കെ.ടി.ജലീല്‍ ആര്, ക്രൈസ്തവ സഭയെ വിമര്‍ശിക്കാന്‍
1 min readസജി ചെറിയാനെയും ജലീലിനെയും തള്ളി ക്രൈസ്തവ സഭ
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ പരിഹസിച്ച മന്ത്രി സജി ചെറിയാനെയും മുന്‍മന്ത്രി കെ.ടി. ജലീലിനെയും രൂക്ഷമായി വിമര്‍ശിച്ച് കേരള കത്തോലിക് ബിഷപ് കൗണ്‍സില്‍. ഔദ്യോഗികസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്ന് കെ.സി.ബി.സി. വക്താവ് ഫാദര്‍ ജേക്കബ് ജി. പാലക്കാപ്പള്ളി പറഞ്ഞു.
സംസ്ഥാനത്തെ ഒരു മന്ത്രി, അദ്ദേഹം സംസ്ഥാനത്തെ അല്ലെങ്കില്‍ രാജ്യത്തെ ഉന്നതമായ സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തികളെ അഭിസംബോധന ചെയ്ത് അവരെ വിമര്‍ശിക്കുമ്പോള്‍ പോലും ഉപയോഗിക്കുന്ന പദങ്ങള്‍ വളരെ സഭ്യമായിരിക്കണം. കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചവിധം മാന്യമായ പദങ്ങള്‍ കൊണ്ട് വിമര്‍ശിക്കാനുള്ള അവകാശം ആര്‍ക്കും ഉണ്ട്. അത്തരം വിമര്‍ശനങ്ങളാണ് ഇത്തരം സ്ഥാനങ്ങളില്‍ ഇരിക്കുന്നവരില്‍നിന്ന് നാം പ്രതീക്ഷിക്കുന്നത്.വൈന്‍ കുടിച്ചാല്‍ രോമാഞ്ചമുണ്ടാകുന്നവരാണ് മെത്രാന്മാര്‍ എന്ന രീതിയില്‍ അപഹസിച്ച് സംസാരിക്കുന്നത് സംസ്ഥാനത്തെ ഒരു മന്ത്രിക്ക് യോജിച്ചതാണോ എന്ന് അദ്ദേഹം ചിന്തിക്കണം.
കെ.സി.ബി.സി. നടത്തിയ ക്രിസ്മസ് വിരുന്നിനെ കുറിച്ച് മുന്‍മന്ത്രി കെ.ടി. ജലീല്‍ ഒരു പ്രസ്താവന നടത്തി. ഈ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ ഉപയോഗിക്കുന്ന നിഘണ്ടു എല്ലാം ഒന്നാണെന്ന് തോന്നുന്നു. അതുകൊണ്ട് അത്തരം നിഘണ്ടു ഉപയോഗിച്ചിട്ടാണ് അവര്‍ പാര്‍ട്ടി ക്ലാസില്‍ പങ്കെടുക്കുന്നത്. അത്തരം നിഘണ്ടു ഉപയോഗിക്കുന്നവരില്‍നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാന്‍ വയ്യ. എങ്കിലും സംസ്‌കാരമുള്ള ഒരു സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ ഉന്നതമമായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ വളരെ ഔചിത്യപൂര്‍ണമായ പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടുവേണം വിമര്‍ശനങ്ങള്‍ ഉന്നയിക്കാനെന്നും , ഫാദര്‍ പാലക്കാപ്പള്ളി പറഞ്ഞു.
ക്രൈസ്തവര്‍ ഏത് രാഷ്ട്രീയം സ്വീകരിക്കണം, ഏതു നിലപാട് സ്വീകരിക്കണം എന്നു മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല പറയേണ്ടത്. ഏതെങ്കിലും വിരുന്നിനു പോയെന്നതിന്റെ പേരില്‍ ആ രാഷ്ട്രീയ പാര്‍ട്ടിയോടാണു ക്രൈസ്തവ സമൂഹത്തിനു ചായ്‌വ് എന്ന് സ്ഥാപിച്ചെടുക്കേണ്ട താല്‍പ്പര്യം എന്താണ്. ക്രൈസ്തവര്‍ രാജ്യത്തു ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ച് അവരോട് സംസാരിക്കാന്‍ രാജ്യത്തെ പ്രധാനമന്ത്രി ആദ്യമായിട്ട് വിളിക്കുന്ന വിരുന്നു സത്കാരമാണ്. അതില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കേണ്ടതില്ല. അത് രാജ്യത്തോടുള്ള ക്രൈസ്തവരുടെ പ്രതിബദ്ധതയുടെ ഭാഗമാണ്
സജി ചെറിയാന്റെ പ്രസ്താവന കേരളത്തിലെ ക്രൈസ്തവര്‍ക്ക് അത്ര സ്വീകാര്യമല്ലെന്നും പ്രസ്താവനയോടുള്ള ക്രൈസ്തവ സമൂഹത്തിന്റെ നീരസമാണു വ്യക്തമാക്കിയതെന്നും ഫാ.ജേക്കബ് പറഞ്ഞു.
ഭരണഘടനയെ മാനിക്കാത്തതിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ആളാണ് സജി ചെറിയാന്‍. സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ സംബോധന ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ വേണ്ടി മാത്രമുള്ള നിഘണ്ടു അവരുടെ കയ്യിലുണ്ട്. ഇത്തരം നിഘണ്ടു ഉപയോഗിക്കുന്ന ഒരു സ്‌കൂളില്‍നിന്നു വരുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തില്‍നിന്നു കൂടുതല്‍ പ്രതീക്ഷിക്കണ്ട.
കെസിബിസിയുടെ ആസ്ഥാന കാര്യാലയത്തില്‍ ക്രിസ്മസ് കൂട്ടായ്മ നടത്തി. വിവിധ രാഷ്ട്രീയ നേതാക്കള്‍ അതില്‍ പങ്കെടുത്തു. അതിനെ അസഭ്യമാ ഭാഷയിലാണ് കെ.ടി.ജലീല്‍ വിമര്‍ശിച്ചത്. അത്തരം പ്രതികരണങ്ങള്‍ ഭരിക്കുന്ന സംവിധാനത്തില്‍നിന്നു വരുന്നത് ശരിയല്ലെന്നും ഫാദര്‍ ജേക്കബ് പറഞ്ഞു.