താമരശ്ശേരി വനം വകുപ്പ് ഓഫീസാക്രമണം: പ്രതികളെ ഡി.വൈ.എസ്.പി.ക്ക് തിരിച്ചറിയില്ലത്രെ
1 min readകോഴിക്കോട് : കസ്തുരി രംഗൻ വിരുദ്ധ സമരത്തിന്റെ പേരിൽ താമരശേരി വനം വകുപ്പ് ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ അവരെ അറസ്റ്റ് ചെയ്ത ഡി.വൈ.എസ്പിക്ക് പോലും തിരിച്ചറിയില്ലത്രെ . ബിഷപ്പ് അടക്കമുള്ള ഉന്നതരെ കേസിൽ നിന്ന് രക്ഷിക്കാൻ നടക്കുന്ന ഉന്നതതല ഗൂഡാലോചനക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തം. ഡോ ഭാർഗവരാമിന്റെ ഫേയ്സ് ബുക്ക് പോസ്റ്റിൽ നിന്ന് ….
“താമരശ്ശേരി വനം വകുപ്പു ഓഫീസ് ആക്രമിച്ച് തീവെച്ച കേസിൽ കൂറുമാറിയവരുടെ മേൽ കർശനനടപടി സ്വീകരിക്കണം….
കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെയുള്ള സമരം എന്ന പേരിൽ ഒരു ബിഷപ്പിന്റെ നേതൃത്വത്തിലും ഗൂഢാലോചനയിലും താമരശ്ശേരി കേന്ദ്രീകരിച്ച് നടന്ന അക്രമ പരമ്പരകളിൽ കുറ്റവാളികളെ രക്ഷപ്പെടുത്താൻ ഒത്താശ ചെയ്തു കൊണ്ട് പോലീസും വനംവകുപ്പും തന്നെ കോടതിയിലെ വിചാരണവേളയിൽ ‘ഓർമക്കുറവും തിരിച്ചറിയായ്കയും’ ഉളുപ്പില്ലാതെ ബോധിപ്പിച്ചിരിക്കുകയാണ്.
പ്രതികളെ ഓർമയില്ലെന്നും തിരിച്ചറിയാൻ കഴിയുന്നില്ലെന്നും പറയുന്നതു ഒന്നോ രണ്ടോ ഉദ്യോഗസ്ഥരല്ല എന്നും അവർ ചില്ലറക്കാരല്ല എന്നുള്ളതും ഗൗരവതരമായ വിഷയമാണ്.
സർവർക്കും പരിചിതരായ ജനപ്രതിനിധികൾ അടക്കമുള്ള പ്രതികളെക്കുറിച്ചാണ് ഈ ‘മഹാന്മാർ’ തിരിച്ചറിയാൻ കഴിയുന്നില്ല എന്നു മൊഴി നൽകിയിരിക്കുന്നത്.
ഈ രണ്ടു ഔദ്യോഗികവിഭാഗങ്ങളുടെയും എല്ലാ വിശ്വാസ്യതയും പരിഹാസ്യമായി തീരുന്ന നിരവധി സംഭവങ്ങൾ ആണ് കഴിഞ്ഞ കുറേ കാലമായി ഇത്തരം കേസുകളിൽ കണ്ടു വരുന്നത്.
ഏതാനും ആഴ്ചകൾക്ക് മുൻപ് കണ്ടവരെ പോലും ചിരപരിതരെ പോലും ഇത്തരത്തിൽ കൂട്ടത്തോടെ മറന്നു പോകുന്ന മറവി രോഗമുള്ളവരെ ഇനിയും സർവീസിൽ ഇരുത്തുന്നത്, ഫലത്തിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യൽ ആണ്.
ഇവരുടെ കൂട്ട മറവി രോഗവും കൂറുമാറലും റിപ്പോർട്ട് ചെയ്തു ഇവർക്കെതിരേ നടപടി സ്വീകരിക്കുവാൻ പ്രോസിക്യൂഷൻ തയ്യാറാകണം.
ഇവിടെ കൂട്ടമറവിരോഗവും കൂറുമാറലും മാത്രമല്ല ഉണ്ടായിട്ടുള്ളത്. കേസ് പൂർണമായും അട്ടിമറിക്കുന്നതിന്റെ ഭാഗമായി, കേസ് ഡയറിയും കേസ് സംബന്ധിച്ച ഇതര രേഖകളും തെളിവുകളും നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. താമരശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നും ഡിവൈഎസ്പി ഓഫീസിൽ നിന്നും ഇവ ഒരുപോലെ നഷ്ടപ്പെടണമെങ്കിൽ ഇതിൽ വലിയൊരു ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ട്.
അറസ്റ്റിന് നേതൃത്വം നൽകിയ ജെയ്സൺ ഏബ്രഹാം എന്ന ഡിവൈഎസ്പി തന്നെ കൂറുമാറുകയും അയാളുടെ ഓഫീസിലെ രേഖകൾ തന്നെ കാണാതാവുകയും ചെയ്യുന്നതിൽ നിന്നും എന്താണ് വ്യക്തമാകുന്നത്?
അതിഗുരുതരമായ സംഘടിത അഴിമതിയും തെളിവു നശിപ്പിക്കലും പ്രഥമദൃഷ്ട്യാ തന്നെ ബോധ്യമാകുന്ന ഈ വിഷയത്തിൽ പ്രത്യേക കേസ് ചാർജ് ചെയ്യുവാനും കഴിയേണ്ടതാണ്.
ഡോ: ഭാർഗവ റാം