വെട്ടിലായി സര്‍ക്കാരും സിപിഎമ്മും
1 min read
ഗവര്‍ണറുടെ താമസം സര്‍വകലാശാലാ ഗസ്റ്റ്ഹൗസില്‍
സര്‍വകലാശാലകളില്‍ ഗവര്‍ണറെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ.യുടെ ഭീഷണി ഏറ്റെടുത്ത് ഗവര്‍ണര്‍. ശനിയാഴ്ച കോഴിക്കോട്ടെത്തുന്ന ഗവര്‍ണര്‍ താമസിക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലാ ഗസ്റ്റ് ഹൗസില്‍. എസ്.എഫ്.ഐ.യെ ഒതുക്കുകയും ഗവര്‍ണറെ സംരക്ഷിക്കുകയും ചെയ്യേണ്ടത് പിണറായി പോലീസാണെന്ന് മനസിലാക്കിയാണ് ഗവര്‍ണര്‍ പന്ത് പോലീസിന്റെ കളത്തിലേക്ക് തട്ടിയത്. ഗവര്‍ണറുടെ തീരുമാനത്തോടെ സിപിഎമ്മും സര്‍ക്കാരും പ്രതിസന്ധിയിലായി. കഴിഞ്ഞ തവണത്തെപ്പോലെ ഇനി ഗവര്‍ണറെ തടയാന്‍ എസ്.എഫ്.ഐക്ക് കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് സര്‍ക്കാരിനും ബോധ്യമുണ്ട്. എസ്.എഫ്.ഐക്കാണെങ്കില്‍ പ്രഖ്യാപനം നടത്തിയ സ്ഥിതിക്ക് പിന്‍വാങ്ങാനും പ്രയാസമാണ്. പോലീസിന്റെ സുരക്ഷയില്‍ വീഴ്ചയുണ്ടായാല്‍ സി.ഐ.എസ്.എഫ് പോലെയുള്ള കേന്ദ്രസേനയെ ഗവര്‍ണറുടെ സംരക്ഷണം ഏല്‍പ്പിക്കുന്ന സാഹചര്യവുമുണ്ടാകും. ഇതിന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ തീരുമാനം മതി. ഗവര്‍ണറെ കാമ്പസുകളില്‍ കയറ്റില്ലെന്ന തരത്തില്‍ പ്രതിഷേധമുണ്ടായാല്‍ ആ വഴി തേടാനുള്ള ആലോചനകളും അണിയറയില്‍ നടക്കുന്നുണ്ട്. കേന്ദ്രസേന ഗവര്‍ണറുടെ സുരക്ഷ ഏറ്റെടുക്കുന്നത് പോലീസിന് നാണക്കേടാണ്.
ഇന്ന് ഇന്റലിജന്‍സ് എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍, ഗവര്‍ണര്‍ക്ക് ഒരുക്കേണ്ട സുരക്ഷ വിലയിരുത്താന്‍, പോലീസ് ഉന്നതോദ്യോഗസ്ഥരുടെ യോഗം ചേരുകയാണ്. ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ.യുടെ അതിക്രമത്തില്‍ ആദ്യം ദുര്‍ബല വകുപ്പിട്ട പോലീസ,് ഗവര്‍ണര്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ഗവര്‍ണര്‍ക്കെതിരായ അക്രമത്തിനുള്ള പ്രത്യേക വകുപ്പ് ചുമത്തുകയായിരുന്നു. യാത്രാറൂട്ട് പോലീസ് ഉദ്യോഗസ്ഥര്‍തന്നെ ചോര്‍ത്തി നല്‍കിയെന്ന ആരോപണവും പോലീസ് സേനയ്ക്കു മറ്റൊരു നാണക്കേടായാണ് മാറിയത്. ഇന്നു കോഴിക്കോട്ടെത്തുന്ന ഗവര്‍ണര്‍ ശനിയാഴ്ച പാണക്കാട്ടെ വിവാഹത്തില്‍ പങ്കെടുത്ത് തിങ്കളാഴ്ച തിരുവനന്തപുരത്തേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നത്.