അമൃത്പാല്‍ കാറില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്, അയല്‍സംസ്ഥാനങ്ങളിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ച് പഞ്ചാബ് പൊലീസ്

1 min read

ജലന്ധര്‍: ഖലിസ്ഥാന്‍ വാദി അമൃത്പാല്‍ സിങ് പൊലീസ് പിടിയില്‍ നിന്നും കാറില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച ജലന്ധറിലെ ടോള്‍ പ്ലാസയില്‍ നിന്നും അമൃത്പാല്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നാലു പ്രതികള്‍ ചേര്‍ന്നാണ് അമൃത് പാലിനെ രക്ഷപ്പെടുത്തിയതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. അമൃത് പാല്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബ്രസ്സ കാര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രതിക്കായി തെരച്ചില്‍ നടത്തുന്നുവെന്നും പഞ്ചാബ് പൊലീസ് ഐജി സുക്ചായിന്‍ സിങ് അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില സമാധാനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി . പൊലീസിന് ഇന്റലിജന്‍സ് വീഴ്ചയുണ്ടായതായി കുറ്റപ്പെടുത്തി.

അമൃത്പാല്‍ സിങിനെതിരെ ദേശീയ സുരക്ഷ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയതായി പൊലീസ് കോടതിയില്‍ പറഞ്ഞു. സമാധാന സാഹചര്യം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വ്യക്തമാക്കി. തുടര്‍ച്ചയായ നാലാം ദിവസവും ഖലിസ്ഥാന്‍വാദി നേതാവിനെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുന്ന പഞ്ചാബ് പൊലീസിന് കോടതിയില്‍ നേരിട്ടത് രൂക്ഷ വിമര്‍ശനമാണ്.

80,000 പൊലീസുകാരുള്ള സംസ്ഥാനത്ത് എന്തുകൊണ്ട് അമൃത്പാല്‍ സിങിനെ പിടികൂടാന്‍ കഴിയുന്നില്ലെന്ന് കോടതി ചോദിച്ചു. പൊലീസിന് ഉണ്ടായത് ഇന്റലിജന്‍സ് വീഴ്ചയാണെന്ന കുറ്റപ്പെടുത്തിയ കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കേസില്‍ അഭിഭാഷകനായ തനു ബേദിയെ കോടതി അമിക്കസ്‌ക്യൂരിയായി നിയമിച്ചു . അമൃത്പാല്‍സിങ് നേതൃത്വം നല്‍കുന്ന വാരിസ് പഞ്ചാബ് ദേ യുടെ നിയമോപദേശകന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയില്‍ നിന്ന് പൊലീസിന് നേരെ വിമര്‍ശനം നേരിട്ടത്.

Related posts:

Leave a Reply

Your email address will not be published.