ഓസ്‌കറിൽ ഇരട്ടനേട്ടവുമായി ഇന്ത്യ; മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം ‘ദ എലിഫന്റ് വിസ്പറേഴ്സ്’
1 min readമികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം നാട്ടുനാട്ടുവിനു ലഭിച്ചതിനു പിന്നാലെ, മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം ‘ദ എലിഫന്റ് വിസ്പറേഴ്സ്’ കരസ്ഥമാക്കി.
തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കി നിർമ്മിച്ച ഡോക്യുമെന്ററി തമിഴിലാണ് ഒരുക്കിയിരിക്കുന്നത്. കാർത്തികി ഗോൾസാൽവേസ് സംവിധാനം ചെയ്ത ഡോക്യുമെന്റിറി നിർമ്മിച്ചിരിക്കുന്നത് ഗുനീത് മോംഗയാണ്. രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റെയും ബെല്ലിയുടെയും അഭേദ്യമായ ബന്ധമാണ് ‘ദ എലിഫന്റ് വിസ്പറേഴ്സ്’ന്റെ പ്രമേയം. തമിഴനാട്ടിലെ ഗോത്രവിഭാഗത്തിൽപ്പെട്ട ദമ്പതികളാണ് ബൊമ്മനും ബെല്ലിയും. കാട്ടിൽ ഉപേക്ഷിക്കപ്പെടുന്ന ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് രണ്ടുപേരും . ഇവരുടെ ജീവിതകഥയാണ് ‘ദ എലിഫന്റ് വിസ്പറേഴ്സ്’.
രസകരമായ നിരവധി കഥകളുള്ള മണ്ണാണ് ഇന്ത്യയെന്നും അവയ്ക്ക് സമുദ്രങ്ങൾ കടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള കഴിവുണ്ടെന്നും സംവിധായിക കാർത്തികി ഗോൾസാൽവേസ് പറഞ്ഞു. ബെംഗളുരുവിൽ നിന്ന് ഊട്ടിയിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ആനക്കുട്ടിയുമായി നടക്കുന്ന ഒരാളെ ഗോൾസാൽവേസ് കാണുന്നത്. ആ കാഴ്ചയാണ് ഈ ഡോക്യുമെന്ററിക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതിൽ ഗോത്രവിഭാഗത്തിനുള്ള പ്രാധാന്യത്തെപ്പറ്റി പറയാനും ചിത്രം ശ്രമിച്ചിട്ടുണ്ട്. മൃഗങ്ങളുടെ ക്രൂരമായ സ്വഭാവത്തെക്കുറിച്ച് നിവധി കഥകൾ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ മൃഗങ്ങളുടെ സ്‌നേഹത്തിന്റെ കഥ പ്രചരിപ്പിക്കാനാണ് ശ്രമിച്ചതെന്നും ഗോൺസാൽവേസ് പറഞ്ഞു.
ഇന്ത്യയിൽ ഒരു ഡോക്യുമെന്ററി തരംഗം തന്നെയുണ്ടെന്നും കഴിവുറ്റ സംവിധായകർ ഇന്ത്യക്ക് അംഗീകാരങ്ങൾ കൊണ്ടുവരുമെന്നും നിർമ്മാതാവ് ഗുനീത് മോംഗേ പറഞ്ഞു.
ദ എലിഫന്റ് വിസ്പറേഴ്സിലൂടെ കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയും തങ്ങൾ പറയാൻ ശ്രമിച്ചിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
പുരസ്‌കാരം നേടിയ ‘ദ എലിഫന്റ് വിസ്പറേഴ്സ്’നെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. സുസ്ഥിര വികസനത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും പ്രാധാന്യം അവർ മികച്ച രീതിയിൽ തുറന്നു കാണിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.