താനൂർ ബോട്ടപകടം, വിറങ്ങലിച്ച് പരപ്പനങ്ങാടി
1 min readമരിച്ചത് കുന്നുമ്മൽ വീട്ടിൽ 9 പേരും ചെട്ടിക്കുത്ത് വീട്ടിൽ 4 പേരും
താനൂർ തൂവൽതീരത്ത് ഇന്നലെയുണ്ടായ ബോട്ടപകടത്തിന്റെ ഞെട്ടൽ മാറാതെ പരപ്പനങ്ങാടിയും പരിസരപ്രദേശങ്ങളും. പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിൽ നിന്നും 9 പേരാണ് തൂവൽതീരത്ത് പൂരപ്പുഴയിൽ പൊലിഞ്ഞത്. തൊട്ടടുത്തുള്ള ചെട്ടിപ്പടിയിൽ നിന്ന് അമ്മയും 3 മക്കളുമടക്കം 4 പേർ മരണമടഞ്ഞു.
പരപ്പനങ്ങാടിയിൽ മരണമടഞ്ഞ 9 പേർ കുന്നുമ്മൽ വീട്ടിൽ സെയ്തലവിയുടെ രണ്ട് സഹോദരൻമാരുടെ ഭാര്യമാരും മക്കളുമാണ്. ഇവരുടെ ബന്ധുക്കളായ മറ്റ് 2 പേർ കൂടി മരണമടഞ്ഞവരിലുണ്ട്. ഇവിടെ നിന്നും 12 പേരാണ് ഇന്നലെ തൂവൽ തീരത്ത് വിനോദയാത്രയ്ക്ക് പോയത്. സാധാരണ മത്സ്യത്തൊഴിലാളി കുടുംബമാണ് െസയ്തലവിയുടേത്. ദൂരയാത്രകൾക്കൊന്നും പോകുന്ന പതിവില്ല. ഇന്നലെ ഞായറാഴ്ചയായതുകൊണ്ട് കുട്ടികളുടെ നിർബന്ധം കാരണം തൂവൽതീരത്തേക്ക് പോവുകയായിരുന്നു. വളരെയടുത്തല്ലേ എന്ന ചിന്തയാണ് അവരെ അങ്ങോട്ട് ആകർഷിച്ചത്. ഇത് അവസാനയാത്രയാണ് എന്ന് അവരറിഞ്ഞില്ല. ഒൻപത് പേർ ഒരുമിച്ച് യാത്രയാകുന്ന രംഗം കണ്ട് തേങ്ങലടക്കാൻ പാടുപെടുകയാണ് പരപ്പനങ്ങാടിയിൽ എത്തിയവർ. കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ട് അവർ വാവിട്ടു കരയുന്നു. ഒൻപതുപേരുടെയും മൃതദേഹങ്ങൾ അടുത്തടുത്തായാണ് കബറടക്കുന്നത്.
പരപ്പനങ്ങാടിയ്ക്ക് വളരെയടുത്താണ് ചെട്ടിപ്പടി. ഇവിടെ നിന്നും 4 പേരാണ് വിനോദയാത്രയ്ക്കിടെ പൊലിഞ്ഞു പോയത്. ചെട്ടിക്കുത്ത് വീട്ടിൽ ആയിഷാബിയും മൂന്ന് മക്കളുമാണ് മരണമടഞ്ഞത്. അവരുടെ മാതാവ് സീനത്തും മറ്റൊരു മകനും ആശുപത്രിയിൽ ചികിത്‌സയിലാണ്. ഇവർ 6 പേരും ചേർന്നാണ് ഇന്നലെ തൂവൽതീരത്തെത്തിയത്. വീടിനടുത്തുതന്നെയുള്ള ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു ആയിഷാബി. അവധി ദിവസമായതുകൊണ്ട് ഉമ്മയെയും മക്കളെയും കൂട്ടി പുറത്തു പോയതാണ്. അവർക്കൊരു എൻജോയ്‌മെന്റ് ആകട്ടെ എന്നു കരുതി. പക്ഷേ, ആ ഉല്ലാസയാത്ര ആയിഷാബിയുടെയും മൂന്ന് മക്കളുടെയും ജീവനെടുത്തു.
അടുത്തിടെയാണ് താനൂരിലെ തൂവൽതീരം വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചത്. പൂരപ്പുഴ അറബിക്കടലിൽ ചേരുന്ന പ്രദേശമാണ് കെട്ടുങ്ങൽ അഴിമുഖം. മനോഹരമായ ഭൂപ്രകൃതി. അടുത്തിടെയാണ് ഈ പ്രദേശം തൂവൽതീരം എന്ന പേരിൽ വിനോദസഞ്ചാരമേഖലയായത്. കേട്ടറിഞ്ഞ് പ്രദേശവാസികൾ തന്നെ ധാരാളമായി ഇവിടെയെത്തുന്നുണ്ട്. എന്നാൽ ബോട്ട് സർവീസ് നടത്തുന്നതിനുള്ള പ്രാഥമിക സൗകര്യങ്ങളൊന്നും ഇവിടെയില്ല എന്നാണ് നാട്ടുകാർ തന്നെ പറയുന്നത്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ, തട്ടിക്കൂട്ടു സൗകര്യങ്ങളോടെയാണ് ബോട്ട് സർവീസ് നടത്തിയിരുന്നത്. അതാണ് ഇത്തരമൊരു വലിയ ദുരന്തത്തിന് ഇടയാക്കിയത്. ബോട്ടിൽ കുത്തിനിറച്ചുള്ള യാത്ര. ആർക്കും ലൈഫ് ജാക്കറ്റുകൾ നൽകിയിരുന്നില്ല. അപകടമുണ്ടായാൽ രക്ഷപ്പെടുത്താനുള്ള സുരക്ഷാ ഗാർഡുകളോ ബോട്ടോ ഇല്ല. ബോട്ടാണെങ്കിൽ മത്സ്യബന്ധന യാനത്തിന് രൂപമാറ്റം വരുത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ കൃത്യമായ കണക്കില്ല. ബോട്ടുടമയുടെ ലാഭക്കൊതിയിൽ പൊലിഞ്ഞത് ഒരുപാട് കുടുംബങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്.