ഗോവിന്ദനോടാണോ കളി?ആ മാദ്ധ്യമ പ്രവര്‍ത്തകയെ തൂക്കിക്കൊല്ലണം

1 min read

വാര്‍ത്തയെഴുതുന്നതിന് മുമ്പ് ഗോവിന്ദനെ കണ്‍സള്‍ട്ട് ചെയ്തായിരുന്നോ?

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് കുറ്റമാണോ? കേരളത്തില്‍ രണ്ടു ദിവസമായി ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണിത്. യാതൊരു സംശയവുമില്ല, ഗുരുതരമായ കുറ്റം തന്നെയാണിത്. പ്രത്യേകിച്ചും കെ.പാസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അതായത് എസ്.എഫ്‌ഐ നേതാവ് പരീക്ഷയെഴുതാതെ പാസ്സായി എന്ന വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരമൊരു വാര്‍ത്ത കിട്ടിയാല്‍ റിപ്പോര്‍ട്ടര്‍മാര്‍ എന്തു ചെയ്യണം? ആദ്യം തന്നെ റിപ്പോര്‍ട്ടര്‍ എ.കെ.ജി.സെന്ററില്‍ ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കാണണം. ഈ വിവരം അദ്ദേഹത്തെ അറിയിക്കണം. ബാക്കിയെല്ലാം ഗോവിന്ദന്‍ മാഷ് പറഞ്ഞു തരും. എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം എന്ന് സിപിഎമ്മും ഗോവിന്ദന്‍ മാഷും പറഞ്ഞു തരും. അതുപോലെ അങ്ങ് എഴുതിപ്പിടിപ്പിച്ചാല്‍ മതി. കൂടുതല്‍ കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട. സിപിഎം പറഞ്ഞു തരുന്നതുപോലെ എഴുതിയില്ലെങ്കില്‍ ക്രിമിനല്‍ കേസും സൈബര്‍ ആക്രമണവും ഒക്കെ പിന്നാലെ വരും. പെണ്ണാണെന്നൊന്നും ഞങ്ങള്‍ നോക്കില്ല. പ്രത്യേകിച്ചും എഴുതിയിരിക്കുന്നത് ആര്‍ക്കെതിരെയാണ്. പി.എം.ആര്‍ഷോക്കെതിരെ. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിക്കെതിരെ. ക്രിമിനല്‍ കേസിലെ പ്രതിക്കെതിരെ. അതും പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് എാകാധിപതി ഭരിക്കുന്ന കേരളത്തില്‍.

ഈ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും യാതൊന്നുമറിയില്ല എന്നതാണ് സത്യം. സിപിഎം ഭരിക്കുന്ന കാലത്തല്ലാതെ ഞങ്ങള്‍ ഇതൊക്കെ ചെയ്യുന്നതെപ്പോഴാണ്. സിപിഎം ഭരിക്കുമ്പോഴല്ലേ ഞങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ഞങ്ങളുടെ ആള്‍ക്കാരെ വിസിയാക്കാന്‍ പറ്റൂ. സിപിഎം ഭരിക്കുമ്പോഴല്ലേ ഞങ്ങളുടെ നേതാക്കളുടെ ഭാര്യമാരെ മുഴുവന്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകരാക്കാന്‍ കഴിയൂ. മത്സരിക്കാതെ ഞങ്ങള്‍ക്ക് യു.യു.സി.യാകാന്‍ ഞങ്ങളുടെ ഭരണകാലത്തല്ലേ പറ്റൂ? ഞങ്ങള്‍ ഭരിക്കുമ്പോഴല്ലേ പി.എസ്.സി. പരീക്ഷാപേപ്പര്‍ തന്നെ ചോര്‍ത്തി മണ്ടന്‍മാരായ എസ്.എഫ്.ഐ.ക്കാരെ പൊലീസുകാരാക്കാന്‍ പറ്റൂ. മറ്റേതെങ്കിലും ഭരണകാലത്ത് ഇവരെ പൊലീസില്‍ തിരുകിക്കയറ്റാന്‍ സാധിക്കുമോ? കോളേജ് അദ്ധ്യാപകരും വിസിയുമാകാന്‍ പുതുതലമുറയില്‍ നിന്നും ആളുകള്‍ വേണ്ടേ? അതിനായി ഈ പിള്ളാരെ പി.ജിക്കാരും പിഎച്ച്ഡിക്കാരുമാക്കണ്ടേ. അതിനായി ഞങ്ങള്‍ സീറ്റുകള്‍ കൂട്ടും, സംവരണം അട്ടിമറിക്കും, പരീക്ഷ എഴുതാത്തവരെ പാസ്സാക്കും. അല്ലെങ്കിലും കേരളത്തിലെ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതു തന്നെ ഞങ്ങള്‍ സിപിഎംകാര്‍ക്കും അണികള്‍ക്കും വേണ്ടിയല്ലേ? ഇതൊക്കെ മനസ്സിലാകാത്തവരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നു വന്നാല്‍ പിന്നെ പാര്‍ട്ടി എന്തു ചെയ്യും. അവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തുക തന്നെ. ഭരിക്കുന്നത് ഞങ്ങളാണല്ലോ? കേസെടുക്കേണ്ടതും ഞങ്ങളാണല്ലോ?

പി.എം.ആര്‍ഷോ പരീക്ഷയെഴുതാതെ പാസ്സാകുന്നത് മാര്‍ച്ച് 27നാണ്. ഈ വിവരം കോളേജ് വെബ്‌സൈറ്റ് വഴിയും തുടര്‍ന്ന് മാധ്യമങ്ങള്‍ വഴിയും പൊതുസമൂഹം അറിയുന്നത് ജൂണ്‍ മാസത്തിലും. പരീക്ഷയെഴുതാത്ത താന്‍ വിജയിച്ച വിവരം ഒരു മാസം കഴിഞ്ഞിട്ടും പി.എം.ആര്‍ഷോ അറിഞ്ഞിട്ടേയില്ല. താന്‍ ജയിച്ചു എന്ന് അദ്ദേഹം അറിഞ്ഞത് മാധ്യമവാര്‍ത്തയെത്തുടര്‍ന്നാണ്. ഒരു മാസം കഴിഞ്ഞിട്ടും താന്‍ ജയിച്ചതില്‍ ആര്‍ഷോയ്ക്ക് പരാതിയുണ്ടായിരുന്നില്ല, കേസുമുണ്ടായിരുന്നില്ല. മാധ്യമവാര്‍ത്തയെ തുടര്‍ന്നാണ് ആര്‍ഷോയ്ക്ക് അപമാനമുണ്ടാകുന്നതും കേസു കൊടുക്കുന്നതും. വിവരം പുറത്തറിഞ്ഞില്ല എങ്കില്‍ ഞങ്ങള്‍ക്ക് അപമാനവുമില്ല, കേസുമില്ല.

ഇനി ഏതെങ്കിലും റിപ്പോര്‍ട്ടര്‍ ഞങ്ങള്‍ക്കെതിരെ വാര്‍ത്തയെഴുതിയാല്‍ ആ റിപ്പോര്‍ട്ടറുടെ മുന്‍കാല രാഷ്ട്രീയ ചരിത്രം കൂടി ഞങ്ങള്‍ ചികഞ്ഞു കൊണ്ടുവരും. അത് പുതിയൊരു തന്ത്രമാണ്. 7 വര്‍ഷത്തെ ഭരണം കൊണ്ട് അധികാരകേന്ദ്രങ്ങള്‍ മുഴുവന്‍ കൈപ്പിടിയിലൊതുക്കിക്കഴിഞ്ഞു. സ്വന്തക്കാരെ മുഴുവന്‍ ജോലിക്കാരാക്കി. താത്കാലിക തസ്തികകളിലും തിരുകിക്കയറ്റുന്നത് പാര്‍ട്ടിക്കാരെ. ഇനി ബാക്കിയുള്ളത് മാധ്യമരംഗമാണ്. അതുകൂടി കൈപ്പിടിയിലൊതുക്കിയാല്‍ പിന്നെ ഞങ്ങള്‍ക്കെതിരെ ആരു വാര്‍ത്ത കൊടുക്കും. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു എന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍ പിന്നെ മാപ്രകള്‍ ഭയന്ന് പിന്‍മാറുമല്ലോ. എസ്.എഫ്.ഐ.ക്കാര്‍ മാത്രമേ ഇനി മുതല്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടര്‍മാരായി ജോലി ചെയ്യാന്‍ പാടുള്ളൂ എന്നുള്ള തിട്ടൂരം കൂടിയാണോ സിപിഎം ഇപ്പോള്‍ പുറത്തെടുക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്ന് വലിയ വായില്‍ നിലവിളിക്കുന്ന ഇടത് ബുദ്ധിജീവികള്‍ തന്നെയാണ് മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നത്. ഇത് നടക്കുന്നത് ഉത്തര കൊറിയയിലോ കമ്മ്യൂണിസ്റ്റ് ചൈനയിലോ അല്ല, പ്രബുദ്ധരായ ജനത ജീവിക്കുന്ന നമ്പര്‍ വണ്‍ കേരളത്തിലാണ് എന്നോര്‍ക്കണം. എഴുതാത്ത പരീക്ഷ ജയിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ മാപ്രകള്‍ക്ക് സ്വാതന്ത്ര്യമില്ലേ? ആര്‍ഷോ പരീക്ഷ ജയിച്ചു എന്നതു മാത്രമല്ല എസ്.എഫ്.ഐ.യെ പ്രതിസന്ധിയിലാക്കിയത്. അവരുടെ നേതാവായിരുന്ന കെ.വിദ്യ വ്യാജ ജോലി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലും പ്രതിക്കൂട്ടിലായിരിക്കുകയാണ് എസ്.എഫ്.ഐ. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ മത്സരിക്കുകപോലും ചെയ്യാത്ത വിദ്യാര്‍ത്ഥിയെ യു.യു.സി.യായി നാമനിര്‍ദ്ദേശം ചെയ്ത കേസിലും പ്രതികള്‍ എസ്.എഫ്.ഐക്കാര്‍ തന്നെ. കത്തിക്കുത്തു കേസിലും, സമാന്തര യൂണിവേഴ്‌സിറ്റി നടത്തിയ കേസിലും, പി.എസ്.സി പരീക്ഷയില്‍ തട്ടിപ്പു നടത്തിയ കേസിലും, ലഹരി ഉപയോഗക്കേസിലും ഒക്കെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് എസ്.എഫ്.ഐ തന്നെ.

സമാനതകളില്ലാത്ത നാശത്തിന്റെ പടുകുഴിയിലേക്കാണ് ഈ പ്രസ്ഥാനം നടന്നെത്തിയിരിക്കുന്നത്. ഇതില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനും മാധ്യമങ്ങളെ ഭയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇപ്പോള്‍ പി.എം.ആര്‍ഷോയുടെ കെ.പാസ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. തങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ ധൈര്യം കാണിക്കരുത് എന്ന ഭീഷണിയും ഇതിനു പിന്നിലുണ്ട്. റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്ത സിപിഎം ക്യാമറാമാനെയും ചാനലിന്റെ എഡിറ്ററെയും വെറുതെ വിട്ടത് ശരിയായില്ല. അവരെക്കെതിരെ കൂടി കേസെടുക്കുകയും തൂക്കി കൊല്ലുകയും വേണമായിരുന്നു.

Related posts:

Leave a Reply

Your email address will not be published.