എല്ലാം ജോത്സ്യന്റെ പ്രവചനം പോലെ
1 min readഞങ്ങള്‍ എതിര്‍ത്തപ്പോള്‍ സൂര്യ ശപഥമെടുത്തു
പരിഹാസങ്ങളെ അടിത്തറയാക്കിയാണ് നടന്‍ എന്ന രീതിയില്‍ തന്റേതായ സാമ്രാജ്യം സൂര്യ കെട്ടിപടുത്തത്. ഇരുപത്തിയേഴ് വര്‍ഷത്തെ കഠിനാധ്വാനമാണ് ഇന്ന് താരത്തിന് ലഭിച്ചിരിക്കുന്ന സ്റ്റാര്‍ഡം. പ്രേക്ഷകരും ആരാധകരും അറിയാത്ത സൂര്യയുടെ ജീവിതത്തിലെ ചില സംഭവങ്ങളെ കുറിച്ച് അടുത്തിടെ താരത്തിന്റെ അച്ഛനും നടനും നിര്‍മാതാവുമായ ശിവകുമാര്‍ വെളിപ്പെടുത്തുകയുണ്ടായി.
സൂര്യയുടെ ജീവിതം പ്രവചിച്ച ജ്യോത്സ്യനെ കുറിച്ചാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ശിവകുമാര്‍ വെളിപ്പെടുത്തിയത്. ‘സൂര്യ ചെറുപ്പത്തില്‍ വളരെ നിശബ്ദനായിരുന്നു. അവന് ഒന്നിനോടും താല്‍പ്പര്യമില്ലായിരുന്നു. ഈ സമയത്താണ് ഞാന്‍ അവന്റെ ജാതകം എടുത്ത് ജ്യോതിഷിയുടെ അടുത്തേക്ക് പോയത്.’
‘ജാതകം നോക്കിയ ജ്യോത്സ്യന്‍ സിനിമയില്‍ സൂര്യ ബിസിനസ് ചെയ്യുമെന്ന് പറഞ്ഞു. ഞാന്‍ വളരെ ആശ്ചര്യപ്പെട്ടു. സൂര്യ ആരോടും അധികം സംസാരിക്കാറില്ല എന്നതാണ് കാരണം. ഇവനെങ്ങനെ ബിസിനസില്‍ എത്തുമെന്ന് ഞാന്‍ ചിന്തിച്ചു. ശേഷം ഞാന്‍ ജ്യോത്സ്യനോട് സൂര്യ ഭാവിയില്‍ എന്തായിത്തീരുമെന്ന് ചോദിച്ചു. മുഖം കൊണ്ട് പണമുണ്ടാക്കുമെന്നാണ് ജ്യോത്സ്യന്‍ പറഞ്ഞ മറുപടി.’
‘ഞാന്‍ ഉടനെ അവന്‍ അഭിനയിക്കുമോയെന്ന് ചോദിച്ചു. അദ്ദേഹം അതെ എന്ന് മറുപടി നല്‍കി. നിങ്ങളെക്കാള്‍ മികച്ച നടനായി സൂര്യ അറിയപ്പെടും. നിങ്ങളേക്കാള്‍ കൂടുതല്‍ സമ്പാദിക്കും. നിങ്ങളേക്കാള്‍ കൂടുതല്‍ അവാര്‍ഡുകള്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പറഞ്ഞശേഷം മടിച്ച് മടിച്ച് ഒരു കാര്യം കൂടി ആ ജ്യോത്സ്യന്‍ പറഞ്ഞു. സൂര്യ പ്രണയിച്ച് വിവാഹം കഴിക്കുമെന്നാണ് അദ്ദേഹം അന്ന് പ്രവചിച്ചത്.’
‘പിന്നീട് ജ്യോത്സ്യന്‍ പറഞ്ഞതുപോലെ സൂര്യ വലിയ നടനായി. ഉയര്‍ന്ന പ്രതിഫലം വാങ്ങി. പ്രണയിച്ച് വിവാഹം കഴിച്ചു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം ഞങ്ങള്‍ ആ ജ്യോത്സ്യനെ അന്വേഷിച്ച് പോയി അയാള്‍ക്ക് ഷര്‍ട്ട് നല്‍കി. സൂര്യയും ജ്യോതികയും പ്രണയത്തിലായശേഷം ഞങ്ങളുടെ സമ്മതത്തിനായി അവര്‍ ഏകദേശം നാല് വര്‍ഷത്തോളം കാത്തിരുന്നു.’
‘ഒരു ഘട്ടത്തില്‍ സമ്മതിക്കില്ലെന്ന് തോന്നിയപ്പോള്‍ വിവാഹം കഴിക്കുവാണേല്‍ ഞങ്ങള്‍ പരസ്പരം വിവാഹം കഴിക്കും. ഇല്ലെങ്കില്‍ അവസാനം വരെ ഞങ്ങള്‍ ഇങ്ങനെ തന്നെ ഇരിക്കുമെന്ന് സൂര്യ ഞങ്ങളോട് പറഞ്ഞു. അവന്റെ ആ വാക്ക് ഞങ്ങളുടെ മനസില്‍ തറച്ചു. ഒരു മകന്‍ തന്റെ കര്‍ത്തവ്യങ്ങളെല്ലാം നിര്‍വ്വഹിച്ചിട്ടും ഒറ്റയ്ക്ക് ജീവിക്കുന്നത് ശരിയല്ലല്ലോ.’
‘മാത്രമല്ല അവന്റെ അവകാശങ്ങള്‍ എടുത്തുകളയാന്‍ ഇവിടെ ആര്‍ക്കും അനുവാദമില്ല. അങ്ങനെയാണ് ഞങ്ങള്‍ അവരുടെ വിവാഹത്തിന് സമ്മതിച്ചത്’, എന്നാണ് സൂര്യയെ കുറിച്ചും ജ്യോതികയെ കുറിച്ചും ശിവകുമാര്‍ പറഞ്ഞത്. ഇന്ന് ഏറ്റവും നല്ല ദാമ്പത്യ ജീവിതം നയിക്കുന്ന ജോഡിയാണ് സൂര്യയും ജ്യോതികയും. ഇരുവരും മക്കളുടെ പഠനത്തിനും മറ്റുമായി ഇപ്പോള്‍ മുംബൈയില്‍ സെറ്റില്‍ഡാണ്.