ഗവർണറുടെ അനുമതിയില്ല: കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ് ബിൽ നാളെ സഭയിൽ അവതരിപ്പിക്കില്ല
1 min read
തിരുവനന്തപുരം : കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കില്ല. ഗവർണർ അവതരണാനുമതി നൽകാത്തതിനെ തുടർന്നാണ് തീരുമാനം. കാലിക്കറ്റ് സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടത്താതെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി താൽക്കാലിക സിൻഡിക്കറ്റ് രൂപീകരിക്കാനുള്ള ഭേദഗതി ബില്ലാണ് നാളെ നിയമസഭയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. സർക്കാരിന്റെ സഞ്ചിതനിധിയിൽ നിന്ന് അധികതുക ചെലവാക്കേണ്ടതിനാൽ ഭരണഘടനയുടെ 299(1) വകുപ്പ് പ്രകാരം ബില്ല് നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി ആവശ്യമാണ്. എന്നാൽ ഗവർണർ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഹൈദരാബാദിലേക്കു പോയ അദ്ദേഹം മാർച്ച് 2നേ തിരിച്ചെത്തൂ.
പ്രതിപക്ഷത്തെ ഒഴിവാക്കാനാണ് സർക്കാർ പുനഃസംഘടനാ ബിൽ കൊണ്ടു വരുന്നതെന്ന് ആരോപണമുണ്ട്. എക്സ് ഒഫിഷ്യോ അംഗങ്ങളെ കൂടാതെ 13പേരെ പുതുതായി നാമനിർദ്ദേശം ചെയ്യുന്നതായിരുന്നു ബില്ല്. പ്രതിപക്ഷ അംഗങ്ങൾ തെരഞ്ഞെടുപ്പിൽ വരുന്നത് ഒഴിവാക്കാനും, സർവകലാശാല ഭരണം സിപിഎമ്മിന്റെ നിയന്ത്രണത്തിലാക്കാനുമാണ് തെരഞ്ഞെടുപ്പ് നടത്താതെ പുനഃസംഘടനാ ബിൽ അവതരിപ്പിക്കുന്നത്. ഇതു മനസ്സിലാക്കിയാണ് ഗവർണർ അവതരണാനുമതി നിഷേധിച്ചത്.