‘ദ കംപ്ലീറ്റ് ആക്റ്റര്‍’; ഗുരുവേ നമിച്ചു…!
1 min readഒറ്റ ടേക്കിലെടുത്ത് അത്ഭുതപ്രതിഭ
പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭ. ‘ദ കംപ്ലീറ്റ് ആക്റ്റര്‍’…. മലയാള സിനിമയില്‍ ഈ ഒരു വിശേഷണത്തിന് അര്‍ഹനായ ഹീറോ.. അത് ഒരേയൊരാള്‍ മാത്രം… മോഹന്‍ലാല്‍… പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ അദ്ദേഹം നെയ്‌തെടുത്ത പദവിയാണ് അത്. അത്തരത്തില്‍ ലാലേട്ടന്‍ അനശ്വരമാക്കിയ ഒട്ടനവധി സിനിമകളില്‍ ഒന്നാണ് ‘ചിത്രം’. 1988ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ വലിയൊരു സിനിമ തന്നെയാണ്. ചിത്രത്തില്‍ വിഷ്ണു എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
‘എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ’ തുടങ്ങിയ ഡയലോഗൊക്കെ പ്രേക്ഷകരുടെ കണ്ണിനെ ഈറനണിയിച്ചത് ചെറിയ രീതിയില്‍ ഒന്നും ആയിരുന്നില്ല. അത്രത്തോളം കഥാപാത്രത്തിലോട്ട് ആഴത്തിലിറങ്ങിയുള്ള പ്രകടനമായിരുന്നു മോഹന്‍ലാലിന്റേത്. ചിത്രത്തിലെ സീനുകള്‍ക്കപ്പൊം നില്‍ക്കുന്ന ഒന്നായിരുന്നു അതിലെ പാട്ടുകള്‍. പ്രത്യേകിച്ച് ‘സ്വാമിനാഥ പരിപാലയ..’എന്ന ഗാനം.
ഈ ഗാനത്തിലെ സ്വരം ഒറ്റടേക്കിലാണ് ലാലേട്ടന്‍ പാടി തീര്‍ത്തതെന്ന് പറയുകയാണ് ഗാനമാലപിച്ച എംജി ശ്രീകുമാര്‍. ഒരു അഭിമുഖത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചില്‍.
‘സ്വാമിനാഥ എന്ന കീര്‍ത്തനം ചിത്രം സിനിമയുടെ ക്ലൈമാക്‌സ് ആയി ഇടുകയാണെന്ന് പ്രിയന്‍ എന്നെ വിളിച്ചു പറഞ്ഞു. ഞാനപ്പോള്‍ ഒന്നും മിണ്ടിയില്ല. കാരണം അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. ഒടുവില്‍ മദ്രാസില്‍ പോയി റെക്കോര്‍ഡ് ചെയ്തു. അന്ന് വൈകുന്നേരം എന്ത് ചെയ്യാനാ ഇതെന്ന് പ്രിയനോട് ചോദിച്ചു. പടം തീരുന്നത് ഈ പാട്ട് കൊണ്ടാണ്. പിന്നെ എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ എന്ന ഡയലോഗും. ശരിക്കും അത് പ്രിയന്റെ ചങ്കൂറ്റം ആണ്. ആ പാട്ട് കൂടി വന്നപ്പോള്‍ സിനിമയുടെ ഫീല്‍ കൂടി. അതിന് വേണ്ടി ചെറിയ പൊടികൈകളും ഞാന്‍ പാട്ടില്‍ ഇട്ടിട്ടുണ്ട്. മുരുകാലയ സ്റ്റുഡിയോയില്‍ വച്ചായിരുന്നു പാട്ടിന്റെ ഷൂട്ട്. സ്റ്റുഡിയോയില്‍ ഞാന്‍ എത്തിയതും ലാല്‍ എന്റെ ചെവിയില്‍ ഒരു പതിനഞ്ച് തെറി. ഞാന്‍ എന്തോന്ന് ചെമ്മാം കുടി ശ്രീനിവാസ അയ്യരാടെയ് എന്നൊക്കെ പറഞ്ഞ് കുറേ പറഞ്ഞു. പാട്ടിലെ സ്വരത്തില്‍ പ്രിയനൊരു പണി കൊടുത്തു. മുന്നില്‍ ക്യാമറ ഉണ്ടാകും. ഇത് നോക്കി ആ സ്വരം മുഴുവനും പാടണമെന്ന് മോഹന്‍ലാലിനോട് പറഞ്ഞു. ഡയലോഗ് ആണേല്‍ എത്രവേണേലും പറയാം. ഈ സ്വരമൊന്നും കറക്ടായി വരില്ലെന്ന് ലാല്‍ പറഞ്ഞു. ഒടുവില്‍ ലാല്‍ എന്നോട് പറഞ്ഞു നീയാണ് ഇതിന് ഉത്തരവാദി, ക്യാമറയുടെ താഴത്ത് ഇരി. പേപ്പറില്‍ സ്വരമെല്ലാം എഴുതി ക്യാമറയ്ക്ക് താഴേ ഇരുന്നു. ഞാന്‍ ഉറക്കെ സ്വരവും പറയുന്നു, ഒപ്പം പേപ്പറും കാണിച്ച് കൊടുക്കുന്നുണ്ട് ലാലിന്. പറഞ്ഞാല്‍ വിശ്വസിക്കില്ല, മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടറെന്ന് പറയുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. ഒറ്റ ടേക്കില്‍ ഫിനിഷ് ചെയ്തു. അവിടെ ചായ കൊടുത്തോണ്ട് നിന്നവര്‍ വരെ കയ്യടിച്ചു. പ്രിയന്‍ കട്ട് പറഞ്ഞില്ല ഓടിക്കളഞ്ഞ്. മോഹന്‍ലാല്‍ എന്നെ നോക്കിയിട്ട് മതിയാ എന്ന് ചോദിച്ചു. ഗുരുവെ നമിച്ചെന്ന് ഞാനും. വെറുതെ പാടിയതല്ല അത്. ആ കഥാപാത്രത്തിന്റെ ഫുള്‍ ഫീലും കണ്ണിലും മുഖത്തുമൊക്കെ വരുന്നുണ്ട്’, എന്നാണ് എംജി ശ്രീകുമാര്‍ പറഞ്ഞത്