മരിച്ച ഡോ. ഷഹ്ന പരാമര്‍ശിച്ചവര്‍ ആര് ?  പൊലീസിന് ഉന്നതരെ ഭയമുണ്ടോ

1 min read

 ഷഹ്നയുടെ ആത്മഹത്യക്കുറിപ്പ് ഒ.പി ടിക്കറ്റിലല്ലെന്ന് പോലീസ് ,
ആണെന്ന് പറഞ്ഞതും പോലീസല്ലെ

 സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിക്കുന്നത്…. വിവാഹ വാഗ്ദാനം നല്‍കി എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വര്‍ണവും ഏക്കര്‍ കണക്കിന് വസ്തുവും ചോദിച്ചാല്‍ കൊടുക്കാന്‍ എന്റെ വീട്ടുകാരുടെ കയ്യില്‍ ഇല്ലെന്നുള്ളത് സത്യമാണ്.  ആത്മഹത്യ ചെയ്ത, അല്ലെങ്കില്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട മെഡിക്കല്‍ പി.ജി വിദ്യാര്‍ഥിനി ഡോ.ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലെ വാചകങ്ങളില്‍ ചിലതാണിത്. ആത്മഹത്യക്കുറിപ്പില്‍ പ്രതിയുടെ പേരും പങ്കും വ്യക്തമായി പറയുന്നുണ്ട്.  കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും മെഡിക്കല്‍ പി.ജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും സമരമുഖത്തെ തീപ്പന്തവുമായിരുന്ന ഡോ.റുവൈസാണ് കേസിലെ പ്രതി. അതേ സമയം മറ്റ് ചിലരെക്കുറിച്ചുള്ള ഗുരുതരമായ പരാമര്‍ശങ്ങളും കുറിപ്പിലുണ്ട്. അവര്‍ ആരാണെന്ന് പോലീസ് ഇപ്പോള്‍ പറയുന്നില്ല. അന്വേഷിച്ച് മാത്രം ആ  പേര് പുറത്തുവിട്ടാല്‍ മതി. കോടതി രേഖയായതുകാരണം ഇനി ആ പേരുകള്‍ മുക്കാനൊന്നും പോലീസിന് കഴിയില്ലെന്ന് നമുക്ക് വിശ്വസിക്കാം. പ്രതീക്ഷിക്കാം.

 ആരെയെങ്കിലും പോലീസിന് കേസില്‍ നിന്നൊഴിവാക്കാന്‍ താല്പര്യമുണ്ടോ. അതില്‍ പരാമര്‍ശിക്കുന്നവര്‍ ഉന്നതരാണോ. നേരത്തെ മാദ്ധ്യമ പ്രവര്‍ത്തകരോട് ഒ.പി ടിക്കറ്റിലാണ് ഡോ. ഷഹ്ന ആത്മഹത്യക്കുറിപ്പ് എഴുതിയതെന്നും സ്ത്രീധന പ്രശ്നത്തെക്കുറിച്ചുള്ള പരാമര്‍ശമോ ആര്‍ക്കെങ്കിലും എതിരായ ആരോപണമോ കുറിപ്പിലില്ലെന്നും  പറഞ്ഞ പോലീസ് തന്നെയാണ് ഇപ്പോള്‍ കോടതിയില്‍ തിരിച്ചുള്ള  റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്. നേരത്തെ പറഞ്ഞതുപോലുള്ള ഒ.പി ടിക്കറ്റിലുളള ആത്മഹത്യ കുറിപ്പല്ല,  എ ഫോര്‍ സൈസിലുള്ള നാല് പേജ് കുറിപ്പാണ് ഡോ.ഷഹന എഴുതിയിരിക്കുന്നതെന്നും ഇപ്പോള്‍ പോലീസ് പറയുന്നു. അപ്പോള്‍ തുടക്കത്തില്‍ പോലീസ് ഒളിച്ചുകളിച്ചു എന്നു വ്യക്തമല്ലെ. ഇനി കളിക്കില്ല എന്നും പറഞ്ഞുകൂടാ. ഇപ്പോള്‍ നാട്ടുകാരുടെയും മാദ്ധ്യമങ്ങളുടെയും ഒക്കെ രോഷപ്രകടനം കാണും. കുറച്ചുകഴിഞ്ഞാല്‍ പ്രതികളെയൊക്കെ തന്ത്രത്തില്‍ ഊരിയെടുക്കാനും കഴിയും. അതായിരിക്കും ഗെയിം പ്ലാന്‍.

റുവൈസുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് ഡോ.ഷഹനയുടെ കുറിപ്പില്‍ പ്രതിപാദിക്കുന്നുണ്ട്.  വിവാഹം കഴിക്കാനായി  വന്‍ തുക സ്ത്രീധനം ആവശ്യപ്പെട്ടതും റുവൈസിന്റെ കുടുംബം കാണിച്ച അവഗണനയും ഷഹനയുടെ ആത്മഹത്യാക്കുറിപ്പില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.  ആപല്‍ഘട്ടം വന്നപ്പോള്‍ ചിലര്‍ തനിക്കൊപ്പം നിന്നില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ഷഹ്നയുടെ  ഈ കുറിപ്പും പോലീസ് കോടതിക്കു കൈമാറിയിട്ടുണ്ട്.. ഷഹ്നയുടെ സഹോദരി സറീന, മാതാവ് ജലീല ബീവി എന്നിവരുടെ മൊഴിയെ തുടര്‍ന്നാണ് സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയും റുവൈസിനെതിരെ കേസെടുത്തതെന്നാണ് പോലീസ് പറയുന്നത്.

ReplyForward

Related posts:

Leave a Reply

Your email address will not be published.