നിയമിക്കാൻ സാധിക്കില്ലെന്നും മനസ്സിലാക്കിയാണ്, തങ്ങൾക്കു മുൻതൂക്കം ലഭിക്കുന്ന രീതിയിൽ അഞ്ചംഗ സെർച്ച് കമ്മിറ്റിയുമായി സർക്കാർ മുന്നോട്ടു വന്നത്.

Related posts:

Leave a Reply

Your email address will not be published.