സങ്കടക്കടലായി താനൂര്‍ തൂവല്‍തീരം, മരണം 22, ഒരു കുടുംബത്തിലെ 9 പേര്‍
1 min readതലകീഴായി മറിഞ്ഞ് ബോട്ട്, കണ്ടെത്തിയത് ഗുരുതരമായ ചട്ടലംഘനം
മലപ്പുറം ജില്ലയിലെ താനൂര്‍ തൂവല്‍തീരത്ത് ഇന്നലെ രാത്രിയോടെയുണ്ടായ ബോട്ടപകടത്തില്‍ മരണമടഞ്ഞത് 22 പേര്‍. അതില്‍ 9 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മരിച്ചതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്‌സും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
അറ്റ്‌ലാന്റിക് എന്ന പേരില്‍ സര്‍വീസ് നടത്തുന്ന ബോട്ടാണ് അപകടം വരുത്തിവെച്ചത്. ഗുരുതരമായ ചട്ടലംഘനമാണ് അപകടത്തെ തുടര്‍ന്ന് ഉയര്‍ന്നു വരുന്നത്. പഴയ മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി ഉപയോഗിക്കുകയായിരുന്നു. സാധാരണയായി ഇത്തരം ബോട്ടുകള്‍ക്ക് അനുമതി നല്‍കാറില്ല. അറ്റ്‌ലാന്റക്ക് അനുമതി ലഭിച്ചതെങ്ങനെയെന്ന് സംശയമുയരുന്നു. ബോട്ട് അനധികൃതമായി സര്‍വീസ് നടത്തുകയാണെന്ന പരാതിയെത്തുടര്‍ന്ന് മുന്‍പ് സര്‍വീസ് നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ഉടമ അധികൃതരെ സ്വാധീനിച്ച് അടുത്ത ദിവസം തന്നെ സര്‍വീസ് ആരംഭിച്ചു. ഇദ്ദേഹം അനുമതിയില്ലാതെ അഴിമുഖത്ത് ആഴം കൂട്ടിയതായും പരാതിയുയരുന്നുണ്ട്. ഉടമ നാസര്‍ ഇന്നലെ മുതല്‍ ഒളിവിലാണ്. താനൂര്‍ പൊലീസ് സ്‌റ്റേഷന്റെ തൊട്ടടുത്താണ് ഇയാള്‍ താമസിക്കുന്നതെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്.
ആളുകളെ കുത്തിനിറച്ചാണ് അറ്റ്‌ലാന്റ പതിവായി സര്‍വീസ് നടത്തുന്നത്. 20 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ ഇന്നലെ കയറിയത് 40ല്‍ അധികം പേര്‍. ലാസ്റ്റ് സര്‍വീസ് ആയതിനാല്‍ ബാക്കിയുള്ള എല്ലാവര്‍ക്കും ചാന്‍സ് നല്‍കി. ടിക്കറ്റ് എടുത്തത് 40 പേരായിരുന്നു. ഇതില്‍ 5 പേര്‍ കയറിയില്ല. കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ടാത്തതിനാല്‍ അവരെ കൂട്ടത്തോടെ കയറ്റുകയായിരുന്നു.
രാത്രി ബോസ് സര്‍വീസ് നടത്താന്‍ അനുമതിയില്ല. പക്ഷേ, ഇവിടെ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി രാത്രി വൈകിയും സര്‍വീസ് നടത്തുകയായിരുന്നു. ബോട്ട് സര്‍വീസ് നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും തൂവല്‍തീരത്തില്ല എന്ന പരാതിയും ഉയരുന്നുണ്ട്. ലൈഫ് ജാക്കറ്റുകളില്ല. മറ്റ് സുരക്ഷാ സംവിധാനങ്ങളില്ല. നീന്തല്‍ അറിയാത്തവരായിരുന്നു യാത്രക്കാര്‍ അധികവും. അഞ്ചുപേര്‍ നീന്തിയാണ് രക്ഷപ്പെട്ടത്.