സിനിമ സീരിയല്‍ താരം
ലോകേഷിനെ ബസ്സ്റ്റാന്‍ഡില്‍
മരിച്ച നിലയില്‍ കണ്ടെത്തി

1 min read

ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകപ്രീതി നേടിയ തമിഴ് നടന്‍ ലോകേഷ് രാജേന്ദ്രന്‍ (34) മരിച്ചു. നൂറ്റിയന്‍പതോളം സീരിയലുകളിലും 15 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെത്തുടര്‍ന്നുള്ള ആത്മഹത്യയാണോ ഇതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പൊലീസ് കേസ് എടുത്തിട്ടുണ്ട്.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ലോകേഷ് കടുത്ത മദ്യാസക്തിയിലേക്ക് എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ചെന്നൈ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പലപ്പോഴും കിടന്നുറങ്ങിയിരുന്ന ഇദ്ദേഹത്തെ പലരും തിരിച്ചറിഞ്ഞിരുന്നു. തിങ്കളാഴ്ചയും ഇതേ സ്ഥലത്ത് ഇദ്ദേഹത്തെ ശാരീരികാസ്വാസ്ഥ്യത്തോടെ കാണപ്പെട്ട ചിലര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

മകനും ഭാര്യക്കുമിടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് ഒരു മാസം മുന്‍പാണ് താന്‍ മനസിലാക്കിയതെന്ന് ലോകേഷിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. മരണത്തിന് നാല് ദിവസങ്ങള്‍ക്കു മുന്‍പ് ഭാര്യയില്‍ നിന്ന് ലോകേഷിന് വിവാഹ മോചനത്തിനുള്ള ഒരു നോട്ടീസും ലഭിച്ചിരുന്നു. മകന് വിഷാദരോഗം ഉണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് അവസാനം കണ്ടതെന്നും കുറച്ച് പണം വേണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം നല്‍കി എന്നും ഒരു എഡിറ്റര്‍ എന്ന നിലയില്‍ ജോലി ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞിരുന്നു എന്ന് ലോകേഷിന്റെ പിതാവ് പോലീസിനോട് പറഞ്ഞു.

ബാലതാരമായിരുന്നപ്പോള്‍ അഭിനയിച്ച മര്‍മദേശം എന്ന പരമ്പരയിലെ വേഷമാണ് ലോകേഷിന്റേതായി ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയത്. പല കഥകള്‍ പറഞ്ഞ മിസ്റ്ററി ത്രില്ലര്‍ പരമ്പരയില്‍ വിടത്ത് കറുപ്പ് എന്ന ഭാഗത്തിലെ രാസ് എന്ന കഥാപാത്രത്തെയാണ് ലോകേഷ് അതില്‍ അവതരിപ്പിച്ചത്. 1996 ലാണ് ഈ സീരിയല്‍ സംപ്രേഷണം ചെയ്തത്. വിടത്ത് കറുപ്പിന്റെ അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ പരമ്പരയുടെ 25ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒത്തുകൂടിയിരുന്നു. ലോകേഷിന് രണ്ട് കുട്ടികളും ഉണ്ട്.

Related posts:

Leave a Reply

Your email address will not be published.