പഴയിടം ഇരട്ട കൊലപാതക കേസ് ശിക്ഷ സംബന്ധിച്ച അന്തിമ വിധി 24ന്.
1 min readകോട്ടയം: പിതൃസഹോദരിയെയും, ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പഴയിടം ചൂരപ്പാടി അരുണ്‍ ശശിയുടെ (39) ശിക്ഷ 24ന് കോടതി പ്രഖ്യാപിക്കും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി (2) ജഡ്ജി ജെ.നാസറാണ് കേസില്‍ ശിക്ഷ വിധിക്കുക.
ഭവനഭേദനം,മൃഗീയമായ കൊലപാതകം, കവര്‍ച്ച എന്നീ കുറ്റങ്ങളാണ് പ്രതി അരുണിന്റെ മേല്‍ കണ്ടെത്തിയിരുന്നത്. ദൃസാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ ജിതീഷാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. 2013 ആഗസ്റ്റ് 28 നാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. പിതൃസഹോദരി മണിമല പഴയിടം തീമ്പനാല്‍ വീട്ടില്‍ തങ്കമ്മയെയും (65) ഭര്‍ത്താവ് ഭാസ്‌കരന്‍നായരെയുമാണ് (69) രാത്രിയില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി ചുറ്റികക്ക് അടിച്ചുകൊലപ്പെടുത്തിയത്.
തന്റെ പ്രായം പരിഗണിക്കണമെന്നും, മാതാപിതാക്കള്‍ മരിച്ചു പോയതിനാല്‍ സഹോദരിയുടെയും, മാരക അസുഖ ബാധിനായ സഹോദരി ഭര്‍ത്താവിന്റെയും, കുടുംബത്തിന്റെയും സംരക്ഷണം തനിക്കുണ്ടെന്ന് പ്രതി പറഞ്ഞു. മാനസീക പരിവര്‍ത്തനത്തിനുള്ള സമയം കൊടുക്കണമെന്ന് പ്രതിഭാഗം അഭിഭാഷകനും ചൂണ്ടിക്കാട്ടി.
എന്നാല്‍ പ്രതിയുടെ കഴിഞ്ഞ കാല കുറ്റകൃത്യ പശ്ചാത്തലം പരിഗണിച്ചാല്‍ പ്രതി ദയയ്ക്ക് അര്‍ഹനല്ലെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ പരിഗണിച്ചാണ് അന്തിമ വിധി പറയുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത്.