അനധികൃത മദ്യനിര്‍മ്മാണം; പിടിച്ചെടുത്തത് 400 കുപ്പി മദ്യം, കുവൈത്തില്‍ നാലുപേര്‍ അറസ്റ്റില്‍

1 min read

കുവൈത്ത് സിറ്റി: കുവൈത്തില്‍ 400 കുപ്പി മദ്യം പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മദ്യനിര്‍മ്മാണ ശാല കണ്ടെത്തിയത്. കബ്ദ് പ്രദേശത്തെ മദ്യനിര്‍മ്മാണശാല നടത്തിയ നാലുപേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വില്‍പ്പനയ്ക്കായി ഉണ്ടാക്കി സൂക്ഷിച്ച 400 കുപ്പി മദ്യം ജഹ്‌റ ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

അതേസമയം കഴിഞ്ഞ ദിവസം രാകുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 23,000 കുപ്പി മദ്യം കസ്റ്റംസ് അധികൃതര്‍ പിടികൂടിയിരുന്നു. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചായിരുന്നു പരിശോധന. 15 ലക്ഷത്തിലധികം കുവൈത്തി ദിനാര്‍ വിലവരുന്നതാണ് പിടികൂടിയ മദ്യമെന്ന് കസ്റ്റംസ് അറിയിച്ചു. ശുവൈഖ് തുറമുഖത്താണ് വന്‍ മദ്യവേട്ട നടന്നത്. ഒരു ഏഷ്യന്‍ രാജ്യത്തു നിന്ന് എത്തിയ രണ്ട് കണ്ടെയ്‌നറുകളിലായിരുന്നു മദ്യം ഒളിപ്പിച്ച് കൊണ്ടുവന്നത്. മറ്റ് സാധനങ്ങളെന്ന വ്യാജേന തുറമുഖത്ത് എത്തിച്ച കണ്ടെയ്‌നറുകള്‍ കസ്റ്റംസ് അധികൃതര്‍ തുറന്നു പരിശോധിക്കുകയായിരുന്നു.

വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു വിവിധ ബ്രാന്‍ഡുകളുടെ മദ്യക്കുപ്പികളുണ്ടായിരുന്നത്. വിശദ പരിശോധനയില്‍ 23,000 കുപ്പി മദ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കള്ളക്കടത്തിന് ശ്രമിച്ചവരെ അറസ്റ്റ് ചെയ്തതായും കുവൈത്ത് കസ്റ്റംസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.