പൂക്കോട് ക്യാംപസില്‍ നടന്നത് താലിബാന്‍ മോഡല്‍ വിചാരണയും കൊലപാതകവും: വി. മുരളീധരന്‍
1 min readനെടുമങ്ങാട്: സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അന്വേഷണം നിഷ്പക്ഷമായി പോകുമെന്ന് മാതാപിതാക്കളുടെ മുഖത്ത് നോക്കി പറയാന്‍ പിണറായി വിജയനാവില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് മോഡല്‍ വിചാരണയും കൊലപാതകവുമാണ് പൂക്കോട് ക്യാംപസില്‍ നടന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്ന ആവശ്യമുയര്‍ത്തി നെടുമങ്ങാട് നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ആഡംബര ബസില്‍ യാത്ര ചെയ്ത പിണറായി, നെടുമങ്ങാട് വന്ന് എന്തുകൊണ്ട് സിദ്ധാര്‍ഥിന്റെ മാതാപിതാക്കളെ കണ്ടില്ലെന്ന് മുരളീധരന്‍ ചോദിച്ചു. എസ്എഫ്‌ഐയുടെ ക്രിമിനല്‍ സംഘത്തെ രക്ഷപെടുത്താന്‍ സിപിഎമ്മിന് ബാധ്യതയുണ്ടെന്ന് പിണറായിക്ക് ബോധ്യമുണ്ട് .
മകന് നീതി തേടി അലഞ്ഞ ഈച്ചരവാര്യരെ പോലെ സിദ്ധാര്‍ഥിന്റെ അച്ഛന്‍ ജയപ്രകാശ് നടത്തുന്ന പോരാട്ടത്തിന് പിന്തുണ നല്‍കും. എസ്എഫ്‌ഐ എന്നാല്‍ ക്രിമിനല്‍ കൂട്ടമാണെന്ന് ഗവര്‍ണര്‍ പറഞ്ഞത് എന്തുകൊണ്ടെന്ന് ഇപ്പോള്‍ കേരളത്തിന് ബോധ്യമായി. കേരളത്തിലെ ലഹരിമാഫിയയുടെ വിതരണക്കാര്‍ എസ്എഫ്‌ഐ ആണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ മുച്ചൂടും മുടിക്കുന്ന ക്രിമിനല്‍ സംഘത്തിന്റേ പേരാണ് എസ്എഫ്‌ഐ എന്നും വി.മുരളീധരന്‍ പറഞ്ഞു.