ഞാനൊരു പഴയ എസ്.എഫ്.ഐക്കാരൻ

1 min read

രഞ്ജിത്തിനെ തള്ളാനും കൊള്ളാനുമാകാതെ മുഖ്യമന്ത്രിയും സാംസ്‌കാരികവകുപ്പും

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാനായതു മുതൽ തുടങ്ങിയതാണ് വിവാദങ്ങളും. കഴിഞ്ഞ ചലച്ചിത്ര മേളയിലേ തുടങ്ങി അസ്വാരസ്യങ്ങൾ..  ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ”നൻ പകൽ നേരത്ത് മയക്കം” എന്ന സിനിമയുടെ ആദ്യപ്രദർശനത്തിൽ ടിക്കറ്റെടുത്തിട്ടും സീറ്റ് കിട്ടിയില്ല എന്നാരോപിച്ച് ഡലിഗേറ്റുകൾ രംഗത്തെത്തി. അനധികൃതമായി ആളുകളെ തിരുകിക്കയറ്റി സീറ്റുകൾ തീർത്തു എന്നായിരുന്നു അവരുടെ ആരോപണം. പുച്ഛത്തോടെയായിരുന്നു രഞ്ജിത്തിന്റെ മറുപടി.. ”മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററുകളിൽ വരും. അപ്പോൾ എത്രപേർ കാണാനുണ്ടാകുമെന്ന് നമുക്ക് നോക്കാം” ഇതിനെത്തുടർന്ന് മേളയുടെ സമാപന സമ്മേളനത്തിൽ വലിയ കൂവലോടെയാണ് ജനം രഞ്ജിത്തിനെ നേരിട്ടത്. ഇതെല്ലാം കഴിഞ്ഞ് ഒരു ചാനൽ അഭിമുഖത്തിൽ, തന്നെ കൂവിയവരെ നായ്ക്കളോട് ഉപമിച്ചു രഞ്ജിത്ത്.. 

ഇത്തവണത്തെ സംസ്ഥാന അവാർഡ് നിർണയത്തിൽ രഞ്ജിത്തിനെ തേടി വീണ്ടുമെത്തി വിവാദം.. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു ആരോപണം. ജൂറി അംഗമായിരുന്ന നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശവുമായി സംവിധായകൻ വിനയനാണ് കൊടി പിടിച്ച് രംഗത്തെത്തിയത്.. വിനയൻ സംവിധായകൻ ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് ചവറ് പടമാണ്, പുരസ്‌കാര നിർണയത്തിൽ നിന്ന് ഒഴിവാക്കണം എന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടതായി നേമം പുഷ്പരാജ് വ്യക്തമായി പറയുന്നുണ്ട്… ഒത്തു കളിച്ച് ഇഷ്ടക്കാർക്ക് പുരസ്‌കാരം നൽകിയതിനു ശേഷം ജൂറിയംഗം തന്നെ ഇങ്ങനെ പറയാമോ എന്നത് മറ്റൊരു കാര്യം.. വാദിയും പ്രതിയും സാക്ഷിയും എല്ലാം ഇടതു സഹയാത്രികർ.. ആരെയും തള്ളാനും കൊള്ളാനുമാകാതെ സർക്കാർ.. ഒടുവിൽ രഞ്ജിത്ത് ഇതിഹാസ സംവിധായകനാണ് എന്നു പറഞ്ഞ് അദ്ദേഹത്തെ രക്ഷപ്പെടുത്തി വകുപ്പുമന്ത്രി.. അല്ല, സ്വന്തം തടി രക്ഷപ്പെടുത്തി വകുപ്പുമന്ത്രി..

2023ലെ ചലച്ചിത്ര മേള കൊടിയിറങ്ങിയപ്പോൾ മേളയുടെ മഹത്വമോ പ്രദർശിപ്പിച്ച ചിത്രങ്ങളോ അല്ല സിനിമാലോകം ചർച്ച ചെയ്തത്. വാർത്തകളിൽ നിറഞ്ഞത് ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തായിരുന്നു. അദ്ദേഹമുയർത്തിയ വിവാദങ്ങളും. സംവിധായകൻ ഡോ.ബിജുവിനെയും നടൻ ഭീമൻ രഘുവിനെയും പേരെടുത്ത് പറഞ്ഞ് അവഹേളിച്ചു അദ്ദേഹം. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.. ബിജുവിന്റെ അദൃശ്യജാലകങ്ങൾ എന്ന സിനിമയ്ക്ക് ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തിയെന്തെന്ന് ബിജു ആലോചിക്കണമെന്നും വെച്ചങ്ങു കാച്ചി രഞ്ജിത്ത്. ബിജുവുണ്ടോ വെറുതെ വിടുന്നു. ബിജു തിരിച്ചടിച്ചു. കേരളത്തിനും ഇന്ത്യക്കുമപ്പുറം ചലച്ചിത്ര മേളകൾ കണ്ടിട്ടില്ലാത്തവനാണ് രഞ്ജിത്ത്. മാടമ്പിത്തരം കയ്യിൽ വെച്ചാൽ മതി. രഞ്ജിത്തിനെ മാടമ്പിയെന്നു വിളിക്കുക മാത്രമല്ല ഡോ.ബിജു ചെയ്തത്. ചലച്ചിത്ര വികസന കോർപ്പറേഷനിലെ അംഗത്വം രാജി വെക്കുകയും ചെയ്തു.

ഭീമൻ രഘുവിനെ കോമാളിയെന്നും മണ്ടനെന്നുമാണ് രഞ്ജിത്ത് വിശേഷിപ്പിച്ചത്. തമാശ പറഞ്ഞാൽ അത് തമാശയാണെന്ന് മനസ്സിലാക്കാൻ പോലുമുള്ള ബുദ്ധിയില്ലാത്തവൻ. ഭീമൻ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം എഴുന്നേറ്റു നിന്നു കേട്ടതിനെക്കുറിച്ച് രഞ്ജിത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
”15 മിനിട്ട് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റു നിന്ന ഭാഗത്തേക്കു പോലും നോക്കിയില്ല മുഖയമന്ത്രി. സത്യത്തിൽ എനിക്കദ്ദേഹത്തോടുള്ള ബഹുമാനം കൂടിപ്പോകുന്നതും അതുകൊണ്ടാണ്. രഘു അവിടെ ഇരിക്കൂ എന്ന് ഇദ്ദേഹം പറഞ്ഞാൽ അവൻ ആളായിന്ന അങ്ങനെ അദ്ദേഹം ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് രഘു. മസിൽ ഉണ്ടെന്നേയുള്ളൂ. ഞങ്ങൾ എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ്.”
എന്തായാലും രഞ്ജിത്തിന്റെ തന്തയ്ക്കു വിളിച്ചില്ല ഭീമൻ രഘു. രഞ്ജിത്ത് മിടുക്കനാണ്, മിടുമിടുക്കനാണ് എന്ന പ്രസ്താവനയിൽ അദ്ദേഹം പ്രതികരണം ഒതുക്കി. കൂടുതൽ പറഞ്ഞാൽ തന്നെ കൊലപാതകി കൂടിയാക്കിയാലോ എന്ന് ഭയന്നാവും.

അതേ അഭിമുഖത്തിൽ തന്നെ മറ്റൊരു വിവാദത്തിനും തിരികൊളുത്തി രഞ്ജിത്ത്. മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നായ തൂവാനത്തുമ്പികളിലെ ഭാഷയായിരുന്നു രഞ്ജിത്തിനെ വിഷമിപ്പിച്ചത്. ”എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളിൽ മോഹൻലാൽ തൃശൂർ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്. അദ്ദേഹം അതിൽ ഭാഷ അനുകരിക്കുകയാണ് ചെയ്തിരിക്കുന്നത്. പപ്പേട്ടനോ മോഹൻലാലോ അത് നന്നാക്കാൻ ശ്രമിച്ചില്ല” ഇതായിരുന്നു  രഞ്ജിത്തിന്റെ വിമർശനം. ഇതിനു മറുപടിയായി പത്മരാജന്റെ മകൻ തന്നെ രംഗത്തു വന്നു. ലാൽ ഫാൻസിന്റെ വക പൊങ്കാല വേറെയും.

രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങൾ തന്നെ പടപ്പുറപ്പാട് തുടങ്ങി. രഞ്ജിത്ത് എാകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു, ഭരണസമിതിയംഗങ്ങളെ വിശ്വാസത്തിലെടുക്കില്ല എന്നൊക്കെയാണ് അവരുടെ ആക്ഷേപം.. ഭരണസമിതിയംഗം കുക്കു പരമേശ്വരനെ രഞ്ജിത്ത് പരസ്യമായി ശാസിച്ചതും ഈ നീക്കത്തിന് കാരണമായി. രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അവർ സമാന്തര യോഗം ചേർന്നു, സർക്കാരിനു കത്തു നൽകി.. 15 അംഗങ്ങളിൽ 9 പേരും യോഗത്തിലുണ്ടായിരുന്നു.

താൻ ഈ സ്ഥാനത്തിന് യോഗ്യനാണോ എന്ന് സാംസ്‌കാരിക മന്ത്രിയും സർക്കാരും പറയട്ടേ എന്ന നിലപാടിലാണ്‌ രഞ്ജിത്ത്. സർക്കാർ പറഞ്ഞാൽ ആ നിമിഷം താൻ സ്ഥാനമൊഴിയും. എാതായാലും നേരിട്ട് കണ്ട് വിശദീകരണം നൽകാൻ സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി രഞ്ജിത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തവണയും രഞ്ജിത്തിന്റെ രക്ഷയ്‌ക്കെത്തുമോ സാംസ്‌കാരിക വകുപ്പ് എന്ന് ഉറ്റു നോക്കുകയാണ് ഇടതുവശം ചേർന്ന് നടക്കുന്ന സാംസ്‌കാരിക പ്രവർത്തകർ.  കാരണം സിപിഎം നേതൃത്വവുമായി  രഞ്ജിത്തിന് അടുത്ത ബന്ധമാണുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോടു നിന്ന് രഞ്ജിത്ത് മത്സരിക്കുമെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. പ്രദീപ്കുമാർ എം.എൽ.എ.യുടെ സിറ്റിംഗ് സീറ്റായിരുന്നു രഞ്ജിത്തിനുവേണ്ടി കണ്ടുവെച്ചിരുന്നത്. പാർട്ടിക്കുള്ളിലെ ചില അസ്വാരസ്യങ്ങളെ തുടർന്ന് അന്ന് അത് നടക്കാതെ പോയി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ സിപിഎം സ്ഥാനാർത്ഥിയാവും രഞ്ജിത്ത് എന്നും പറഞ്ഞു കേൾക്കുന്നുണ്ട്. അതിനുവേണ്ടിയാകാം താനൊരു എസ്.എഫ്.ഐ.ക്കാരനാണ് എന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു നടക്കുന്നത്. എാതായാലും നവകേരളയാത്ര കഴിഞ്ഞ് മുഖ്യമന്ത്രിയും പരിവാരങ്ങളും എത്താൻ കാത്തിരിക്കുകയാണ് ചലച്ചിത്ര അക്കാദമിയും ഇടത് സാംസ്‌കാരിക പ്രവർത്തകരും. മുഖമന്ത്രി രഞ്ജിത്തിനെ തള്ളുമോ അതോ കൊള്ളുമോ? കാത്തിരിക്കാം

Related posts:

Leave a Reply

Your email address will not be published.