ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉല്‍പാദിപ്പിച്ച മരുന്ന് കമ്പനികള്‍ക്ക് പൂട്ടിട്ട് കേന്ദ്രം

1 min read

ഡല്‍ഹി: ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉല്‍പാദിപ്പിച്ച മരുന്ന് കമ്പനികള്‍ക്ക് പൂട്ടിട്ട് കേന്ദ്രം. രാജ്യത്തെ 18 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ലൈസന്‍സ് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ (ഡിസിജിഎഐ) റദ്ദാക്കി. ഇന്ത്യന്‍ നിര്‍മിത വ്യാജ മരുന്നുകള്‍ വിറ്റഴിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നടപടി. ഡിസിജിഐ മരുന്ന് കമ്പനികളില്‍ വ്യാപകമായ പരിശോധന നടത്തിയ ശേഷമാണ് 18 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിയത്. മരുന്ന് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നും ഡിസിജിഐ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ മാസമാണ് ഡിസിജിഐ രാജ്യവ്യാപകമായി മരുന്ന് കമ്പനികളില്‍ പരിശോധന നടത്തിയത്. 20 സംസ്ഥാനങ്ങളിലായി 76 കമ്പനികളില്‍ മരുന്നുകളുടെ ഗുണനിലവാരം പാലിക്കുന്നുണ്ടോയെന്ന് ഡിസിജിഐ പരിശോധന നടത്തി. കേന്ദ്ര സംസ്ഥാനങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ 26 കമ്പികള്‍ക്ക് നോട്ടീസ് നല്‍കിയിരിന്നു. ഇതിനു പിന്നാലെയാണ് നടപടി.

ഇന്ത്യയില്‍ നിന്നും നിര്‍മ്മിക്കുന്ന മരുന്നുകള്‍ കഴിച്ച് വിവിധ രാജ്യങ്ങളില്‍ മരണവും ഗുരുതര രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഡിസിജിഐ രാജ്യവ്യാപക പരിശോധന നടത്തിയത്. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈഡസ് ലൈഫ്‌സയന്‍സ് എന്ന കമ്പനി 55,000 മരുന്നുകളാണ് യുഎസ് വിപണിയില്‍നിന്ന് തിരിച്ചു വിളിച്ചത്. കൂടാതെ തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ ഉല്‍പാദിപ്പിച്ച കണ്ണിലൊഴിക്കുന്ന മരുന്നുകള്‍ മുഴുവനും തിരിച്ചുവിളിച്ചിരുന്നു. മരുന്നില്‍ അടങ്ങിയ ബാക്ടീരിയ കാഴ്ച നഷ്ടപ്പെടാന്‍ കാരണമാകുന്നുവെന്ന യുഎസ് ആരോഗ്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെയായിരുന്നു നടപടി.

Related posts:

Leave a Reply

Your email address will not be published.