തമന്നയുടെ മലയാളം അരങ്ങേറ്റം ദിലീപിനൊപ്പം.

1 min read

തെന്നിന്ത്യന്‍ നായികനിരയിലെ സൂപ്പര്‍താരം തമന്ന ഭാട്ടിയ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ദിലീപ് നായകനാവുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇത്. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് ഇന്ന് നടന്നു. ദിലീപിന്റെ കരിയറിലെ 147ാം ചിത്രമാണ് ഇത്. ഒട്ടേറെ മാസ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

സ്വിച്ചോണിന് ദിലീപ്, തമന്ന, ഉദയകൃഷ്ണ, നടന്‍ സിദ്ദിഖ് തുടങ്ങിവര്‍ എത്തിയിരുന്നു. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അരുണ്‍ ഗോപി. 2017ല്‍ പുറത്തെത്തിയ ചിത്രത്തിന്റെ തിരക്കഥ സച്ചിയുടേത് ആയിരുന്നു. ബോക്‌സ് ഓഫീസില്‍ വലിയ വിജയവുമായിരുന്നു ഈ ചിത്രം.

പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

Related posts:

Leave a Reply

Your email address will not be published.